കോഴഞ്ചേരി: ആറന്മുള ഉത്തൃട്ടാതി ജലമേള ട്രാക്കിലെ മണ്‍കൂനകള്‍ നീക്കം ചെയ്യുമെന്ന സര്‍ക്കാര്‍ ഉറപ്പ് ജലരേഖയായി. മണ്‍പുറ്റുകള്‍ നീക്കാത്തത് മൂലം വള്ളസദ്യ വഴിപാടില്‍ പങ്കെടുക്കാനെത്തുന്ന പള്ളിയോടങ്ങള്‍ക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ജൂലൈ 31നുള്ളില്‍ മണ്‍കൂനകള്‍ മാറ്റുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. ആറന്മുള എംഎല്‍എ കെ. ശിവദാസന്‍ നായരുടെ സാനിദ്ധ്യത്തില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് ഈ തീരുമാനമെടുത്തിരുന്നത്.
ഉത്തൃട്ടാതി ജലമേളയ്ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ സര്‍ക്കാരിന്റെ നിസംഗത പള്ളിയോട പ്രേമികളില്‍ അമര്‍ഷം ഉയര്‍ത്തിയിട്ടുണ്ട്. ഇക്കാര്യത്തില്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് പള്ളിയോടസേവാസംഘം ജലവിഭവ മന്ത്രി പി.ജെ. ജോസഫിനും നിവേദനം നല്‍കിയിരുന്നു. വള്ളസദ്യവഴിപാടിന്റെയും ജലമേളയുടെയും പശ്ചാത്തലത്തി ല്‍ ജില്ലയില്‍ വിളിച്ചുചേര്‍ത്ത അവലോകനയോഗത്തിലും ഇതുസംബന്ധിച്ച ഉറപ്പ് നല്‍കിയിരുന്നു. ജലമേളയുടെ ഫിനിഷിംഗ് പോയിന്റായ സത്രക്കടവിന് ശേഷം പള്ളിയോടങ്ങള്‍ ചവിട്ടിത്തിരിയുന്ന പരിയാരത്തു കടവു മുതല്‍ കോയിക്കല്‍ കടവുവരെയുള്ള ഭാഗത്ത് കൂനകള്‍ തടസമായി നില്‍ക്കുകയാണ്.
ഈ ആവശ്യത്തിനനുവദിക്കുന്ന തുക ഉപകാരപ്രദമല്ലാത്ത രീതിയില്‍ ചെലവഴിക്കുന്നതില്‍ ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ കരാറുകാരുമായി ഒത്തുകളിക്കുകയാണെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ അടിയന്തര ശ്രദ്ധവേണമെന്ന് പള്ളിയോട സേവാ സംഘം ആവശ്യപ്പെട്ടിരുന്നതാണ്. ജലനിരപ്പ് ഇനിയും താഴ്ന്നാല്‍ ക്ഷേത്രക്കടവുള്പ്പടെ ജലമേള ട്രാക്കില്‍ മണ്‍കൂനകള്‍ തെളിഞ്ഞുവരാനുള്ള സാധ്യതയുണ്ട്. തിരുവോണത്തോണിക്ക് അകമ്പടി സേവിക്കാന്‍ വെളുപ്പിന് എത്തുന്ന പള്ളിയോടങ്ങള്‍ ഇതുമൂലം അപകടത്തില്‍ പെടുമെന്നും ഭയപ്പെടുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: