ഹരിപ്പാട്: മതിയായ രേഖകളില്ലാതെ കടത്തിയ 38.5 ലക്ഷം രൂപ വിലമതിക്കുന്ന 68 കിലോ വെള്ളി ആഭരണങ്ങളുമായി രണ്ടുപേരെ പോലീസ് പിടികൂടി.
തമിഴ്നാട് സേലം സ്വദേശികളായ ശെല്വന് (45), ഉദയകുമാര്‍ (25) എന്നിവരെയാണ് പിടികൂടിയത്. സേലത്ത് നിന്നും കൊല്ലം ശരണ്യാ സില്‍വര്‍ വര്‍ക്സ് എന്ന സ്ഥാപനത്തിലേക്കാണ് വെള്ളി ഉരുപ്പടികള്‍ കൊണ്ടുപോയതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. ഇന്നലെ രാവിലെ 10ന് ദേശീയപാതയില്‍ നങ്ങ്യാര്‍കുളങ്ങര ജങ്ങ്ഷനില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ട്രാവല്‍സും ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വാഹനത്തില്‍ നിന്ന് ഇവര്‍ പുറത്തിറങ്ങിയപ്പോള്‍ ഇരുവരുടെയും ബാഗിന്റെ ഭാരത്തില്‍ സംശയം തോന്നിയ ഹൈവേ പോലീസ് എസ്ഐ ജോണ്‍ സി.ജേക്കബ് പരിശോധിച്ചപ്പോഴാണ് രേഖകളില്ലാത്ത വെള്ളി ആഭരണങ്ങളാണെന്ന് മനസിലായത്. തുടര്‍ന്ന് സിഐ കെ.എസ്. ഉദയഭാനുവിന്റെ നേതൃത്വത്തില്‍ നടന്ന വിശദമായ പരിശോധനയിലാണ് മൂന്ന് ബാഗുകളിലായി 12 പ്ലാസ്റ്റിക് കവറുകളില്‍ സൂക്ഷിച്ചിരുന്ന വിവിധ മാതൃകയിലുള്ള 68 കിലോ വെള്ളി ആഭരണങ്ങള്‍ കണ്ടെത്തിയത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് കൊണ്ടുവരുന്ന ഇത്തരം സാമഗ്രികള്‍ക്ക് 15 ശതമാനം നികുതിയടയ്ക്കണം. ഇത് വെട്ടിക്കുന്നതിനായാണ് വാഹനത്തി ല്‍ കടത്തിയത്. പ്രതികളെയും വെള്ളിയാഭരണങ്ങളും ചെങ്ങന്നൂര്‍ വാണിജ്യനികുതി ഇന്റലിജന്റ്സ് സ്പെഷ്യല്‍ സ്ക്വാഡിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: