ന്യൂദല്‍ഹി: നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുന്നതിന് കേന്ദ്ര മന്ത്രിസഭാ സമിതി അനുമതി നല്കി. 1.83 ലക്ഷം കോടി രൂപ മൂല്യം വരുന്ന 36 വന്‍കിട പദ്ധതികള്‍ക്കാണ് നിക്ഷേപക മന്ത്രിസഭാ സമിതിയുടെ അനുമതി ലഭിച്ചതെന്ന് കേന്ദ്ര ധനകാര്യ മന്ത്രി പി.ചിദംബരം പറഞ്ഞു.
83,772 കോടി രൂപ ചെലവ് വരുന്ന 18 വൈദ്യുത പദ്ധതികള്‍ക്കും 92,541 കോടി രൂപയുടെ നിക്ഷേപം കണക്കാക്കുന്ന 9 അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്കുമാണ് സിസിഐ അനുമതി നല്‍കിയത്. കൂടുതല്‍ പദ്ധതികള്‍ക്ക് അനുമതി നല്‍കുക വഴി നിക്ഷേപക ചക്രം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്നും ചിദംബരം പറഞ്ഞു. 18 ഊര്‍ജ്ജ പദ്ധതികള്‍ക്ക് വേണ്ടിയുള്ള ഇന്ധന വിതരണ കരാറില്‍ സപ്തംബര്‍ ആറിന് ഒപ്പുവയ്ക്കും.
സിസിഐയുടെ അനുമതി ലഭിച്ച 30 ശതമാനത്തോളം പദ്ധതികള്‍ക്ക് ബാങ്ക് ഫണ്ട് ലഭിക്കേണ്ടതുണ്ടെന്നും ചിദംബരം അറിയിച്ചു. 18 വൈദ്യുത പദ്ധതികള്‍ക്ക് വേണ്ടി 30,000 കോടി രൂപയുടെ ഫണ്ട് ബാങ്കുകള്‍ ഇതിനോടകം അനുവദിച്ചിട്ടുണ്ട്.
ജിഎംആര്‍ കൃഷ്ണഗര്ഹ് എക്സ്പ്രസ് വേയ്ക്ക് സപ്തംബര്‍ 15 ന് അനുമതി നല്‍കും. സസന്‍ പദ്ധതിയിക്ക് ഒന്നാം ഘട്ട അനുമതി ലഭിച്ചതായും ചിദംബരം പറഞ്ഞു.
ഹിന്‍ഡാല്‍കോയുടെ കാര്യത്തില്‍ അന്തിമ തീരുമാനം ഈ മാസം 30 ന് എടുക്കും. ഉതകല്‍ അലുമിനിയം പദ്ധതിയ്ക്ക് വേണ്ടി ഒഡീഷ സര്‍ക്കാരുമായി കേന്ദ്രം ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു. പദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള അനുമതി നല്‍കുന്നതിനായി തീരുമാനം ത്വരിതഗതിയില്‍ എടുക്കുന്നതിന് വേണ്ടിയാണ് പ്രധാനമന്ത്രി മന്മോഹന് സിംഗ് അധ്യക്ഷനായുള്ള നിക്ഷേപക മന്ത്രിസഭാ സമിതിയ്ക്ക് രൂപം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: