തിരുവനന്തപുരം: വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദിന് മന്ത്രിസഭായോഗത്തില്‍ ധനമന്ത്രി കെ.എം.മാണിയുടെ രൂക്ഷവിമര്‍ശനം. സാമ്പത്തിക സ്ഥിതിയെക്കുറിച്ചുള്ള ആര്യാടന്റെ പ്രസ്താവന അനാവശ്യ വിവാദമുണ്ടാക്കിയെന്ന് കെ.എം മാണി വിമര്‍ശിച്ചു. സംസ്ഥാനത്ത് ഒരു സാമ്പത്തിക പ്രതിസന്ധിയുമില്ലെന്ന് കെ.എം മാണി മന്ത്രിസഭായോഗത്തിന് ശേഷം പ്രതികരിച്ചു.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്നത് മറച്ചുവച്ച് ചിലര്‍ ബഡായി പറയുന്നു എന്ന ആര്യാടന്റെ പ്രസ്താവനയാണ് മാണിയെ ചൊടിപ്പിച്ചത്. ധനസ്ഥിതിയെക്കുറിച്ച് അഭിപ്രായം പറയേണ്ടത് ധനമന്ത്രിയാണ്. ആര്യാടന്റെ പ്രസ്താവന പ്രതിപക്ഷത്തിന് ആയുധമായി. വിവാദ പരാമര്‍ശം ആര്യാടന് ഒഴിവാക്കേണ്ടതായിരുന്നുവെന്നും കെ.എം മാണി പറഞ്ഞു. ആരെയും വ്യക്തിപരമായി വിമര്‍ശിച്ചതല്ലെന്നും പൊതു സ്ഥിതി സൂചിപ്പിച്ചതാണെന്നും ആര്യാടന് വിശദീകരിച്ചു.
കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മോശമാണെന്നായിരുന്നു ആര്യാടന്റെ വിമര്‍ശനം. പ്രതിസന്ധി ഉള്ള കാര്യം മറച്ചുവച്ച് ചിലര്‍ ബഡായി പറയുന്നുവെന്നും അത് ആരാണെന്ന് പറയുന്നില്ലെന്നുമായിരുന്നു ആര്യാടന്റെ പ്രസ്താവന. എന്നാല്‍ കെ.എസ്.ആര്.ടി.സിയും കെ.എസ്.ഇ.ബിയുമാണ് സര്‍ക്കാരിന് കടക്കെണി ഉണ്ടാക്കുന്നതെന്നായിരുന്നു ഇതിന് മാണിയുടെ മറുപടി.
എന്നാല്‍ ബജറ്റില്‍ പറഞ്ഞ പണം പോലും തരാത്തതാണ് കെ.എസ്.ആര്.ടി.സിയുടെയും കെ.എസ്.ഇ.ബിയുടെയും പ്രതിസന്ധിക്ക് കാരണമെന്ന് ആര്യാടന് തിരിച്ചടിച്ചു. ആര്യാടന്റെ വിമര്‍ശനങ്ങളില്‍ കേരള കോണ്‍ഗ്രസിന് കടുത്ത അതൃപ്തിയുണ്ട്. ഇക്കാര്യം മുന്നണി നേതൃത്വത്തെ അറിയിക്കാനും പാര്‍ട്ടി നീക്കമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: