ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ മികച്ച സൗകര്യങ്ങളുള്ള ആംബുലന്‍സിന്റെ സേവനം തേടണമായിരുന്നുവെന്ന് ഗുജറാത്ത് മുഖ്യമന്ത്രിയും ബിജെപി നേതാവുമായ നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
സോണിയയുടെ ആ സമയത്തെ ആരോഗ്യസ്ഥിതി പരിഗണിക്കുമ്പോള്‍ അവരെ എല്ലാ സൗകര്യങ്ങളുമുള്ള ആംബുലന്‍സിലായിരുന്നു ആശുപത്രിയിലാക്കേണ്ടിയിരുന്നത്. വീല്‍ചെയറോ സ്ട്രെച്ചറോ ഉപയോഗിച്ച് അവരെ പാര്‍ലമെന്റിന് പുറത്തേക്ക് കൊണ്ടുവരുന്നതായിരുന്നു നല്ലത്. സോണിയയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതില്‍ ബന്ധപ്പെട്ടവര്‍ വേണ്ടത്ര ശ്രദ്ധ പുലര്‍ത്തിയില്ല. സോണിയ സുഖംപ്രാപിച്ചുവെന്ന് അറിയുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം കുറിച്ചു.
മെഡിക്കല്‍ എമര്‍ജന്‍സിയിലെ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇവിടെ വിനിയോഗിക്കപ്പെട്ടില്ലെന്നും മോദി ചൂണ്ടിക്കാട്ടി. തിങ്കളാഴ്ച ലോക്സഭയില്‍ ഭക്ഷ്യസുരക്ഷാ ബില്ലിന്റെ ചര്‍ച്ചയ്ക്കിടെയാണ് സോണിയയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മകനും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റുമായ രാഹുല്‍ ഗാന്ധിക്കും കേന്ദ്രമന്ത്രി കുമാരി ഷെല്ജയ്ക്കുമൊപ്പം കാറിലാണ് സോണിയ ആശുപത്രിയിലേക്ക് പോയത്.
നടന്ന് പാര്‍ലമെന്റിന്റെ പടവുകളിറങ്ങവേ അവശയായി തോന്നിയ സോണിയ ഒരു ഘട്ടത്തില്‍ വേച്ചുപോകുകയും ചെയ്തിരുന്നു. ഒപ്പമുണ്ടായിരുന്ന കുമാരി ഷെല്‍ജയുടെ കൈപിടിച്ചാണ് അവര്‍ കാറിനടുത്ത് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: