മാന്നാര്‍: സ്പിരിറ്റ് റെയ്ഡിനെത്തിയ എസ്ഐയേയും സിവില്‍ പോലീസ് ഓഫീസറെയും സ്പിരിറ്റ് മാഫിയാ സംഘം വെട്ടിപ്പരിക്കേല്പിച്ചു. മാന്നാര്‍ എസ്ഐ എസ്.ശ്രീകുമാര്‍(35),സിവില്‍ പോലീസ് ഓഫീസര്‍ പ്രതാപന്(28) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ പരുമല സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചെങ്ങന്നൂരിന് സമീപം ബുധനൂര്‍ നിലവറശേരി രാജന്റെ വീട്ടില്‍ സ്പിരിറ്റ് വില്‍പ്പന നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എസ്ഐ യുടെ നേതൃത്വത്തിലുള്ള അഞ്ചംഗ പോലീസ് സംഘം ഇയാളുടെ വീടിന് സമീപം എത്തിയത്. ജീപ്പില്‍ നിന്നും ഇറങ്ങുന്നതിനിടയില്‍ തന്നെ പോലീസുകാര്‍ക്ക് നേരെ അക്രമം ഉണ്ടാകുകയായിരുന്നു. രാജന്റെ നേതൃത്വത്തില്‍ നാല് പേര് വടിവാളുകളുമായി പോലീസുകാരെ അക്രമിക്കുകയായിരുന്നു.
വെട്ട് തടയുന്നതിനിടയിലാണ് എസ്ഐയുടെ കൈക്ക് പരിക്കേറ്റത്. സിവില്‍ പോലീസ് ഓഫീസര്‍ പ്രതാപന് കാലിനും കൈക്കുമാണ് വെട്ടേറ്റത്. അക്രമം നടത്തിയ ശേഷം ഇവര്‍ ഓടി രക്ഷപ്പെട്ടു. കൊലപാതകം, അബ്കാരി, അടിപിടി തുടങ്ങി നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് രാജനെന്ന് പോലീസ് പറഞ്ഞു. ചെങ്ങന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രതികള്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: