ന്യൂദല്‍ഹി: അയോധ്യാ യാത്ര തടഞ്ഞ യുപി സര്‍ക്കാരിന്റെ നടപടിക്കെതിരെ രാജ്യവ്യാപക പ്രതിഷേധം. രാജ്യതലസ്ഥാനത്ത് പാര്‍ലമെന്റിനകത്തും പാര്‍ലമെന്റിനു മുന്നിലും പ്രതിഷേധം അലയടിച്ചു. ഹിന്ദുസന്യാസിമാരെ തല്ലിച്ചതച്ച യുപി സര്‍ക്കാരിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടുകൊണ്ട് പാര്‍ലമെന്റിനുള്ളില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി എംപിമാര്‍ രംഗത്തിറങ്ങിയപ്പോള്‍ പാര്‍ലമെന്റ് മന്ദിരത്തിനു പുറത്ത് നൂറുകണക്കിനു വരുന്ന വിഎച്ച്പി, ബിജെപി പ്രവര്‍ത്തകര്‍ പോലീസ് എതിര്‍പ്പിനെ ചെറുത്തു പ്രതിഷേധം പ്രകടിപ്പിച്ചു.
അയോധ്യയില്‍ മാത്രം 6784 സന്യാസിമാരും വിഎച്ച്പി പ്രവര്‍ത്തകരും നേതാക്കളും അറസ്റ്റിലായിട്ടുണ്ട്. ഇവരെ അയോധ്യയിലും സമീപ ജില്ലകളിലുമായി തയ്യാറാക്കിയ ഇരുപത്തഞ്ചോളം താല്‍ക്കാലിക ജയിലുകളില്‍ താമസിപ്പിച്ചിരിക്കുകയാണ്. വിഎച്ച്പി നേതാക്കളെ നിയമവിരുദ്ധമായി അറസ്റ്റുചെയ്തു തടങ്കലിലാക്കിയെന്ന് വിലയിരുത്തിയ അലഹബാദ് ഹൈക്കോടതി അശോക് സിംഗാളിനെ ഉള്‍പ്പെടെ വിട്ടയക്കാന്‍ ഉത്തരവിട്ടത് സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായി. ഇതനുസരിച്ച് ലക്നോ വിമാനത്താവളത്തില്‍ തടവില്‍ വെച്ചിരുന്ന അശോക് സിംഗാളിനേയും സ്വാമി രാമഭദ്രാചാര്യയേയും അയോധ്യയില്‍ അറസ്റ്റിലായ പ്രവീണ്‍ തൊഗാഡിയയേയും പോലീസിന് വിട്ടയക്കേണ്ടി വന്നു. പ്രവീണ്‍ തൊഗാഡിയയെ ഇറ്റാവയിലേക്ക് മാറ്റി.
നൂറുകണക്കിനു പ്രവര്‍ത്തകരെ പോലീസ് അയോധ്യയിലും സമീപജില്ലകളിലും ഇന്നലെയും അറസ്റ്റു ചെയ്തു. ലക്നോ വിമാനത്താവളത്തിനു പുറത്തു പ്രതിഷേധിച്ച 40 പ്രവര്‍ത്തകരേയും പോലീസ് അറസ്റ്റു ചെയ്തു.
എന്തു സംഭവിച്ചാലും സപ്തംബര്‍ 13 വരെ നീളുന്ന പരിക്രമ യാത്രയുമായി മുന്നോട്ടുപോകുമെന്ന നിലപാട് വിഎച്ച്പി നേതൃത്വം ഇന്നലെ വീണ്ടും വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആയിരക്കണക്കിനു പ്രതിഷേധ പരിപാടികളാണ് ഇന്നലെ നടന്നത്. ഒരിടവേളയ്ക്കു ശേഷം രാമജന്മഭൂമിയിലെ ക്ഷേത്രനിര്‍മ്മാണമെന്ന ദൗത്യവുമായി മുന്നോട്ടു പോകുന്ന വിശ്വഹിന്ദുപരിഷത്തിന് ലക്ഷക്കണക്കിനു ജനങ്ങളുടെ പിന്തുണയാണ് രാജ്യത്തിനുള്ളില്‍നിന്നും വീണ്ടും ലഭിച്ചിരിക്കുന്നത്. സന്യാസിമാരെ തല്ലിച്ചതയ്ക്കുകയും അയോധ്യായാത്ര തടയുകയും ചെയ്ത നടപടിക്കെതിരെ ഉയര്‍ന്ന ജനരോഷം കേന്ദ്രസര്‍ക്കാരിനേയും ഉത്തര്‍പ്രദേശ് സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
കോശി പരിക്രമയാത്ര തടഞ്ഞ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വിശ്വഹിന്ദു പരിഷത്ത് ദില്ലിയില്‍ നടത്തിയ പ്രതിഷേധമാര്‍ച്ച് അക്രമാസക്തമായി. പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തിയ പ്രവര്‍ത്തകരെ പാര്‍ലമെന്റിന് അര കിലോമീറ്റര്‍ അകലെ മാത്രമാണ് തടയാന്‍ പോലീസിനു സാധിച്ചത്.
രോഷാകുലരായ പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന് പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തി ചാര്‍ജ്ജ് നടത്തുകയും ചെയ്തു. അര്‍ദ്ധസൈനിക വിഭാഗത്തെ വിന്യസിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സംസ്ഥാനത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണെന്ന് വിഎച്ച്പി നേതാക്കള്‍ പറഞ്ഞു. യാത്ര തടഞ്ഞ സംസ്ഥാന സര്‍ക്കാര്‍ നടപടിക്കെതിരെ രാഷ്ട്രപതിയെ കണ്ട് പ്രതിഷേധം അറിയിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: