തിരുവനന്തപുരം: ലഷ്കര്‍ ഭീകരര്‍ എത്താന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ സുരക്ഷയും പരിശോധനയും ശക്തമാക്കി. ലഷ്കറെ തൊയ്ബ ഭീകരര്‍ ശ്രീലങ്കയില്‍ നിന്ന് തമിഴ്നാട്ടില്‍ എത്തിയതായും അവര്‍ കേരളത്തിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയാണ് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ച കത്ത് സംസ്ഥാന ഡിജിപി ബാലസുബ്രഹ്മണ്യത്തിന് കേന്ദ്ര ഇന്റലിജന്‍സ് അധികൃതര്‍ കൈമാറി. കേരളത്തില്‍ മുംബൈ മോഡല്‍ ആക്രമണം നടത്താനാണ് പദ്ധതിയെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്കുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ തിരക്കേറിയ സ്ഥലങ്ങളിലും വ്യാപാരകേന്ദ്രങ്ങളിലും ബസ്സ്റ്റേഷന്, റയില്വേസ്റ്റേഷന് തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന കര്‍ശനമാക്കി.
മുപ്പതോളംപേര്‍ അടങ്ങുന്ന ലഷ്കര്‍ സംഘം തമിഴ്നാട്ടില്‍ എത്തിയതായാണ് സൂചന ലഭിച്ചത്. ഇവരില്‍ പകുതിപേര് കേരളത്തിലെത്താനാണ് സാധ്യത. ഭീകരര്‍ കടല്‍മാര്‍ഗ്ഗമോ ട്രയിന്‍ മാര്‍ഗ്ഗമോ ആയിരിക്കും കേരളത്തിലെത്തുക. തിരുവനന്തപുരം നഗരമാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഓണക്കാലമായതിനാല്‍ വ്യാപാരസ്ഥാപനങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഓണക്കച്ചവടം മൂര്‍ധന്യത്തിലേക്ക് കടക്കുമ്പോള്‍ മുംബൈ മോഡല്‍ അക്രമം നടത്തി വലിയ ആഘാതം ഏല്പിക്കുകയാണ് ലക്ഷ്യം. സിനിമാ തീയറ്ററുകള്‍, ഷോപ്പിംഗ്മാളുകള്‍, നക്ഷത്രഹോട്ടലുകള്‍ എന്നിവിടങ്ങളിലും സുരക്ഷ ശക്തമാക്കാനാണ് പോലീസ് തീരുമാനം. അടുത്തമാസം ആദ്യം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ തിരുവനന്തപുരത്തെത്തുന്നുണ്ട്. ഈ സാഹചര്യം കൂടി കണക്കിലെടുത്താണ് പോലീസിന്റെ സുരക്ഷാ ക്രമീകരണങ്ങള്‍.
മത്സ്യത്തൊഴിലാളികളായി ഭീകരര്‍ തീരത്തെത്താനാണ് സാധ്യത. തീരദേശവും സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളും പോലീസ് നിരീക്ഷണത്തിലാണ്. ലഷ്കറെ തൊയ്ബ ഭീകരര്‍ കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും 23-ന് എത്തുമെന്ന് കഴിഞ്ഞ ആഴ്ച കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയിരുന്നു.
രണ്ടു ദിവസം വൈകി ഇന്നലെ രാത്രിയോടെ സംഘം തമിഴ്നാട്ടിലെത്തിയതായി ഇന്റലിജന്‍സ് ബ്യൂറോയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. 590 കിലോമീറ്റര്‍ തീരത്ത് നാവികസേനയുടേയും കോസ്റ്റ്ഗാര്‍ഡിന്റേയും സഹായത്തോടെ തീരദേശപോലീസ് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. എട്ട് തീരദേശ പോലീസ് സ്റ്റേഷനുകള്‍ക്കും 24 മണിക്കൂര്‍ നിരീക്ഷണത്തിന് നിര്‍ദ്ദേശവും നല്കി. മത്സ്യത്തൊഴിലാളികള്‍ക്കും ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അസ്വാഭാവികമായി ആരെയെങ്കിലും കാണുകയോ സംശയം തോന്നുകയോ ഉണ്ടായാല്‍ പോലീസിനെ അറിയിക്കാനാണ് നിര്‍ദ്ദേശം.
വിഴിഞ്ഞം, നീണ്ടകര, തോട്ടപ്പള്ളി, ഫോര്‍ട്ട് കൊച്ചി, അഴീക്കോട്, ബേപ്പൂര്‍, അഴീക്കല്‍, ബേക്കല്‍, തളങ്കര എന്നിവിടങ്ങളിലെ കോസ്റ്റല്‍ സിഐമാരുടെ നേതൃത്വത്തിലാണ് നിരീക്ഷണം ശക്തമാക്കിയിരിക്കുന്നത്. സംസ്ഥാനത്തെ 74 കടലോര ജാഗ്രതാ സമിതികളുടെ സഹായവും പോലീസ് തേടിയിട്ടുണ്ട്. വടക്കന്‍ ശ്രീലങ്കയിലെ ജാഫ്നക്കടുത്തുള്ള ദ്വീപുകളിലെ ക്യാംപുകളില്‍ നിന്നാണ് ലഷ്കര്‍ സംഘം തമിഴ്നാട്ടില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്. ദക്ഷിണേന്ത്യയില്‍ ലഷ്കര്‍ ആക്രമണത്തിനു പദ്ധതിയിടുന്നെന്നു പലതവണ കേന്ദ്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തമിഴ്നാട്ടില്‍ പിടിയിലായ തമിം അന്‍സാരി എന്ന ലഷ്കര്‍ ഭീകരന്റെ പക്കല്‍ നിന്നു കൊച്ചിയിലെ നാവിക ആസ്ഥാനത്തിന്റേയും വിഴിഞ്ഞം, തൂത്തുക്കുടി, രാമേശ്വരം തീരമേഖലകളുടേയും ചിത്രങ്ങളും ഭൂപടങ്ങളും കണ്ടെത്തിയിരുന്നു. പൂനെ ജര്‍മ്മന്‍ ബേക്കറി സ്ഫോടനത്തില്‍ പിടിയിലായ മിര്‍സ ഹിമായത് ബേഗ് ശ്രീലങ്കയിലെ ലഷ്കര്‍ ക്യാംപുകളെക്കുറിച്ച് പൊലീസിന് മൊഴി നല്‍കിയിരുന്നു. പിന്നീട് ഇന്റലിജന്‍സ് ചോര്‍ത്തിയ ചില ഫോണ്‍ സംഭാഷണങ്ങളില്‍ നിന്നാണ് ദക്ഷിണേന്ത്യന്‍ മുംബൈ മോഡല്‍ ആക്രമണത്തിന് ലഷ്കര്‍ തയാറെടുക്കുന്നതായി കണ്ടെത്തിയത്.
ആര്.പ്രദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: