കോഴിക്കോട്: പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ അറബിക്ക് വിവാഹം കഴിച്ചുകൊടുത്തതിന് പിന്നില്‍ സിയസ്കോ ഗേള്‍സ് ഹോമി (യത്തീംഖാന) ന്റെ പങ്ക് പുറത്തായി.
ജൂണ്‍ 13 ന് യത്തീംഖാനയില്‍ നടന്ന കല്യാണത്തിന് കാര്‍മികത്വം വഹിച്ചത് മുജാഹിദ് മതപണ്ഡിതനായ ഇര്‍ഷാദ്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെന്ന് അറിഞ്ഞിട്ടും അറബിക്ക് കല്യാണം നടത്തികൊടുത്തതിലൂടെ ശൈശവവിവാഹനിരോധന നിയമപ്രകാരം കുറ്റകരമായ പ്രവര്‍ത്തനമാണ് യത്തീംഖാന ഭാരവാഹികള്‍ ചെയ്തിരിക്കുന്നത്. തുടര്‍ന്ന് പഠിക്കണമെന്നും വിദേശിയായഅറബിയെ കല്യാണം കഴിക്കാന്‍ താത്പര്യമില്ലെന്നുമുള്ള കുടത്ത എതിര്‍പ്പിനെ മറികടന്നാണ് പെണ്‍കുട്ടിയെ വിവാഹത്തിന് നിര്‍ബ്ബന്ധിച്ചത്. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വിവാഹ പ്രായം പതിനാറാണെന്ന നിയമം ഉണ്ടെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ വിവാഹത്തിന് യത്തീംഖാന ഭാരവാഹികള്‍ നിര്‍ബന്ധിക്കുകയായിരുന്നു.
അഞ്ചാം വയസില്‍ യത്തീംഖാനയിലെത്തിയ പെണ്‍കുട്ടി പഠനത്തില്‍ മികവ് പുലര്‍ത്തിയിരുന്നു. 70 ശതമാനം മാര്‍ക്കോടെയാണ് ഹയര്‍ സെക്കന്ററി പരീക്ഷ പാസായത്. ഇതിനിടയിലാണ് അറബിക്കല്യാണാലോചന വരുന്നത്. ജൂണ്‍ 13 ന് വിവാഹം കഴിഞ്ഞ് ജൂണ്‍ 30 ന് അര്‍ധരാത്രിയോടെ അറബി സ്ഥലംവിടുകയായിരുന്നു. പിന്നീട് ആഗസ്റ്റ് 13 ന് മൊഴിചൊല്ലിയതായി അറിയിക്കുകയും ചെയ്തു.
കോഴിക്കോട് നഗരത്തിനടുത്ത് മുഖദാറില്‍ 1977 മുതല്‍ പ്രവര്‍ത്തിക്കുന്ന യത്തീംഖാന 1956 ല്‍ ആരംഭിച്ച സിറ്റിസണ്‍സ് ഇന്റലക്ച്വല്‍ എഡ്യുക്കേഷണല്‍ സോഷ്യല്‍ ആന്റ് കള്‍ച്ചറല്‍ ഓര്ഗനൈസേഷന് (സിയസ്കോ) ന്റെ കീഴില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. പി.എന്‍. ഹംസകോയ ചെയര്‍മാനും പി.ടി മുഹമ്മദലി സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്ന സിയസ്കോവിന്റെ ഭാരവാഹികള്‍ നഗരത്തിലെ അഭിഭാഷകരും ഡോക്ടര്‍മാരും അടങ്ങുന്ന പ്രമുഖരാണ്.
ജാസിം മുഹമ്മദ് അബ്ദുള്‍കരീം അബ്ദുല്ലാ അല്‍ അഹമ്മദ് എന്ന പേരായ അറബിയുടെ മാതാവ് കോഴിക്കോട് കോയപ്പറമ്പ് സ്വദേശിനിയാണ്. ഇപ്പോള്‍ കല്ലായ് നായ്പാലത്താണ് താമസം. ജാസിമിന്റെ അമ്മയും അറബികല്ല്യാണത്തിന്റെ ഇരയാണ്. ഇവരെ വിവാഹം ചെയ്ത അറബി പിന്നീട് മൊഴിചൊല്ലുകയായിരുന്നു.
യത്തീംഖാനയില്‍ നിന്നും വളരെയൊന്നും അകലെയല്ലാത്ത സ്ഥലത്താണ് അറബിയുടെ മാതാവ് താമസിക്കുന്നത്. അറബിയുടെ വിശദാംശങ്ങള്‍ മുഴുവന്‍ അറിയാമായിരുന്നിട്ടും പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് നിയമവിരുദ്ധ വിവാഹത്തിന് പ്രേരിപ്പിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: