പെരുമ്പാവൂര്‍: ഒന്നിന് പിറകെ മറ്റൊന്നായി പിടിമുറുക്കുന്ന ദുരന്തങ്ങളില്‍ വഴിമുട്ടി ഒരു കുടുംബം. വിധിയോട് മല്ലിട്ട് പിടിച്ചു നിന്ന ഗൃനാഥന്‍ കൂടി രോഗ ക്കിടക്കയിലായതോടെ ഒരു നാലംഗ കുടുംബത്തിന് ഇനി ഉദാരമതികളുടെ കാരുണ്യം മാത്രം തുണ.
രായമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡിലെ കീഴില്ലം ചെമ്പകമഠത്തില്‍ വിജയന് (47) ആണ് പാന്‍ക്രിയാസ് തകരാറുമൂലം കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. മൂന്ന് ലക്ഷം രൂപയോളം ചെലവുവരുന്ന അടിയന്തര ശസ്ത്രക്രിയ വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.
എന്നാല്‍ ഇത്രവലിയ തുക സമാഹരിക്കാന്‍ നിരന്തരം ദുരിത ജീവിതം അനുഭവിക്കുന്ന ഈ കുടുംബത്തിന് കഴിയില്ല. വിജയന്റെ മൂത്ത മകള്‍ ലോലിത (15) ജന്മനാ ചലനവൈകല്യമുള്ള കുട്ടിയാണ്. ഒന്നരവയസായിട്ടും കുഞ്ഞ് നടക്കാതെ വന്നതോടെയാണ് തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്. അന്നുതൊട്ട് ലോലിത ചികിത്സയിലാണ്. ഇപ്പോള്‍ പ്രതിദിനം അഞ്ഞൂറു രൂപയോളം മുടക്കി ഫിസിയോ തെറാപ്പി ചെയ്യുകയാണ്. ഫിസിയോ തെറാപ്പി തുടങ്ങിയതോടെ തൊണ്ണൂറു ശതമാനം ഉണ്ടായിരുന്ന ചലന വൈകല്യം എഴുപതു ശതമാനമായി കുറഞ്ഞിട്ടുണ്ട്. ചുരുങ്ങിയത് ഒരു വര്‍ഷം കൂടി ചികിത്സ തുടര്‍ന്നാല്‍ ഈ കുട്ടിക്ക് എഴുന്നേറ്റ് നടക്കാന്‍ കഴിയുമെന്നാണ് ചികിത്സകര്‍ പറയുന്നത്.
രണ്ടാമത്തെ കുട്ടി രോഹിണി (9) ക്ക് ബുദ്ധിമാന്ദ്യമുണ്ട്. സ്പെഷ്യല്‍ സ്കൂളില്‍ കുട്ടിയെ ചേര്‍ത്തെങ്കിലും സാഹചര്യങ്ങള്‍ അനുവദിക്കാത്തതിനാല്‍ ഇപ്പോള്‍ ഈ കുട്ടിയെ തൊട്ടുചേര്‍ന്നുള്ള സര്‍ക്കാര്‍ സ്കൂളിലേക്ക് മാറ്റിയിരിക്കുകയാണ്. രോഹിണിയുടെ ചികിത്സക്കും വലിയ തുക വേണം.
ഈ ദുരിതങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്ലൈവുഡ് കമ്പനി ജീവനക്കാരനായ വിജയന് ഒമ്പത് വര്‍ഷം മുമ്പ് ഒരു അപകടം പറ്റുന്നത്. കമ്പനിയിലെ യന്ത്രസാമഗ്രികള്‍ക്കിടയില്‍പ്പെട്ട് കൈവിരലുകള്‍ അറ്റുപോയി. അതോടെ വിജയന് ജോലിയൊന്നും ചെയ്യാന്‍ കഴിയാതെയായി. പ്ലൈവുഡ് കമ്പനി ഉടമയുടെ ഔദാര്യംകൊണ്ട് അവിടെത്തന്നെ തുടരാന്‍ കഴിഞ്ഞെങ്കിലും ലഭിക്കുന്ന തുച്ഛവരുമാനം ഒന്നിനും തികഞ്ഞിരുന്നില്ല. അതിനിടയിലാണ് വിജയന് വീണ്ടും രോഗക്കിടക്കയിലായത്.
ഭര്‍ത്താവിനും കുട്ടികള്‍ക്കും ഉണ്ടായ ദാരുണാവസ്ഥയില്‍ പകച്ചു നില്‍ക്കുകയാണ് വിജയന്റെ ഭാര്യ ചന്ദ്രിക. കുട്ടികളേയും ഭര്‍ത്താവിനേയും വീട്ടിലിട്ട് ഒരു ജോലിക്കും പോകാന്‍ പറ്റാത്ത അവസ്ഥയാണ് ഇവര്‍ക്ക്. നിലവില്‍ ഈ കുടുംബത്തിന് യാതൊരു വരുമാനവും ഇല്ല. നാട്ടുകാരുടെ സഹായം കൊണ്ടാണ് ഇപ്പോള്‍ പിടിച്ചു നില്‍ക്കുന്നത്. സ്വന്തമായി ഒരു തുണ്ടു ഭൂമിപോലുമില്ലാത്ത ഈ കുടുംബം ഇപ്പോള്‍ വാടക വീട്ടിലാണ് കഴിയുന്നത്.
വിജയന്റ കുടുംബത്തെ സഹായിക്കാന്‍ വാര്‍ഡുമെമ്പര്‍ എ.കെ ഷാജി ചെയര്‍മാനായി ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. സഹായിക്കാന്‍ താല്പര്യമുള്ളവര്ക്ക് ബാങ്ക് ഓഫ് ഇന്ത്യുടെ മണ്ണൂര്‍ ശാഖയില്‍ സമിതി തുറന്നിട്ടുള്ള സംയുക്ത അക്കൗണ്ടിലേക്ക് (അക്കൗണ്ട് നമ്പര്‍: 857410110002150) സഹായം നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447396415 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് സമിതി കണ്‍വീനര്‍ മോഹന്‍ദാസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: