ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ക്ക് പ്രസിഡന്റ് ഹമീദ് കര്‍സായി പാക്കിസ്ഥാനോട് സഹായം ആവശ്യപ്പെട്ടു.
പാക്കിസ്ഥാന് സന്ദര്‍ശനത്തിനായി എത്തിയ കര്‍സായി ഇസ്ലാമാബാദില് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും പ്രധാനമായി നേരിടുന്ന പ്രശ്നം സുരക്ഷാഭീഷണിയാണെന്നും അതുകൊണ്ട് തന്നെ ഈ മേഖലയിലാണ് പ്രധാനമായും ഇരുരാജ്യങ്ങളും ശ്രദ്ധ നല്‍കേണ്ടതെന്നും കര്‍സായി ഓര്‍മ്മിപ്പിച്ചു. പലതവണ കര്‍സായി പാക്കിസ്ഥാന് സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും നവാസ് ഷെരീഫ് പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതിന് ശേഷം ആദ്യമായാണ് ഇസ്ലാമാബാദിലെത്തുന്നത്.
തൊണ്ണൂറുകളുടെ മധ്യത്തില്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്റെ വളര്‍ച്ചക്ക് പാക്കിസ്ഥാന് പിന്തുണ നല്‍കിയിരുന്നു. പിന്നീട് ഭീകരാക്രമണത്തിന് ശേഷം പാക്കിസ്ഥാനിലേക്ക് അഭയം തേടിയെത്തിയ ഭീകരരെ പിടികൂടാനുള്ള അമേരിക്കയുടെയും അഫ്ഗാന് സര്‍ക്കാരിന്റെയും നീക്കങ്ങളില്‍ നിര്‍ണ്ണായക സഹായവും നല്കി. എന്നാല്‍ സമാധാനത്തെക്കുറിച്ച് പ്രഖ്യാപനങ്ങള്‍ നടത്തുകയും ഭീകരരെ സഹായിക്കുകയും ചെയ്യുന്ന പാക്കിസ്ഥാന്റെ ഇരട്ടത്താപ്പിനെ അഫ്ഗാനിസ്ഥാന് പലപ്പോഴും വിമര്‍ശിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം അവസാനത്തോടെ അഫ്ഗാനിസ്ഥാനില്‍ നിന്ന് നാറ്റോ സേന പൂര്‍ണമായും പിന്‍വാങ്ങുന്നതോടെ വന്‍സുരക്ഷാഭീഷണിയാണ് അഫ്ഗാനിസ്ഥാന് നേരിടേണ്ടി വരുന്നത്. ഇത് മറി കടക്കാന്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ സഹായം അഫ്ഗാനിസ്ഥാന് അഭ്യര്‍ത്ഥിക്കുന്നുണ്ട്. വിദേശ സൈന്യത്തെ എതിര്‍ക്കുകയും ഇസ്ലാമിക നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന താലിബാന് പ്രസിഡന്റ് കര്‍സായിയുമായി ചര്‍ച്ച നടത്താന്‍ തയ്യാറല്ല. അമേരിക്കയുടെ പാവയായാണ് താലിബാന് അഫ്ഗാന് ഭരണകൂടത്തെ വിശേഷിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: