കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ സാക്ഷികള്‍ നല്കിയ മൊഴികള്‍ നിഷേധിച്ച് സിപിഎം നേതാക്കളും. മാറാട് പ്രത്യേക കോടതി ജഡ്ജി ആര്. നാരായണ പിഷാരടി മുമ്പാകെ ഇന്നലെ നടന്ന ചോദ്യംചെയ്യലിലാണ് സിപിഎം നേതാവും പതിമൂന്നാം പ്രതിയുമായ പി.കെ. കുഞ്ഞനന്തന്, 14-ാം പ്രതിയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി. മോഹനന്, എട്ടാം പ്രതിയും സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ.സി രാമചന്ദ്രന് എന്നിവരാണ് ഇന്നലെ സാക്ഷി മൊഴികള്‍ നിഷേധിച്ചത്.
അറസ്റ്റിലാകുമ്പോള്‍ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ടി.പി. രാമകൃഷ്ണന് തനിക്കൊപ്പം ഉണ്ടായിരുന്നുവെന്നും അറസ്റ്റിന് ശേഷം അദ്ദേഹത്തെ വിവരം അറിയിക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്നും 14-ാം പ്രതിയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ പി. മോഹനന് പറഞ്ഞു. കുറ്റ്യാടി എം.എല്‍.എയും ഭാര്യയുമായ കെ.കെ. ലതികയെ അറസ്റ്റ് വിവരം അറിയിക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞത്. കുന്നുമ്മക്കരയില്‍ നടന്ന അക്രമത്തില്‍ പ്രതികളായവര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടവരല്ലെന്ന് വടകര സെഷന്‍സ് കോടതിയില്‍ മൊഴി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അവരെ വെറുതെ വിട്ടിരുന്നുവെന്നും മോഹനന് പറഞ്ഞു.
2009ല്‍ ആര്‍എംപി പ്രവര്‍ത്തകരുടെ സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉപരോധത്തിനിടെ പി. മോഹനന് മര്‍ദ്ദനമേറ്റുവെന്നും സംഭവത്തിന് ശേഷമാണ് സി.പി.എം. നേതാക്കള്‍ക്ക് ടി.പി. ചന്ദ്രശേഖരനോട് വിരോധം വര്‍ദ്ധിച്ചതെന്നുമാണ് കെ.കെ. രമ നല്കിയ മൊഴി. സംഭവത്തില്‍ അഞ്ച് ആര്‍എംപി പ്രവര്‍ത്തകര്‍ക്കെതിരെ പി. മോഹനന് നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തെങ്കിലും വടകര കോടതിയില്‍ മൊഴി മാറ്റിയതിനാല്‍ പ്രതികളെ കോടതി വെറുതെവിടുകയായിരുന്നു. 2009ല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലാദ്യമായി സിപിഎമ്മിന് വടകര സീറ്റ് നഷ്ടപ്പെട്ടുവെന്ന രമയുടെ മൊഴിയും മോഹനന് നിഷേധിച്ചു. എന്നാല്‍ അന്ന് ചീഫ് ഇലക്ഷന് ഓഫിസറായിരുന്നുവെന്ന് അദ്ദേഹം സമ്മതിച്ചു.
ബൈക്കില്‍ സഞ്ചരിക്കവേ കാറിടിച്ച് പരിക്കേറ്റ് വടകര സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ അവിടെയെത്തിയാണ് പോലീസ് തന്നെ അറസ്റ്റ് ചെയ്തതെന്നും വീല്‍ചെയറിലിരുത്തിയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ ക്യാമ്പ് ഓഫീസിലേക്ക് കൊണ്ടുപോയിരുന്നതെന്നും എട്ടാം പ്രതിയും സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗവുമായ കെ.സി രാമചന്ദ്രന് മൊഴി നല്കി.
വടകര ക്യാമ്പ് ഓഫീസില്‍ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന വടകര ഡിവൈ.എസ്.പി ജോസി ചെറിയാന്റെ മൊഴി ശരിയല്ല. മെയ് 29ന് വടകരയില്‍ നടക്കുന്ന കേരള പറയന് സമാജത്തിന്റെ ഉത്തരമേഖലാ സമ്മേളനത്തിന്റെ രക്ഷാധികാരിയായിരുന്നതിനാല്‍ തന്റെ ഫോണിലേയ്ക്ക് നിരവധിപേര്‍ വിളിച്ചിട്ടുണ്ട്. സാക്ഷികള്‍ തിരിച്ചറിഞ്ഞത് നേരത്തെ വിവിധയിടങ്ങളില്‍ വെച്ച് പോലീസ് കാണിച്ച് കൊടുത്തതിനാലാണ്.
2012 മെയ് 17ന് വൈകീട്ട് 5ന് ഓര്‍ക്കാട്ടേരിയിലെ പടയങ്കണ്ടി രവീന്ദ്രന്റെ പൂക്കട താന്‍ പോലീസിന് കാണിച്ചുകൊടുത്തുവെന്ന സാക്ഷി മൊഴി ശരിയല്ല. അന്ന് വൈകീട്ട് നാലുമുതല്‍ രാത്രി ഏഴര വരെ കുന്നമംഗലം മജിസ്ട്രേറ്റ് കോടതിയിലായിരുന്നു. ചന്ദ്രശേഖരനെ കൊലപ്പെടുത്താനായി ബൈക്കിലെത്തിയ രണ്ടുപേര്‍ക്ക് താന്‍ പണം നല്‍കിയെന്ന 48-ാം സാക്ഷി പ്രകാശന്റെ മൊഴി സംബന്ധിച്ച് ഒന്നും പറയാനില്ലെന്നും രാമചന്ദ്രന് പറഞ്ഞു.
പതിമൂന്നാം പ്രതി പി.കെ. കുഞ്ഞനന്തന്, 27-ാം പ്രതി സി. രജിത്ത് എന്നിവരെയും കോടതി ചോദ്യം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: