തൃശൂര്‍: അയോധ്യയിലെ 84 കോസി പരിക്രമ നിരോധിച്ച നടപടി മതസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റവും ജനാധിപത്യ ധ്വംസനവുമാണെന്ന് വിശ്വഹിന്ദു പരിഷത്ത്. ഇതിനെതിരെ ശക്തവും സമാധാനപരവും ജനാധിപത്യപരവുമായ സമരത്തെ നേരിടേണ്ടിവരും. നിരോധനം ഹിന്ദുസമാജത്തോടുള്ള വെല്ലുവിളിയും പൗരസ്വാതന്ത്ര്യധ്വംസനവും നഗ്നമായ ന്യൂനപക്ഷ പ്രീണനവുമാണെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന വര്‍ക്കിങ്ങ് പ്രസിഡണ്ട് ബി.ആര്.ബലരാമന്, ജില്ലാപ്രസിഡണ്ട് കെ.വിശ്വംഭരമേനോന്, സെക്രട്ടറി സി.കെ.മധു, ഹിന്ദു ഐക്യവേദി ജില്ലാപ്രസിഡണ്ട് ബാലന് പണിക്കശ്ശേരി, കേരള ക്ഷേത്രസംരക്ഷണസമിതി സംസ്ഥാന നിര്‍വാഹകസമിതി അംഗം പി.ആര്.പ്രഭാകരന് എന്നിവര്‍ പത്രസമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 17ന് ശ്രീരാമജന്മഭൂമി ക്ഷേത്രനിര്‍മാണ ഉന്നതാധികാര സന്യാസിസഭയുടെ യോഗത്തിന് ശേഷം മുലായംസിങ്ങ് യാദവിനേയും യു.പിമുഖ്യമന്ത്രി അഖിലേഷ് യാദവിനേയും സന്യാസി പ്രതിനിധിസംഘം സന്ദര്‍ശിച്ചിരുന്നു. അതില്‍ യാത്ര ഒഴിവാക്കണമെന്ന സൂചനയാണ് മുലായം നല്‍കിയത്. എന്നാല്‍ യാത്ര വര്‍ഷങ്ങളായി നടത്താറുള്ള ആചാരമാണെന്നും വര്‍ഷത്തിലെ ഏത് സമയത്തും ഇത് നടത്താവുന്നതാണെന്നും സന്യാസിമാര്‍ മറുപടി നല്‍കിയിരുന്നു. ഇതേതുടര്‍ന്ന് പ്രാദേശിക ഭരണാധികാരികളുമായി ബന്ധപ്പെട്ട് യാത്രക്ക് സൗകര്യങ്ങള്‍ ചെയ്തുതരാമെന്ന് മുലായം പറഞ്ഞു.
എന്നാല്‍ സര്‍ക്കാര്‍ വാഗ്ദാനങ്ങളെല്ലാം അട്ടിമറിച്ച് യാത്രയെ അടിച്ചമര്‍ത്താന്‍ അയോദ്ധ്യയുടെ പരിസരപ്രദേശത്ത് 144 പ്രഖ്യാപിച്ചു.ഈ തീരുമാനം നിര്‍ഭാഗ്യകരവും മുസ്ലീം വോട്ടുബാങ്കിനെ പ്രീണിപ്പിക്കാന്‍ ഹിന്ദുസമൂഹത്തിന് മേലെ നടത്തുന്ന നിഷ്ഠൂരമായ നടപടിയാണെന്നും വിശ്വഹിന്ദുപരിഷത്ത് നേതാക്കള്‍ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നെത്തുന്ന സാധുക്കളും സന്യാസിമാരും നടത്തുന്ന യാത്രയെ സര്‍ക്കാര്‍ സംവിധാനങ്ങളും ആയുധങ്ങളും ഉപയോഗിച്ച് അടിച്ചമര്‍ത്താമെന്ന വ്യാമോഹത്തെ എന്ത് വിലകൊടുത്തും നേരിടുമെന്നും ഇതിനൊപ്പം രാഷ്ട്രപതിക്കുള്ള നിവേദനം ജില്ലാകളക്ടര്‍മാര്‍ക്ക് സമര്‍പ്പിച്ചതായും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: