കോഴഞ്ചേരി: തിരുവാറന്മുളയപ്പന് പിറന്നാള്‍ സദ്യയൊരുക്കാനുള്ള പാളത്തൈരുമായി ചേനപ്പാടി ശ്രീപാര്‍ത്ഥസാരഥി ഭജനസമിതി സംഘം ആറന്മുളയിലെത്തി.
ഇന്നലെ രാവിലെ 11 മണിയോടെ പതിനെട്ടാംപടിക്കലെത്തിയ ചേനപ്പാടി സംഘത്തെ ദേവസ്വം അധികൃതരും പള്ളിയോട സേവാസംഘം ഭാരവാഹികളും ചേര്‍ന്ന് വഞ്ചിപ്പാട്ടോടുകൂടി സ്വീകരിച്ചു. ഇവര്‍ ശേഖരിച്ചുകൊണ്ടുവന്ന പാളത്തൈര് ഭഗവത് കീര്ത്തനങ്ങള്പാടി ക്ഷേത്രത്തിന് പ്രദക്ഷിണം വെച്ചശേഷം ആനക്കൊട്ടിലില്‍ കൊടിമരത്തിന് സമീപം തയ്യാറാക്കിയ പ്രത്യേകവേദിയില്‍ സമര്‍പ്പിച്ചു. ക്ഷേത്രദര്‍ശനത്തിനും ഉച്ചപൂജയ്ക്കും ശേഷം പള്ളിയോട സേവാസംഘം പ്രത്യേകമൊരുക്കിയ വള്ളസദ്യയില്‍ പങ്കെടുത്ത ശേഷമാണ് 520 ഓളം പേരടങ്ങിയ ചേനപ്പാടി സംഘം ക്ഷേത്രത്തില്‍ നിന്നും മടങ്ങിയത്.
മുന്‍കാലങ്ങളില്‍ വെച്ചൂര്‍ പശുക്കളാല്‍ സമൃദ്ധമായിരുന്നു പൊന്‍കുന്നത്തിന് സമീപമുള്ള ചേനപ്പാടിദേശം. ഇവിടെ നിന്നും ചെറിയ മഠത്തില്‍ രാമച്ചാരെന്ന പാര്‍ത്ഥസാരഥി ഭക്തന് ആറന്മുള ക്ഷേത്രത്തിലെ പ്രസാദമൂട്ടിന് ശുദ്ധമായ തൈര് എത്തിച്ചിരുന്നു. പാളകൊണ്ട് കുമ്പിള്‍കുത്തി ഇതിനുള്ളില്‍ തൈരുമായി വള്ളത്തിലാണ് രാമച്ചാര് എത്തിയിരുന്നത്. പില്ക്കാലത്ത് വള്ളസദ്യയില്‍ രാമച്ചാരുടെ പാളത്തൈര് പാടി ചോദിച്ചുവരുന്നുണ്ട്. ഈ സ്മരണയും ആചാരവും പിന്തുടര്ന്നാണ് ചേനപ്പാടിയിലെ ഭക്തജനങ്ങള്‍ തിരുവാറന്മുളയപ്പന്റെ ജന്മദിനമായ അഷ്ടമിരോഹിണിനാളിലെ വള്ളസദ്യയ്ക്ക് വിളമ്പാന്‍ പാളത്തൈരുമായി എത്തുന്നത്. വ്രതശുദ്ധിയുടെ കരയിലെ ഭക്തജനങ്ങള്‍ തയ്യാറാക്കുന്ന തൈരിനൊപ്പം വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ ഗോശാലയിലെ പശുക്കളുടെ പാലുപയോഗിച്ച് ഉണ്ടാക്കുന്ന തൈരും ചേര്‍ത്താണ് ചേനപ്പാടി കരക്കാര് ആറന്മുളയില് സമര്‍പ്പിക്കുന്നത്.
ആറന്മുളയിലെത്തിയ ചേനപ്പാടി സംഘത്തെ പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി.സാംബദേവന്‍, സെക്രട്ടറി രതീഷ് ആര്.മോഹന്‍, ഭാരവാഹികളായ പി.മോഹനചന്ദ്രന്, കെ.പി.സോമന്, അമ്പോറ്റി കോഴഞ്ചേരി, ബാബുരാജ് മാലേത്ത്, വിജയന്‍നായര്‍ അങ്കത്തില്‍, ജി.സുരേഷ് വെണ്‍പാല, ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആര്.രാമവര്‍മ്മ, അസി.കമ്മീഷണര്‍ ജയശ്രീ, വിജയന് നടമംഗലം, മനോജ് മാധവശ്ശേരി, തുടങ്ങിയവര്‍ സ്വീകരണ പരിപാടിക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: