പള്ളുരുത്തി (കൊച്ചി): മലയാളത്തിന്റെ ഘനഗംഭീരശബ്ദം ഇന്ദ്രപ്രസ്ഥത്തിലെ ഇടിമുഴക്കമാകാന്‍… കാഥികന് ഇടക്കൊച്ചി സലിംകുമാര്‍ ദല്‍ഹിയിലേക്ക്.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലധികമായി കഥാപ്രസംഗലോകത്ത് നിറഞ്ഞുനിന്ന മലയാളിയുടെ സ്വന്തം കലാകാരനാണ് സലിംകുമാര്‍. കഥാപ്രസംഗരംഗത്ത് വേറിട്ട ശബ്ദമായി മാറിക്കഴിഞ്ഞ സലിംകുമാര്‍ ദല്‍ഹി ആര്‍ഷധര്‍മ്മ പരിഷത്തിന്റെ ഉത്തര ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ ഒമ്പതുദിവസം നീളുന്ന ഉത്സവച്ചടങ്ങുകളില്‍ ആദ്യദിനമായ 31ന് ‘ഇതിഹാസഭൂമിയില്‍’ അവതരിപ്പിക്കും. തുടര്‍ന്ന് അന്നുതന്നെ നിസാമുദ്ദീന്‍ ഓഡിറ്റോറിയത്തില്‍ ഇതേ കഥതന്നെ പറയുന്നുണ്ട്. സെപ്തംബര്‍ ഒന്നിന് ഫെയ്സ്വണ്‍, കൃഷ്ണമാര്ഗ് എന്നിവിടങ്ങളിലും കഥാപ്രസംഗം അവതരിപ്പിക്കുവാനുള്ള ഒരുക്കത്തിലാണ് സലിംകുമാര്‍.
ദല്‍ഹി മലയാളി അസോസിയേഷനെ ആര്‍ഷധര്‍മ്മ പരിഷത്ത് ഭാരവാഹികള്‍ ബന്ധപ്പെട്ട് സലിംകുമാറിന്റെ കഥാപ്രസംഗം ഇവിടെ നടത്തുവാനുള്ള ഏര്‍പ്പാട് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. കൂടാതെ മറ്റ് മൂന്നിടങ്ങളില്‍ക്കൂടി കഥ അവതരിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ ചെയ്തുകൊടുക്കുകയുമുണ്ടായി. കഥാപ്രസംഗ കലയുടെ പ്രാധാന്യം ഇനിയും കുറഞ്ഞിട്ടില്ലായെന്ന ഓര്‍മ്മപ്പെടുത്തലാണ് ഇത് തെളിയിക്കുന്നത്.
മഹാഭാരതത്തിലെ ദ്രൗപതിയുടെ നാം കേള്ക്കാത്തതായ ഉജ്ജ്വല സ്ത്രീമുഹൂര്ത്തഭാവം സലിംകുമാര്‍ ഇതിഹാസഭൂമിയിലൂടെ വരച്ചുകാട്ടുകയാണ്. വ്യാസമുനിയുടെ പൂര്വ്വജന്മ വൃത്താന്തവും കഥയുടെ ഭാഗമാവുന്നു.
കാഥിക സമ്രാട്ട് ഇടക്കൊച്ചി പ്രഭാകരന്റെ പുത്രനായ സലിംകുമാര്‍ 1979 മുതല്‍ കഥാപ്രസംഗ രംഗത്ത് സജീവമാണ്. ഇതുവരെ 35ലേറെ കഥകള്‍ രംഗത്ത് അവതരിപ്പിച്ചു. കേരളത്തിലും വിദേശ രാജ്യങ്ങളിലുമായി ഏഴായിരത്തിലധികം വേദികള്‍. 35 കഥകള്‍ അവതരിപ്പിച്ചതില്‍ പുരാണ, സാമൂഹ്യകഥകളെല്ലാംതന്നെ ജനപ്രീതി നേടിയവയാണ്. ശ്രീനാരായണഗുരുദേവന്റെ ജീവിതം പ്രതിപാദിക്കുന്ന ‘യുഗപുരുഷന്’, പണ്ഡിറ്റ് കറുപ്പന്റെ ജീവിതകഥയായ ‘കവിതിലകന്‍’ എന്നീ കഥകള്‍ കൂടുതല്‍ ശ്രദ്ധേയമായി.
ഒരു കാലഘട്ടത്തില്‍ സാമൂഹ്യ വിപ്ലവത്തിന് വഴിമരുന്നിട്ട കഥാപ്രസംഗ കലയുടെ പ്രാധാന്യം നാം കുറച്ചുകാണരുതെന്ന് സലിംകുമാര്‍ വിനീതനായി പറയുന്നു. സമൂഹത്തിലെ മൂല്യച്യുതികള്‍ വര്‍ധിച്ചപ്പോള്‍ കഥാപ്രസംഗ കലാകാരന്മാര് നിര്‍ഭയരായി അതിനെതിരെ പ്രതികരിച്ചതും ജീര്‍ണതക്കെതിരെ വാക്പോരാട്ടം നടത്തിയതും സമൂഹം മറന്നിട്ടില്ലായെന്നതുമാണ് കഥാപ്രസംഗ കലയുടെ പ്രസക്തിയെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തുന്നു.
സ്വന്തം പിതാവായ ഇടക്കൊച്ചി പ്രഭാകരന് തന്നെയാണ് സലിംകുമാറിന്റെ ഗുരു. പുതുകാലഘട്ടത്തില്‍ അടിച്ചമര്‍ത്തപ്പെടുന്ന സ്ത്രീത്വത്തിന്റെ മുഴുവന്‍ ശബ്ദമായും തന്റെ കഥയിലെ ദ്രൗപതി മാറുമെന്ന് സലിംകുമാര്‍ ഉറപ്പ് പറയുന്നു.
നാളെ രാവിലെ ദല്‍ഹിയിലേക്ക് തിരിക്കുന്ന സലിംകുമാറിന് ഇന്ദ്രപ്രസ്ഥത്തില്‍ മഹാഭാരത കഥയുടെ ഒരേട് അവതരിപ്പിക്കുവാനുള്ള അവസരം ലഭിച്ചതും ഭാഗ്യമായി കരുതുന്നു. ഗംഗയും ഇന്ദ്രപ്രസ്ഥവും തന്റെ കഥയുടെ ഭാഗമാകുമ്പോള്‍ ആ മണ്ണില്‍ ചവിട്ടി ‘ഇതിഹാസ ഭൂമിയില്‍’ പറയുന്നതും ഒരു നിയോഗമായി കാണുന്നു.
ഇടക്കൊച്ചിയില്‍ കാഥികന് പ്രഭാകരന് സ്മാരക കലാമന്ദിരത്തിന്റെ ഭാഗമായി സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി കഥാപ്രസംഗ ക്ലാസുകള്‍ നടത്തിവരുന്നു. ബീനയാണ് സലിംകുമാറിന്റെ ഭാര്യ. കാഥികയായ സനീഷ സലിംകുമാര്‍, പ്രണവ് സലിംകുമാര്‍ എന്നിവരാണ് മക്കള്‍.
കെ.കെ.റോഷന് കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: