കോട്ടയം: കേരളത്തിന്റെ ദേശീയാഘോഷമായി ഓണം കണക്കാക്കുമ്പോള്‍ അതില്‍ ആദരിക്കേണ്ടയാളിനെ അപമാനിക്കുന്ന രീതിയില്‍ ചിത്രീകരിക്കുന്നത് തികച്ചും തെറ്റാണെന്നും ബന്ധപ്പെട്ടവര്‍ അത് തിരുത്തണമെന്നും നായര്‍ സര്‍വീസ് സൊസൈറ്റി ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ ആവശ്യപ്പെട്ടു.
ഓണം നമുക്ക് ആഘോഷത്തിന്റെയും സംശുദ്ധമായ ഒരു ഭരണകാലഘട്ടത്തിന്റെയും ഓര്‍മ്മപുതുക്കലിന്റെ അവസരമാണ്. കള്ളവും, ചതിയും, കള്ളപ്പറയും ഇല്ലാതിരുന്ന മഹത്തായ ഒരു ഭരണത്തിന്റെ സ്മരണയുമാണ്. മഹാശക്തനും ജനക്ഷേമതല്പരനും സമ്പൂര്ണ്ണത്യാഗിയുമായ ഐതിഹാസികമാനമുള്ള ഒരു ചക്രവര്‍ത്തിയായിരുന്നു മഹാബലി. മഹാബലിയുടെ ഭരണമഹത്ത്വവും ത്യാഗസന്നദ്ധതയും പുനരവതരിപ്പിക്കുന്നതിനുള്ള ഒരു അവസരം കൂടിയായി വേണം ഓണത്തെ കാണേണ്ടത്. നിര്‍ഭാഗ്യവശാല്‍, മലയാളി അടുത്തകാലത്തായി ആഘോഷങ്ങളും അനുഷ്ഠാനങ്ങളുമെല്ലാം പൊരുളറിയാതെ അനുഷ്ഠിക്കുന്നത് ഗോഷ്ടികളായിമാറുന്നില്ലേ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇക്കാലത്ത് മഹാബലിയെ അവതരിപ്പിക്കുന്നത് അതിനൊരുദാഹരണമാണ്. ഓണക്കാലത്ത് മഹാബലിയെ ഉപഭോഗസംസ്കാരത്തിന്റെ ഭാഗമായി അപഹാസ്യകഥാപാത്രത്തിന്റെ മേലങ്കി അണിയിച്ച് അവതരിപ്പിക്കുവാനാണ് പലരും താല്പര്യപ്പെടുന്നത്.
സര്‍ക്കസിലെ ഒരു കോമാളിയുടെയോ, പഴയ നാടകത്തിലെ ഒരു വിദൂഷകന്റെയോ ഭാവത്തിലാണ് മഹാനായ ചക്രവര്‍ത്തിയായിരുന്ന, എക്കാലത്തേക്കും മാതൃകയാക്കാവുന്ന ഭരണം കാഴ്ചവച്ച മഹാബലിയെ ചിത്രീകരിക്കുന്നത്. ആദരിച്ച് അനാദരിക്കലും, ആഘോഷിച്ച് അധിക്ഷേപിക്കലും അല്ലേ അതെന്ന് തോന്നിപ്പോകുന്നു. ഏതെങ്കിലും ഒരു ഉല്പന്നത്തിന്റെയോ വ്യാപാരസ്ഥാപനത്തിന്റെയോ ബ്രാന്‍ഡ് അംബാസിഡര്‍ മാത്രമായി മഹാബലിയെ പുതിയ തലമുറ തെറ്റിദ്ധരിച്ചാല്‍ അവരെ കുറ്റംപറയാന്‍ പറ്റില്ല. അധികാരമുദ്രയായ കിരീടം ധരിച്ച്, അതേസമയം നിസ്വ നെപ്പോലെ ഓലക്കുടയും മെതിയടിയും അണിഞ്ഞ് പ്രജകളെ കണ്ട് അനുഗ്രഹിക്കാന്‍ സന്നദ്ധനായി വരുന്ന വാത്സല്യമൂര്‍ത്തിയായ ചക്രവര്‍ത്തിയെ, അലസന്മാരുടെ ശരീരപ്രകൃതിയായ കുംഭയും കൊമ്പന്മീശയുമായി അപഹാസ്യമായിട്ടാണ് അവതരിപ്പിക്കുന്നത്. അസുരന്മാരെ വികൃതശരീരികളായി അവതരിപ്പിച്ച പഴയ ചിത്രകലാപാരമ്പര്യം മഹാബലിയുടെ കാര്യത്തിലും അനുവര്‍ത്തിക്കുന്നത് മഹാകഷ്ടമാണ്.
സംസ്കാരം തലമുറകളിലേക്ക് അതിന്റെ തനിമ നഷ്ടപ്പെടാതെ പകര്‍ന്നു നല്കുവാനുള്ള പ്രതിബദ്ധത നമുക്കോരോരുത്തര്‍ക്കും ഉണ്ട്. ആഘോഷങ്ങളുടെ പൊരുളറിഞ്ഞ്, ആദരവോടെ സമീപിച്ച് മഹത്തായ സംസ്കാരത്തിന്റെ മാറ്റുകൂട്ടുകയാണ് ഓരോ മലയാളിയുടെയും ഉത്തമകര്ത്തവ്യം എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: