ന്യൂദല്‍ഹി: പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലില്‍ ഏറ്റവും കൂടുതല്‍ ഓഹരി വാങ്ങിക്കൂട്ടിയത് ലൈഫ് ഇന്‍ഷുറന്‍സ് കോര്പ്പറേഷന് ഓഫ് ഇന്ത്യ(എല്‍ ഐ സി). ഓഫര്‍ ഫോര്‍ സെയില്‍, ലേലം എന്നീ മാര്‍ഗ്ഗങ്ങളിലൂടെ നടന്ന ഓഹരി വിറ്റഴിക്കലില്‍ ഏകദേശം 16,400 കോടി രൂപയുടെ ഓഹരികളാണ് എല്‍ ഐ സി വാങ്ങിയതെന്നാണ് കണക്ക്.
2012 മാര്‍ച്ച് മുതല്‍ 11 കമ്പനികളുടെ ഓഹരി വിറ്റഴിക്കല്‍ മുഖേന 33,800 കോടി രൂപയാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തിയത്. എന്‍ടിപിസി, എന്‍ എം ഡി സി എന്നിവ ഒഴികെ ബാക്കിയുള്ള കമ്പനികളുടെ 50 ശതമാനത്തിലേറെ ഓഹരിയാണ് എല്‍ ഐ സി വാങ്ങിക്കൂട്ടിയിരിക്കുന്നത്.
ഒഎന്‍ജിസിയുടെ 93 ശതമാനത്തോളം(42.78 കോടി ഓഹരികള്‍) ഓഹരികള്‍ എല്‍ ഐ സി വാങ്ങിയിരിക്കുന്നത് 12,179 കോടി രൂപയ്ക്കാണ്. ബ്രോക്കറേജ്, എസ് ടി ടി (ഓഹരി കൈമാറ്റ നികുതി) എന്നിവയുള്‍പ്പെടെ ഓഹിര ഒന്നിന് 304.25 രൂപയാണ് ചെലവാക്കിയിരിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയില്‍ ഓഫര്‍ ഫോര്‍ സെയില്‍ മുഖേന എന്‍ ടി പി സിയുടെ 12 കോടി ഓഹരികളാണ് 1,765 കോടി രൂപയ്ക്ക് എല്‍ ഐ സി വാങ്ങിയത്. 2012 ഡിസംബറില്‍ എന്‍ എം ഡി സിയുടെ ഓഹരി വിറ്റഴിച്ചപ്പോള്‍ 1.86 കോടി ഓഹരികള്‍ 278 കോടി രൂപയ്ക്കാണ് എല്‍ ഐ സി സ്വന്തമാക്കിയത്.
സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്(സെയില്‍), നാല്‍കോ എന്നീ കമ്പനികളുടെ 50 ശതമാനം ഓഹരികളാണ് എല്‍ ഐ സി വാങ്ങിയത്. ഹിന്ദുസ്ഥാന്‍ കോപ്പര്‍, രാഷ്ട്രീയ കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസര്‍ ലിമിറ്റഡ്, സ്റ്റേറ്റ് ട്രേഡിംഗ് കോര്പ്പറേഷന്, ഐ ടി ഡി സി എന്നീ കമ്പനികളുടെ ഭൂരിഭാഗം ഓഹരികളും വാങ്ങിയതും എല്‍ ഐ സിയാണ്.
നടപ്പ് സാമ്പത്തിക വര്‍ഷം ഓഹരി വിറ്റഴിക്കലിലൂടെ 40,000 കോടി രൂപ സമാഹരിക്കുന്നതിനാണ് കേന്ദ്രം ലക്ഷ്യമിട്ടിരിക്കുന്നത്. ആറ് പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കല്‍ മുഖേന 1,325 കോടി രൂപയാണ് ഇതുവരെ സമാഹരിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഓഹരി വിറ്റഴിക്കലിലൂടെ 23,920 കോടി രൂപയാണ് സമാഹരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: