ന്യൂദല്‍ഹി: കല്ക്കരികേസ് അന്വേഷണവുമായി ബന്ധപ്പെട്ട് മന്ത്രാലയത്തില്‍ നിന്നും ഫയലുകള്‍ കാണാതായ സംഭവത്തില്‍ കേന്ദ്രവിജിലന്‍സ് കമ്മീഷന് സിബിഐയില്‍ നിന്നും വിശദീകരണം ചോദിച്ചു. ഫയലുകള്‍ അപ്രത്യക്ഷമായത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് ഇതിനേപ്പറ്റി വിശദീകരിക്കാന്‍ സിവിസി ആവശ്യപ്പെട്ടിരിക്കുന്നത്.
കല്‍ക്കരി മന്ത്രാലയത്തില്‍ നിന്നും അന്വേഷണവുമായി ബന്ധപ്പെട്ട ഫയലുകള്‍ ഒന്നും നല്‍കിയില്ലെന്ന് നേരത്തെ സിബിഐ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഫയലുകള്‍ കാണാനില്ലെന്ന മറുപടിയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. ഇതു പാര്‍ലമെന്റില്‍ വലിയ പ്രതിപക്ഷ ബഹളത്തിനു കാരണമായിരുന്നു. ഇതോടെയാണ് കേസന്വേഷണത്തിന്റെ മേല്‍നോട്ട ചുമതലയുള്ള സിവിസി പ്രശ്നത്തില്‍ ഇടപെട്ടിരിക്കുന്നത്.
കണാതായ ഫയലുകളേപ്പറ്റിയുള്ള വിവരം കൈമാറണമെന്ന് സിവിസി സിബിഐയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കല്‍ക്കരി അഴിമതി കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ എത്രയുണ്ട്, ഇത് എത്രമാത്രം അന്വേഷണത്തിന് തടസ്സമുണ്ടാക്കുന്നു തുടങ്ങിയ കാര്യങ്ങള്‍ സിബിഐ വ്യക്തമാക്കണം. കല്‍ക്കരി മന്ത്രാലയത്തോട് വിജിലന്‍സ് കമ്മീഷന് ഇതുസംബന്ധിച്ച വിശദീകരണം ചോദിക്കുമെന്നാണ് വിവരം.
2006 മുതല്‍ 2009 വരെയുള്ള കാലഘട്ടങ്ങളില്‍ കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട അഴിമതികളേപ്പറ്റിയാണ് സിബിഐ അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നത്. ഈ കാലയളവില്‍ കല്‍ക്കരിപ്പാടങ്ങള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചവരുടെ പേരുവിവരങ്ങളടങ്ങിയ ഫയലുകളാണ് കാണാതായിരിക്കുന്നതും. സിബിഐ ഇതുവരെ മൂന്ന് അന്വേഷണങ്ങളിലായി 13 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: