ലഖ്നോ: ഉത്തര്‍പ്രദേശില്‍ മുഗളഭരണമാണ് നടക്കുന്നതെന്ന് വിഎച്ച്പി അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് അശോക് സിംഗാള്‍ പോലീസ് അറസ്റ്റു ചെയ്യുന്നതിനിടെ മാധ്യമങ്ങളോട് പറഞ്ഞു. രാജ്യത്തെ ഹിന്ദുവിന് മതപരമായ ചടങ്ങു നിര്‍വഹിക്കാന്‍ പോലും അനുവാദമില്ലാത്ത അവസ്ഥയാണ് ഉള്ളത്.
എന്തിനാണ് പോലീസ് അറസ്റ്റുചെയ്യുന്നതെന്നറിയില്ല. എന്തെങ്കിലും അക്രമം കാണിച്ചെങ്കില്‍ അതു വ്യക്തമാക്കണം. സന്യാസിമാരെ പരിക്രമണയാത്രയില് നിന്നും തടഞ്ഞത് മുഗളഭരണത്തിന്റെ ലക്ഷണമാണ്. ദല്‍ഹിയിലേക്ക് മടക്കിയയക്കാന്‍ ഭരണകൂടം തീരുമാനിച്ചെങ്കിലും അയോധ്യയിലേക്ക് പോകുമെന്ന് സിംഗാള്‍ വ്യക്തമാക്കിയതോടെ പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു.
കോശിപരിക്രമണ യാത്ര തടഞ്ഞ യു.പി സര്‍ക്കാരിന്റെ നിലപാടിനെതിരെ രാജ്യവ്യാപകമായി ഇന്ന് പ്രതിഷേധ പരിപാടികള്‍ നടത്തുമെന്ന് വിഎച്ച്പി അന്താരാഷ്ട്ര ജനറല്‍സെക്രട്ടറി പ്രവീണ്‍ തൊഗാഡിയ പോലീസ് കസ്റ്റഡിയില്‍ വെച്ചു പറഞ്ഞു. സന്യാസിമാരെ തടഞ്ഞ സര്‍ക്കാര്‍ വലിയ പാതകമാണ് ചെയ്തിരിക്കുന്നത്. ഇതൊരു രാഷ്ട്രീയ യാത്രയായിരുന്നില്ല. സംസ്ഥാന സര്‍ക്കാരാണ് ഇതിനെ ഇത്തരത്തിലാക്കിയത്. ഇതിനു സര്‍ക്കാരിനു വലിയ വിലകൊടുക്കേണ്ടി വരും. രാജ്യത്തെ ഓരോ ഗ്രാമങ്ങളില്‍ നിന്നും സര്‍ക്കാര്‍ നടപടിക്കെതിരായ പ്രതിഷേധം ഉയരുമെന്നും തൊഗാഡിയ പറഞ്ഞു. യാത്ര രാഷ്ട്രീയപരമല്ലെന്നും സമയപരിധിയില്ലാതെ എല്ലാ പന്ത്രണ്ടുമാസവും ഇതു നടക്കുമെന്നും മഹന്ത് നൃത്യഗോപാല്‍ ദാസ് പറഞ്ഞു.
അതിനിടെ സന്യാസിമാരെ തടയുകയും കായികമായി നേരിടുകയും ചെയ്ത നടപടിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. വിവിധ ഹൈന്ദവ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നടപടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. സമാധാനപരമായി നടക്കുന്ന മതചടങ്ങുകള്‍ക്ക് ഭരണഘടന നല്കുന്ന സംരക്ഷണം എല്ലാവര്‍ക്കുമുണ്ടെന്നും യുപി സര്‍ക്കാര്‍ സ്വേച്ഛാധിപതികളേപ്പോലെ പെരുമാറുന്നതായും ആര്‍എസ്എസ് വക്താവ് രാംമാധവ് പ്രതികരിച്ചു. സന്യാസിമാരെ അറസ്റ്റു ചെയ്ത സര്‍ക്കാര്‍ നടപടി ദുഖകരമാണ്. ജനാധിപത്യത്തില്‍ സ്ഥാനമില്ലാത്ത നടപടിയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്,രാംമാധവ് കൂട്ടിച്ചേര്‍ത്തു.
യാത്ര നിരോധിച്ച ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടിയെ ബിജെപി ശക്തമായി അപലപിച്ചു. അശോക് സിംഗളിനെയും മറ്റു മതനേതാക്കളെയും അറസ്റ്റു ചെയ്ത നടപടിക്ക് ജനങ്ങളില്‍ നിന്ന് തിരിച്ചടി കിട്ടുമെന്ന് ബിജെപി നേതാവ് വെങ്കയ്യ നായിഡു പറഞ്ഞു. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും യാത്രകള്‍ നടത്താന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും അതിനെ തടയുന്നവര്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും വെങ്കയ്യ നായിഡു കൂട്ടിച്ചേര്‍ത്തു. യു.പി സര്‍ക്കാര്‍ കനത്ത വില നല്‍കേണ്ടി വരുമെന്ന് ഉമാഭാരതിയും പ്രതികരിച്ചു.
അതിനിടെ ഹിന്ദുക്കളുടെ പ്രതിഷേധം ഭയന്ന് സമാജ്വാദി പാര്‍ട്ടി സര്‍ക്കാരിന്റെ നടപടിയെ പിന്തുണയ്ക്കാന്‍ തയ്യാറാകാതെ കോണ്‍ഗ്രസ് രംഗത്തെത്തി. രാമക്ഷേത്രം പണിയണമെന്ന് ആവശ്യപ്പെട്ട് അയോധ്യയിലേക്ക് നടക്കുന്ന യാത്ര ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നിരോധിച്ചതില്‍ കോണ്‍ഗ്രസിനു യാതൊരു പങ്കുമില്ലെന്ന് കേന്ദ്ര മന്ത്രി സല്മാന് ഖുര്‍ഷിദ് പറഞ്ഞു. നിരോധന തീരുമാനം സമാജ്വാദി പാര്‍ട്ടിയുടേതാണെന്നും എല്ലാവര്ക്കും മതങ്ങള്‍ അനുശാസിക്കുന്ന കര്‍മങ്ങള്‍ ചെയ്യാനുള്ള അനുമതിയുണ്ടെന്നും ഖുര്‍ഷിദ് പറഞ്ഞു. സന്യാസിമാരെ തടഞ്ഞ നടപടിയിലുള്ള രാഷ്ട്രീയമായ തിരിച്ചടി രൂക്ഷമായിരിക്കുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. വിവിധ പദ്ധതികള്‍ നടപ്പാക്കുമ്പോള്‍ 20 ശതമാനം മുസ്ലീം സംവരണം ഏര്‍പ്പെടുത്തി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രണ്ടുദിവസം മുമ്പ് ഉത്തരവ് പുറപ്പെടുവിച്ചതും സംസ്ഥാനത്ത് മതധ്രുവീകരണത്തിനു കാരണമാകുമെന്ന ഭയത്തിലാണ് കോണ്‍ഗ്രസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: