ശ്രീനഗര്‍: ഇന്ത്യ-പാക്കിസ്ഥാന് അതിര്‍ത്തിയില്‍ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നു. ഇന്ത്യന്‍ പോസ്റ്റിന് നേരെ വെടിയുതിര്‍ക്കല്‍ ശക്തമായതിനെതുടര്‍ന്ന് ഇന്ത്യ തിരിച്ചടിച്ചു. ഷെല്ലുകളും റോക്കറ്റുകളും അതിര്‍ത്തിക്കപ്പുറത്തേക്ക് വര്‍ഷിച്ചായിരുന്നു പാക്കിസ്ഥാന് സൈന്യത്തിന്റെ ആക്രമണം.
പൂഞ്ചിലെ ഭംബീര് ഗാലി സബ് സെക്ടറിലേക്ക് പ്രകോപനമില്ലാതെ പാക് സൈന്യം ആക്രമണം നടത്തുകയായിരുന്നെന്ന് പ്രതിരോധ വക്താവ് കേണല്‍ ആര്.കെ. പള്‍ട്ട പറഞ്ഞു. പൂഞ്ചില്‍ 24 മണിക്കൂറിനുള്ളില്‍ മൂന്ന് തവണയാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. മെന്തര്‍ സബ്സെക്ടറിലേക്കും പാക് സൈന്യം വെടിയുതിര്‍ത്തതായും പള്‍ട്ട അറിയിച്ചു.
ഇന്ത്യന്‍ സേനയും ശക്തമായി തിരിച്ചടിക്കാന്‍ തുടങ്ങിയതോടെ മണിക്കൂറുകളോളം വെടിവയ്പുണ്ടായതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഇന്ത്യന്‍ സൈനികവൃത്തം അറിയിച്ചു. ബാലകോട്ട് മേഖലയില്‍ അത്യാധുനികആയുധങ്ങള് ഉപയോഗിച്ചായിരുന്നു പാക്സൈന്യത്തിന്റെ ആക്രമണം. ജനവാസകേന്ദ്രങ്ങളിലേക്ക് പാക്കിസ്ഥാന് നടത്തിയ ഷെല്ലാക്രണത്തില്‍ മുഹമ്മദ് ഖാലി എന്ന കുട്ടിക്ക് പരിക്ക് പറ്റി. ശനിയാഴ്ച്ച രാത്രി ചിറ്റി ബക്രി മേഖലയിലേക്ക് നടത്തിയ വെടിവയ്്പിലാണ് കുട്ടിക്ക് പരിക്കേറ്റതെന്നും കുട്ടി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണെന്നും ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന് അറിയിച്ചു.
ആഗസ്റ്റ് ആറ് മുതല്‍ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയിലേക്ക് ആക്രമണം നടത്തുന്നത് പതിവാക്കിയിരിക്കുകയാണ്. ഈ വര്‍ഷം ജനുവരി മുതല്‍ 80 തവണയാണ് പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരിക്കുന്നത്. ഇതിനിടെ തങ്ങളുടെ അതിര്‍ത്തിയിലേക്ക് ഇന്ത്യ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെട്ടതായി പാക്കിസ്ഥാന് ആരോപിച്ചു. നിക്യാല് സെക്ടറില്‍ വീടിന് മുകളില്‍ ഷെല്‍ വീണ് സ്ത്രീ മരിച്ചതായിട്ടാണ് പാക്കിസ്ഥാന്റെ ആരോപണം. എന്നാല്‍ ആരോപണത്തോട് ഇന്ത്യ പ്രതികരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: