ഇന്‍ഡോര്‍: ഇന്ത്യന്‍ രൂപ മാത്രമല്ല, ഇന്ത്യ സ്വീകരിച്ച മാതൃകാ സമ്പദ് വ്യവസ്ഥതന്നെ അത്യാസന്ന നിലയിലാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പറഞ്ഞു. ഇന്‍ഡോറില്‍ ചെറുകിട വ്യവസായികളുടെ സംഘടനയായ ലഘു ഉദ്യോഗ് ഭാരതി അഖിലേന്ത്യാ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“ഇപ്പോള്‍ ജനങ്ങള്‍ പറയുന്നു ഇന്ത്യന്‍ രൂപ അത്യാസന്ന നിലയിലാണെന്ന്. പക്ഷേ, എനിക്കു തോന്നുന്നത് ഇന്ത്യന്‍ രൂപ മാത്രമല്ല, ഇന്ത്യ സ്വീകരിച്ച സമ്പദ് വ്യവസ്ഥയുടെ മാതൃകയും സങ്കല്‍പ്പവുംതന്നെ അത്യാസന്ന നിലയിലാണെന്നാണ്,” അദ്ദേഹം പറഞ്ഞു.
“ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണ്. മറ്റു രാജ്യങ്ങള്‍ രൂപപ്പെടുത്തുന്ന നയപരിപാടികള്‍ പിന്തുടരേണ്ടതിന്റെ ആവശ്യകത ഇന്ത്യക്കില്ല. പകരം നമ്മുടെ പൂര്‍വികര്‍ രൂപപ്പെടുത്തിയ, പിന്തുടര്ന്ന് വിജയിച്ച സാമ്പത്തിക, വ്യവസായ നയ മാതൃകകള്‍ നമുക്കു മുന്നിലുണ്ട്. പകരംവെക്കാവുന്ന ബദല്‍ സാമ്പത്തിക നയം തേടുന്ന ലോകത്തിനു തന്നെ അതു സമര്പ്പിക്കാവുന്നതാണത്,” മോഹന്‍ ഭാഗവത് പറഞ്ഞു.
നേരിട്ടുള്ള വിദേശ നിക്ഷേപം എന്തുകൊണ്ടാണ് നമ്മുടെ രാജ്യത്ത് ചെറുകിട വ്യാപാര രംഗത്ത് നടപ്പാക്കിയതെന്ന് അത്ഭുതം പ്രകടിപ്പിച്ച സര്‍സംഘചാലക്, “രാജ്യത്തിന്റെ സുരക്ഷാ മേഖലയിലും വിദേശ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് നാം എന്തുകൊണ്ടു ചര്‍ച്ചചെയ്യുന്നു”വെന്ന് ചോദിച്ചു.
“ബാഹ്യ ശക്തികള്‍ നമ്മെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നെങ്കില്‍ അതംഗീകരിക്കാന്‍ നമ്മള് തയ്യാറാകരുതെ”ന്നു പറഞ്ഞ അദ്ദേഹം, രാജ്യത്തിന്റെ സാമ്പത്തിക-വ്യാവസായിക രംഗത്തെ സ്വാശ്രയത്വത്തിന് വേണ്ടി പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയാണു വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. “ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയെ ബാധിക്കാതിരുന്നത് നമ്മുടെ പരമ്പരാഗത സാമ്പത്തിക രീതികൊണ്ടും ചെറുകിട ഗ്രാമീണ വ്യവസായ സമ്പ്രദായങ്ങള്‍ കൊണ്ടുമായിരുന്നു”വെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: