ന്യൂദല്‍ഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ 272 സീറ്റ് നേടുക എന്ന ലക്ഷ്യംവെച്ച് നരേന്ദ്രമോദി നേതൃത്വം നല്കുന്ന ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണസമിതി പ്രവര്‍ത്തനം ശക്തമാക്കി. ‘മിഷന് 272 പ്ലസ്’ എന്ന ദൗത്യം വിജയിപ്പിക്കാന്‍ ആഴത്തിലുള്ളതും സമഗ്രവുമായ പ്രവര്‍ത്തന പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് മോദി നിര്‍ദ്ദേശം നല്കി.
പാര്‍ട്ടിയുടെ സംഘടനാ സംവിധാനവും ബഹുജനാടിത്തറയും താഴെത്തലം മുതല്‍ ശക്തിപ്പെടുത്തല്‍, എല്ലാ വിഭാഗം വോട്ടര്‍മാരെയും പ്രത്യേകിച്ച് യുവാക്കളായ ആദ്യ വോട്ടര്‍മാരെ സമീപിക്കല്‍ എന്നിവ പ്രവര്ത്തനപദ്ധതിയില്പ്പെടുന്നു.
പാര്‍ട്ടിയുടെ പ്രചാരണം ശക്തമായി മുന്നോട്ടു കൊണ്ടുപോകാന്‍ 20 തെരഞ്ഞെടുപ്പ് സമിതികളില്നിന്നുള്ള 100 നേതാക്കള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയാണ്. എന്നാല്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് സമിതികളുടെ ഫലപ്രദമായ പ്രവര്‍ത്തനമാണ് തെരഞ്ഞെടുപ്പില്‍ വിജയം കൊണ്ടുവരികയെന്ന ധാരണയും നേതൃത്വത്തിനുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ ദല്‍ഹി, രാജസ്ഥാന്, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, മിസോറാം എന്നീ സംസ്ഥാനങ്ങളില്‍ വിജയം നേടുന്നതിനാണ് പാര്‍ട്ടി അടിയന്തര പ്രാധാന്യം നല്‍കുന്നത്. ഇതില്‍തന്നെ രാജസ്ഥാനില്‍ അധികാരം തിരിച്ചുപിടിക്കുകയെന്നതും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും അധികാരം നിലനിര്‍ത്തുകയെന്നത് വെല്ലുവിളി തന്നെയാണ്.
ഉത്തര്‍പ്രദേശിലും ബീഹാറിലും വിജയം നേടുകയെന്നതാണ് ദല്‍ഹിയിലേക്കുള്ള ബിജെപിയുടെ പാത എളുപ്പമാക്കുക. മോദിയുടെ നേതൃത്വത്തില്‍ ബീഹാറില്‍ പാര്‍ട്ടിക്ക് വന്‍ വിജയം നേടാനാവുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ഉത്തര്‍പ്രദേശില്‍ അമിത് ഷായ്ക്ക് പാര്‍ട്ടിയുടെ ചുമതല നല്‍കിയതോടെ പ്രചാരണരംഗത്ത് ശക്തമായ തുടക്കം കുറിച്ചിരിക്കുകയാണ്. 80 സീറ്റുള്ള ഉത്തര്‍പ്രദേശില്‍ തന്ത്രജ്ഞനായ അമിത് ഷായ്ക്ക് അത്ഭുതങ്ങള്‍ കാണിക്കാനാവുമെന്നാണ് കരുതപ്പെടുന്നത്. കോണ്‍ഗ്രസിന്റെയും മുലായത്തിന്റെയും മായാവതിയുടെയും ന്യൂനപക്ഷ പ്രീണനനയം തുറന്നുകാട്ടിക്കൊണ്ടുള്ള പ്രചാരണരീതിയായിരിക്കും യുപിയില്‍ ബിജെപി ആവിഷ്കരിക്കുക.
പാര്‍ട്ടിക്ക് ലോക്സഭാ പ്രാതിനിധ്യമില്ലാത്ത പശ്ചിമബംഗാളിലും ഒഡീഷയിലും സീറ്റുകള്‍ നേടുകയെന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ്. ഒഡീഷയില്‍ ജനകീയനായ പാര്‍ട്ടി നേതാവ് ബിജേയ് മഹാപാത്രയ്ക്ക് ചുമതല നല്‍കുക വഴി വലിയ നേട്ടമുണ്ടാക്കാനാവുമെന്നാണ് ബിജെപി കണക്കുകൂട്ടുന്നത്.
കര്‍ണാടകയില്‍ കഴിഞ്ഞതവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം എങ്ങനെ ആവര്‍ത്തിക്കാനാവുമെന്നും പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നു. ഇതിനായി പാര്‍ട്ടി വിട്ട ബി.എസ്.യെദ്യൂരപ്പയെ തിരികെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ആന്ധ്രയിലും തമിഴ്നാട്ടിലും മോദിമാജിക്കിലൂടെ സീറ്റുകള്‍ നേടാനാവുമെന്നാണ് കരുതപ്പെടുന്നത്. ഹൈദരാബാദില്‍ അടുത്തിടെ മോദിക്ക് ലഭിച്ച വന്‍ സ്വീകരണം ഇതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത്തരം സമ്മേളനങ്ങള്‍ ആന്ധയിലെ മറ്റിടങ്ങളിലും തമിഴ്നാട്ടിലും സംഘടിപ്പിക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: