റോം: പുതിയ സീസണ് സീരി എ ലീഗിന്റെ ഉദ്ഘാടന മത്സരത്തില്‍ കരുത്തരായ എസി മിലാന് ഞെട്ടിപ്പിക്കുന്ന തോല്‍വി. ലീഗിലെ ആദ്യ മത്സരത്തില്‍ നവാഗതരായ ഹെല്ലാസ് വെറോണയാണ് മിലാനെ അട്ടിമറിച്ചത്. വെറ്ററന്‍ സ്ട്രൈക്കര്‍ ലൂക്കാ ടോണിയുടെ ഇരട്ട ഗോളുകളാണ് മിലാന് മേല്‍ വെറോണക്ക് തകര്‍പ്പന്‍ വിജയം നേടിക്കൊടുത്തത്. മറ്റൊരു മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ജുവന്റസ് വിജയത്തോടെ പുതിയ സീസിണ് തുടക്കം കുറിച്ചു. സാംപദോറിയയെയാണ് ജുവന്റസ് കീഴടക്കിയത്.
ഹെല്ലാസ് വെറോണക്കെതിരായ പോരാട്ടത്തില്‍ ആദ്യം ലീഡ് നേടിയ ശേഷമാണ് മിലാന് പരാജയം രുചിച്ചത്. 14-ാം മിനിറ്റില്‍ ആന്ദ്രെ പോളിയുടെ ഗോളിലൂടെ എസി മിലാന് മുന്നിലെത്തി. സൂപ്പര്‍ താരം മരിയോ ബെലോട്ടെല്ലി നല്കിയ പാസ് സ്വീകരിച്ച് രണ്ട് എതിര് ഡിഫന്റര്‍മാര്‍ക്ക് ഇടയിലൂടെ പോളി ഉതിര്‍ത്ത ഷോട്ട് വെറോണ ഗോളിയെ കീഴ്പ്പെടുത്തി വലയില്‍ കയറി. പുതിയ സീസണിലെ ആദ്യ ഗോള്‍ അങ്ങനെ ആന്ദ്രെ പോളി തന്റെ പേരില്‍ എഴുതിച്ചേര്‍ത്തു.
എന്നാല്‍ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ വിട്ടുകൊടുക്കാന്‍ വെറോണ താരങ്ങള്‍ തയ്യാറല്ലായിരുന്നു. സ്ട്രൈക്കര്‍ ലൂക്കാ ടോണിയുടെയും ബോസ്കോ ജാന്കോവിച്ചിന്റെയും നേതൃത്വത്തില്‍ അവര്‍ തുടര്‍ച്ചയായി എസി മിലാന് ഗോള്‍മുഖത്തേക്ക് പന്തുമായി കുതിച്ചുകയറി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ 30-ാം മിനിറ്റില്‍ വെറോണ സമനില നേടി. കോര്‍ണര്‍കിക്കില്‍ നിന്നാണ് ഗോള്‍ പിറന്നത്. റൊമുലൊ എടുത്ത കിക്ക് തകര്‍പ്പനൊരു ഹെഡ്ഡറിലൂടെ ലൂക്കാ ടോണി മിലാന് പോസ്റ്റിലേക്ക് തിരിച്ചുവിടുകയായിരുന്നു. ആദ്യപകുതിയില്‍ ഇരുടീമുകളും 1-1 സമനില പാലിച്ചു.
രണ്ടാം പകുതി ആരംഭിച്ച് എട്ട് മിനിറ്റായപ്പോഴേക്കും വെറോണ ലീഡ് നേടി. റൊമുലോയും ജാന്‍കോവിച്ചും ചേര്‍ന്ന് നടത്തിയ നീക്കത്തിനൊടുവില്‍ ലഭിച്ച പന്ത് ലൂക്കാ വലയിലെത്തിച്ചു. ഇതിന് തൊട്ടുമുമ്പ് ലീഡ് ഉയര്‍ത്താന്‍ വെറോണയുടെ ജാന്‍കോവിച്ചിന് അവസരം ലഭിച്ചെങ്കിലും മിലാന് അത്ഭുതകരമായി രക്ഷപ്പെടുത്തി.
മറ്റൊരു മത്സരത്തില്‍ നിലവിലെ ലീഗ് ചാമ്പ്യന്മാരായ ജുവന്റസ് 1-0ന് കരുത്തരായ സാംപദോറിയയെ പരാജയപ്പെടുത്തി. ഈ സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്ന് ജുവന്റസിലെത്തിയ അര്‍ജന്റീന താരം കാര്‍ലോസ് ടെവസാണ് പുതിയ സീസണിലെ ആദ്യ പോരാട്ടത്തില്‍ ജുവന്റസിന്റെ വിജയഗോള്‍ നേടിയത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം മത്സരത്തിന്റെ 58-ാം മിനിറ്റിലാണ് കാര്‍ലോസ് ടെവസ് ടീമിന്റെ വിജയഗോള്‍ നേടിയത്.
അതേസമയം ജര്‍മ്മന്‍ ബുണ്ടസ് ലീഗയില്‍ നിലവിലെ കിരീട ജേതാക്കളായ ബയേണ്‍ മ്യൂണിക്ക് പടയോട്ടം തുടരുകയാണ്. ഇന്നലെ നടന്ന മത്സരത്തില്‍ ന്യൂറംബര്‍ഗിനെ 2-0ന് പരാജയപ്പെടുത്തി. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 69-ാം മിനിറ്റില്‍ സ്ട്രൈക്കര്‍ ഫ്രാങ്ക് റിബറിയും 78-ാം മിനിറ്റില്‍ അര്ജന് റോബനുമാണ് ബയേണിന്റെ ഗോളുകള്‍ നേടിയത്. മറ്റ് മത്സരങ്ങളില്‍ ബയേണ്‍ ലെവര്ക്യൂസന്, ഹാനോവര്‍ 96, മെയ്ന്‍സ്, ഹെര്‍ത്ത ബെര്‍ലിന്‍ എന്നീ ടീമുകളും വിജയം സ്വന്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: