കൊച്ചി: സംസ്ഥാനത്ത് ഒരു ലക്ഷം ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് ഭൂമി വീതം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം അവരോടുള്ള കടുത്ത വഞ്ചനയാണെന്ന് എറണാകുളം പാവക്കുളത്ത് ചേര്‍ന്ന ഹിന്ദു ഐക്യവേദി സംസ്ഥാന നേതൃയോഗം അഭിപ്രായപ്പെട്ടു. കൃഷിയോഗ്യമായ ഒന്നര ഏക്കര്‍ ഭൂമിയും വീടും നല്‍കാമെന്ന ചെങ്ങറ ഭൂസമരത്തിന്റെ ഒത്തുതീര്‍പ്പ് വ്യവസ്ഥയാണ് സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുന്നത്. പാട്ടക്കാലാവധി കഴിഞ്ഞ പതിനായിരക്കണക്കിന് ഏക്കര്‍ തോട്ടഭൂമി ഏറ്റെടുക്കാതെ സര്‍ക്കാര്‍ വന്‍കിടക്കാരെ സഹായിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
വിദേശ കറന്‍സി തട്ടിപ്പില്‍ അറസ്റ്റുചെയ്യപ്പെട്ട കെ.പി. പുന്നൂസിന് കെ.പി. യോഹന്നാന്റെ ബിലീവേഴ്സ് ചര്‍ച്ചുമായുള്ള ബന്ധം അന്വേഷണ വിധേയമാക്കണം. കേസ് ദുര്‍ബലപ്പെടുത്തുന്നതിനും പുന്നൂസിനെ രക്ഷിക്കുന്നതിനും ഉന്നതതല ഗൂഢാലോചന നടക്കുന്നുണ്ട്. കാരുണ്യപ്രവര്ത്തനങ്ങള്ക്കെന്ന പേരില്‍ വിദേശസംഭാവനകള്‍ കൈപ്പറ്റുന്ന ക്രിസ്ത്യന്‍ മിഷണറി സംഘങ്ങള്‍ മതപ്രചാരണത്തിനും മതപരിവര്ത്തനത്തിനുമായാണ് ആ പണംവിനിയോഗിക്കുന്നത്. ബിനാമിയായി രജിസ്റ്റര്‍ ചെയ്യപ്പെട്ട നിരവധി സംഘടനകള്‍ വ്യാജരേഖ ഉപയോഗിച്ച് വിദേശപണം കൈപ്പറ്റുന്നുണ്ട്. ഇത്തരം സംഘടനകളെ സര്‍ക്കാര്‍ കര്‍ശനമായി നിയന്ത്രിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ശബരിമല പുല്ലുമേട് ദുരന്തത്തെ സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണക്കമ്മീഷന് റിപ്പോര്‍ട്ട് നാളിതുവരെ വെളിച്ചം കണ്ടിട്ടില്ല. റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒരു വര്‍ഷത്തിലേറെയായിട്ടും അതിന്മേല് ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കാത്തതില്‍ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവസ്ഥലത്ത് അനാഥമായി കാണപ്പെട്ട ഒരു ജീപ്പ്പും ബൈക്കും ആരുടേതാണെന്ന് കണ്ടെത്താന്‍ പോലും പോലീസിന് കഴിഞ്ഞില്ലെന്നത് അങ്ങേയറ്റം ദുരൂഹമാണ്.
ഭീകരവാദത്തെ കേരള സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്നതിന്റെ വ്യക്തമായ തെളിവാണ് ലഷ്കറെ തൊയ്ബ ഭീകരന് തടിയന്റവിട നസീറിന്റെ സഹായിയും കണ്ണൂര്‍ പൈപ്പ്ബോംബ് കേസിലെ പ്രതിയുമായ മെഹ്റൂഫിന് കണ്ണൂര്‍ കോടതി ജാമ്യം നല്‍കാനുണ്ടായ സാഹചര്യം. വര്‍ഗീയകലാപം സൃഷ്ടിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് കായംകുളത്ത് ആരാധനാലയങ്ങള്‍ക്ക് നേരെ നടന്ന ആക്രമണങ്ങളില്‍ അറസ്റ്റുചെയ്യപ്പെട്ടവരുടെ അന്തര്‍ സംസ്ഥാന ബന്ധങ്ങളെക്കുറിച്ചുള്ള അന്വേഷണം മരവിച്ചിരിക്കുകയാണ്. ഈ കേസ് എന്‍ഐഎ ഏറ്റെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് മറച്ചുവെച്ചത് ഗുരുതരമായ വീഴ്ചയാണ്. മലപ്പുറത്ത് മഞ്ചേരിയില്‍ തുടങ്ങാന്‍ പോകുന്ന മെഡിക്കല്‍ കോളേജിന് മുഹമ്മദാലി ശിഹാബ് തങ്ങളുടെ പേര് നല്‍കാനുള്ള നീക്കം ഉപേക്ഷിക്കണം. കേരളത്തില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്ക്കൊന്നിനും വ്യക്തികളുടെ പേര് നല്‍കിയിട്ടില്ലെന്ന് യോഗം ചൂണ്ടിക്കാട്ടി. ജനപ്പെരുപ്പം കണക്കിലെടുത്ത് മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെടുന്ന ചില മുസ്ലീം സംഘടനകളുടെ ഉദ്ദേശശുദ്ധി സംശയകരമാണെന്ന് യോഗം വിലയിരുത്തി.
മഹാത്മാ അയ്യങ്കാളിയുടെ 150-ാം ജന്മവാര്‍ഷികത്തെ സര്‍ക്കാര്‍ പൂര്‍ണമായും അവഗണിച്ചു. സാമൂഹ്യപരിഷ്കരണങ്ങള്‍ക്ക് നെടുനായകത്വം വഹിച്ച അയ്യങ്കാളിയെ അവഗണിച്ച സര്‍ക്കാര്‍ നടപടിയില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗ്ഗവറാം ഭദ്രദീപം കൊളുത്തി ഉദ്ഘാടനംചെയ്ത യോഗത്തില്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.എന്‍. രവീന്ദ്രനാഥ് അധ്യക്ഷനായിരുന്നു. കുമ്മനം രാജശേഖരന് സമാപനപ്രഭാഷണം നടത്തി. എം.കെ. കുഞ്ഞോല്‍, ഇ.എസ്. ബിജു, കെ.പി. ഹരിദാസ്, സി. ബാബു, എം. രാധാകൃഷ്ണന് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ മാര്‍ഗദര്‍ശനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: