തിരുവല്ല: വിവേകാനന്ദ സ്വാമികളുടെ 150-ാം ജയന്തി അഘോഷത്തോടനുബന്ധിച്ച് കവടിയാര്‍ കൊട്ടാരം പാര്‍ക്കില്‍ നിര്‍മ്മിക്കുന്ന വിവേകാനന്ദ മണ്ഡപത്തിന്റെ രൂപ കല്പന ചെയ്ത ചാരിതാര്‍ത്ഥ്യത്തിലാണ് വാസ്തുവിദ്യ ഗുരുകുലത്തിന്റെ കണ്‍സള്‍ട്ടന്റ് എന്‍ജിനീയറായ മനോജ് എസ്. നായര്‍. വാസ്തു വിദ്യയുടെ ഭാഗമായി നൂറുകണക്കിന് കെട്ടിട സമുച്ചയങ്ങള്‍ക്ക് രൂപകല്പന നടത്തുവാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ചരിത്രയേടുകളില്‍ തങ്ക ലിപികളാല്‍ ആലേഖനം ചെയ്യപ്പെടാവുന്ന വിവേകാനന്ദ മണ്ഡപത്തിന്റ രൂപകല്പനയില് ഭാഗഭാക്കാകുവാന്‍ അവസരം ലഭിച്ചതിലുള്ള ആത്മഹര്‍ഷത്തിലാണ് തിരുവല്ല സ്വദേശിയായ ഈ വാസ്തുവിദ്യാചാര്യന്.
സ്വാമി വിവേകാനന്ദന്റെ 150-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായാണ് തിരുവനന്തപുരം കവടിയാര്‍ കൊട്ടാരത്തിന് മുന്നിലെ കോര്പ്പറേഷന് വക പാര്‍ക്കില്‍ വിവേകാനന്ദ മണ്ഡപം സ്ഥാപിക്കുന്നത്. സ്വാമിജിയുടെ ചിക്കാഗോ പ്രസംഗത്തിന്റെ വാര്‍ഷികദിനമായ സെപ്തംബര്‍ 11-നാണ് പ്രതിമയുടെ അനാഛാദനം നടക്കുന്നത്. കന്യാകുമാരി വിവേകാനന്ദകേന്ദ്രം , തിരുവനന്തപുരം ശ്രീരാമകൃഷ്ണാശ്രമം, ഭാരതീയ വിചാരകേന്ദ്രം എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഒരു കോടിയോളം രൂപ ചെലവുവരുന്ന വിവേകാനന്ദ മണ്ഡപത്തിന്റെ നിര്‍മ്മാണം പുരോഗമിച്ചുവരുന്നത്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി വിവേകാനന്ദ മണ്ഡപങ്ങളുണ്ടെങ്കിലും കേരളത്തിന്റെ തനതായ വാസ്തുവിദ്യയും ശില്പചാതുര്യവും ഉപയോഗിച്ചുള്ള രാജ്യത്തെ ആദ്യ വിവേകാനന്ദ മണ്ഡപമാണ് കവടിയാറില്‍ ഉയരുന്നത്. ക്ഷേത്രസങ്കല്പത്തില്തന്നെ പതിനാല് അംശം പാതബന്ധം തറയില്‍ ഉറപ്പിച്ചിട്ടുള്ള നാല് സ്തംഭങ്ങളും അധിഷ്ഠാനവും പരിപൂര്‍ണ്ണമായും ശിലകളില്‍ കൊത്തുപണികളോടെ നിര്‍മ്മിതമാണ്. ഇരുപതടി സമചതുരത്തില്‍ നാല്പത്തിമൂന്ന് അടി ഉയരമുള്ള മണ്ഡപത്തിന് അഞ്ച് അടി ഉയരമുള്ള അധിഷ്ഠാനവും സോപാനത്തോടുകൂടിയ പത്ത് പടികളുമുണ്ട്. രണ്ടടി വ്യാസമുള്ള ചതുരാകൃതിയിലുള്ള സ്തംഭങ്ങളിലാണ് മേല്‍ക്കൂര താങ്ങി നില്‍ക്കുന്നത്. രണ്ട് തട്ടുകളിലായി വിന്യസിച്ചിരിക്കുന്ന മേല്‍ക്കൂര കോണ്‍ക്രീറ്റ് നിര്‍മ്മിതവും പരമ്പരാഗത ക്ഷേത്ര മാതൃകയില്‍ ചെമ്പോല തറച്ചിട്ടുള്ളതുമാണ്. തടിയില്‍ ശില്പചാതുര്യം വിളിച്ചോതുന്ന ക്രാസി പണികള്‍ക്കൊപ്പം ബാലകൂടങ്ങളും മേല്തട്ടിനുണ്ട്. തടിയില്‍ തീര്‍ത്തിട്ടുള്ള നാല് മുഖപ്പുകളും കേരളീയ വാസ്തുകലയുടെ പ്രാഗത്ഭ്യം തെളിയിക്കുന്നതാണ്. മുപ്പത്തിമൂന്നുകോല് പതിനാറ് അംഗുലം പഞ്ചയോനിയിലാണ് മുകള്പടി ചുറ്റ്. ഉപപീഠ പാദുകചുറ്റ് നാല്പത് കോല് എട്ട് അംഗുലത്തില്‍ ധ്വജയോനിയിലുള്ളതാണ്.
കന്യാകുമാരി വിവേകാനന്ദ പാറയില്‍ സ്ഥാപിച്ചിട്ടുള്ള വിവേകാനന്ദ പ്രതിമയുടെ ശില്പിയുടെ പുത്രനായ മദ്രാസ് സ്വദേശി ദക്ഷിണാമൂര്‍ത്തിയാണ് ഇവിടെ സ്ഥാപിക്കുന്നതിനുള്ള പ്രതിമ നിര്‍മ്മിക്കുന്നത്. രണ്ടര അടി ഉയരത്തിലുള്ള പീഠത്തില്‍ ഒന്‍പതര അടി പൊക്കമുള്ളതാണ് മഹാബലിപുരത്ത് നിര്‍മ്മാണത്തിലിരിക്കുന്ന സ്വാമി വിവേകാനന്ദന്റെ വെങ്കല പ്രതിമയ്ക്ക്. മണ്ഡപത്തിലെ ഗ്രാനൈറ്റ് ജോലികള്‍ പൂര്‍ത്തിയാക്കുന്നത് ചെങ്ങന്നൂര്‍ മഹേഷ് പണിക്കരും സംഘവുമാണ്. മേല്‍ക്കൂരയിലെ ചെമ്പോലയുടെ നിര്‍മ്മാണം മാന്നാറിലെ ദേവീമെറ്റല്സാണ്.
എം.ആര്. അനില്‍ കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: