കണ്ണൂര്‍: നാടിനെ നടുക്കിയ ചാല ടാങ്കര്‍ ദുരന്തത്തിന് നാളെ ഒരു വയസ്. ദുരന്തത്തിന്റെ ഞെട്ടലിന്റെ ഓര്‍മ്മയില്‍ ഇന്നും നാട്ടുകാര്‍. 2012 ആഗസ്ത് 27ന് അര്‍ദ്ധരാത്രിയോടടുത്താണ് 20 മനുഷ്യജീവനുകളെ അപഹരിക്കുകയും കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത ചാല ടാങ്കര്‍ ദുരന്തം ഉണ്ടായത്. കണ്ണൂര്‍-കൂത്തുപറമ്പ് റൂട്ടില്‍ ചാല ക്ഷേത്രത്തിന് സമീപത്തുകൂടി ഓടിക്കൊണ്ടിരുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ടാങ്കര്‍ ലോറി ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് വന്‍സ്ഫോടനത്തോടെ പ്രദേശത്താകെ ദുരന്തം വിതയ്ക്കുകയായിരുന്നു.
മനുഷ്യജീവനുകള്‍ നഷ്ടപ്പെട്ടതിന് പുറമേ നിരവധി പേര് പൊള്ളലേറ്റും മറ്റും ഇന്നും ദുരന്തത്തിന്റെ ദുരിതങ്ങള്‍ പേറി മാനസികമായും ശാരീരികമായും ബുദ്ധിമുട്ടനുഭവിച്ച് ജീവിക്കുകയാണ്. തിരുവോണം ആഘോഷിക്കാനുള്ള ഉത്രാടപ്പാച്ചിലിനിടയിലാണ് അഗ്നിനാളങ്ങള്‍ ദുരന്തത്തില്‍ പെട്ടവരെ തട്ടിയെടുത്തത്. ഒരു കുടുംബത്തിലെ 5 പേരുള്‍പ്പെടെ നിരവധി കുടുംബങ്ങളിലെ ഒന്നിലധികം പേരെ അപകടം തട്ടിയെടുത്തിരുന്നു. ഏക്കറുകളോളം കാര്‍ഷിക വിളകള്‍, നിരവധി വീടുകള്‍, കെട്ടിടങ്ങള്‍ എന്നിവ സ്ഫോടനത്തില്‍ തകരുകയും പ്രദേശം ദുരന്തഭൂമിയായി മാറുകയും ചെയ്തിരുന്നു.
കടകളും വീടുകളും ബസ് കാത്തിരിപ്പ് കേന്ദ്രവുമുള്‍പ്പെടെ നവീകരിച്ചെങ്കിലും ദുരന്തത്തിന്റെ അലയടികള്‍ സൃഷ്ടിച്ച ഭീതിജനകമായ അന്തരീക്ഷം ഇപ്പോഴും പ്രദേശത്ത് വിട്ടുമാറിയിട്ടില്ല. ദുരന്തം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോഴും ദുരന്തത്തില്‍ പെട്ടവര്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാതെ ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് നടത്തുന്ന ഒളിച്ചുകളിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ദുരന്തം നടന്ന് തൊട്ടടുത്ത ദിവസങ്ങളില്‍ ചാലയിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പെടെയുള്ളവര്‍ ഐഒസിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുമെന്നും പറഞ്ഞിരുന്നു.
ദുരന്തത്തില്‍ അഞ്ചരക്കോടി രൂപയുടെ നഷ്ടം കണക്കാക്കിയിരുന്നു. ഇതില്‍ ഒരു കോടി മാത്രമാണ് ഐഒസി നല്‍കിയത്. കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് ഐഒസിയില്‍ നിന്നും മുഴുവന്‍ നഷ്ടപരിഹാരവും ഈടാക്കാന്‍ തീരുമാനിച്ചിരുന്നു. ദുരന്തത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാര പാക്കേജ് നടപ്പിലാക്കാന്‍ ആവശ്യമായ ഫണ്ട് ഐഒസി നല്‍കണമെന്നാവശ്യപ്പെട്ട് ഉത്തരവിറക്കിയിരുന്നു. ഇതില്‍ ദുരന്തത്തില്‍ പെട്ട കുടുംബത്തിലെ ഒരംഗത്തിന് ജോലിയും ജോലി ചെയ്യാനാകാത്തവരുടെ കുടുംബങ്ങള്‍ക്ക് പെന്ഷന് എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി റവന്യു പ്രിന്‍സിപ്പാള്‍ സെക്രട്ടറി ഉത്തരവും ഇറക്കിയിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഐഒസി ഇതുവരെ തയ്യാറായിട്ടില്ല. ദുരന്തം നടന്ന് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ഇക്കാര്യങ്ങള്‍ നാട്ടുകാര്‍ക്കിടയില്‍ ഏറെ ചര്‍ച്ചക്ക് വഴിവെച്ചിരിക്കുകയാണ്. സര്‍ക്കാര്‍ മതിയായ ഇടപെടല്‍ നടത്താത്തതാണ് ഐഒസിയുടെ അലംഭാവത്തിന് കാരണമെന്ന് പരാതിയുയര്‍ന്നിട്ടുണ്ട്.
ദുരന്തത്തിന്റെ ഒന്നാം വാര്‍ഷികമായ നാളെ ദുരന്തത്തിന്റെ സ്മരണകള്‍ പുതുക്കാന്‍ ചാലയില്‍ നാട്ടുകാരും സാമൂഹ്യപ്രവര്‍ത്തകരും ഒത്തുചേരും. ദുരന്തത്തില്‍ വിടവാങ്ങിയവരുടെ കുടുംബങ്ങളെ സാന്ത്വനവാക്കുകളോതി സമാശ്വസിപ്പിക്കും. ആശ്വാസവാക്കുകളും നടപടികളും മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ വീതവും നല്കി സര്‍ക്കാര്‍ സംവിധാനം ചാലയില്‍ സജീവമായിരുന്നെങ്കിലും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഒരു നടപടിയും അധികൃതര്‍ പിന്നീടിങ്ങോട്ട് സ്വീകരിച്ചിട്ടില്ല. സമാനമായ ദുരന്തത്തില്‍ മംഗലാപുരത്ത് ഏതാനും മാസം മുമ്പ് 6 പേര് മരിച്ചിരുന്നു. ചാല ദുരന്തത്തിന്റെ ഒന്നാം വാര്‍ഷിക നാളില്‍ ദുരന്തം ഒഴിവാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുന്ന ഒരു പുസ്തകം പുറത്തിറക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചിട്ടുണ്ട്.
ഇത്തരം വന്‍ ദുരന്തങ്ങള്‍ തുടര്‍ക്കഥയാവുമ്പോഴും ദുരന്തത്തിന്റെ ഭീകരത മനസ്സില്‍ നിന്ന് മായുന്നതോടെ നമ്മുടെ ദേശീയപാതയിലൂടെയും പൊതുമരാമത്ത് റോഡുകളിലൂടെയും അപകടഭീഷണി ഉയര്‍ത്തി ചീറിപ്പായുന്ന ടാങ്കര്‍ ലോറികള്‍ രാപ്പകല്‍ ഭേദമന്യേ പതിവ് കാഴ്ചയാണ്. സംഭവവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലും കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല. കുറ്റപത്രത്തിന്റെ കരട് ക്രൈംബ്രാഞ്ച് എഡിജിപി വിന്‍സന്റ് എം.പോളിന് കൈമാറിയിരിക്കുകയാണ്. ദുരന്തത്തില്‍ പെട്ട ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ സേലം സ്വദേശി കണ്ണയ്യക്ക് പുറമേ ആര്‍സി ഉടമയായ കണ്മണി ദുരൈരാജക്കെതിരെയും ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. കുറ്റകരമായ നരഹത്യ ചുമത്തിയാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തിരുന്നത്. മൊത്തം 200 സാക്ഷികളുള്ള കേസില്‍ 20 ദിവസം കൂടുമ്പോള്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തണമെന്ന നിബന്ധന പ്രകാരമാണ് ഡ്രൈവര്‍ക്ക് ജാമ്യം നല്‍കിയത്.
ഡിവൈഎസ്പി കെ.വി.സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷണം നടത്തിയത്. ദുരന്തത്തില്‍ പെട്ട ലോറിയുടേതുള്പ്പെടെയുള്ള അവശിഷ്ടങ്ങള്‍ ഏതാനും മാസം മുമ്പ് ലേലം ചെയ്തിരുന്നു. കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പെ ലേലം നടത്തിയത് വിമര്‍ശനത്തിനിടയായിരുന്നു.
ചാല ശ്രീ നിലയത്തില്‍ ശ്രീലത, നരോളില് അബ്ദുള്‍ അസീസ്, ആറ്റടപ്പ എന്‍.കെ.രമ, സഹോദരി ഗീത, വി.വി.ഓമന, ദേവീ നിവാസില്‍ പ്രസാദ്, ആര്.പി.കൃഷ്ണന്, ഭാര്യ ദേവി, കൃഷ്ണന്റെ സഹോദരന് ലക്ഷ്മണന്, ഭാര്യ നിര്‍മ്മല, തീരദേശ എസ്ഐയായിരുന്ന രാജന്, മകള്‍ നീഹ രാജ്, റംല നിവാസില്‍ റമീസ്, റംലത്ത്, ഭര്‍ത്താവ് അബ്ദുള്‍ റഷീദ്, നിര്‍മ്മല തുടങ്ങിയ 20 പേരാണ് ദുരന്തത്തില്‍ മരണപ്പെട്ടത്. 30 ഓളം പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. ദുരന്തത്തിന്റെ വാര്‍ഷികാചരണ വേളയില്‍ ഇനിയുമൊരു ദുരന്തം ഇത്തരത്തില്‍ എവിടെയും നടക്കല്ലേയെന്ന പ്രാര്‍ത്ഥനയിലാണ് ജനങ്ങള്‍.
ഗണേഷ് മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: