ആലപ്പുഴ: പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും പരിസ്ഥിതിയെയും സാരമായി ബാധിക്കുമെന്ന് ആരോപിച്ച് സീപ്ലെയിന്‍ പദ്ധതിയെ എതിര്‍ത്തവര്‍ കായല്‍ കയ്യേറ്റക്കാര്‍ക്ക് ഒത്താശയുമായി രംഗത്തെത്തിയതില്‍ ദുരൂഹതയേറെ.
നൂറുകണക്കിന് ശാഖകളുള്ള പണമിടപാട് സ്ഥാപനങ്ങള്‍ നടത്തുന്നവരുടെയും സിനിമാ താരങ്ങളുടെയും ജനപ്രതിനിധികളുടെയും വന്‍കിട കുത്തകകളുടെയും ഉടമസ്ഥതയിലുള്ള റിസോര്‍ട്ടുകളും നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ജലയാനങ്ങളും സംരക്ഷിക്കാന്‍ സിപിഐ ജില്ലാ സെക്രട്ടറി അടക്കമുള്ള എംഎല്‍എമാര്‍ രംഗത്ത് വന്നത് ഇടതുപക്ഷ പാര്‍ട്ടികളെയും അണികളെയും ഞെട്ടിച്ചിരിക്കുകയാണ്.
പ്രതിഷേധം വ്യാപകമായ സാഹചര്യത്തില്‍ നേരത്തെ മുഖ്യമന്ത്രിക്ക് അയച്ചകത്തില്‍ നിന്ന് പിന്മാറുമെന്ന് സിപിഐ ജില്ലാ സെക്രട്ടറിയും ചേര്‍ത്തല എംഎല്‍എയുമായ പി.തിലോത്തമന് പ്രസ്താവിച്ചെങ്കിലും പരിസ്ഥിതി പ്രശ്നങ്ങളിലെ ഇടതു രാഷ്ട്രീയ പാര്‍ട്ടികളുടെ ഇരട്ടത്താപ്പ് ഇതോടെ വെളിച്ചത്തായിരിക്കുകയാണ്.
ജലവിമാന പദ്ധതിക്കെതിരെ സിപിഎമ്മിനെയും സിഐടിയുവിനെയും പോലും പിന്തള്ളി പ്രക്ഷോഭരംഗത്ത് സജീവമായുണ്ടായിരുന്നത് എഐടിയുസിയും സിപിഐയുമായിരുന്നു. ജലവിമാന പദ്ധതി മത്സ്യത്തൊഴിലാളികളെ ബാധിക്കാത്ത രീതിയില്‍ നടപ്പാക്കാമെന്ന നിലപാടായിരുന്നു സിപിഎമ്മിന്റേത്. എന്നാല്‍ വേമ്പനാട് കായലിന്റെ ആവാസ വ്യവസ്ഥയെ തകര്‍ക്കുകയും മത്സ്യ-കക്കാത്തൊഴിലാളികളെ സാരമായി ബാധിക്കുകയും ചെയ്യുന്ന ജലവിമാന പദ്ധതി ഒരുകാരണവശാലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു സിപിഐ നിലപാട്. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് അടക്കമുള്ള നേതാക്കള്‍ ജലവിമാന പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് വേമ്പനാട് കായല്‍ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ഭാരതീയ മത്സ്യപ്രവര്‍ത്തക സംഘം, ബിഎംഎസ് തുടങ്ങിയ വിവിധ മത്സ്യത്തൊഴിലാളി സംഘടനകളുടെ യോജിച്ച പ്രക്ഷോഭത്തെ തുടര്‍ന്ന് ഉദ്ഘാടന പറക്കല്‍ നടത്തിയ ജലവിമാനത്തിന് വേമ്പനാട് കായലിലെ വാട്ടര്‍ ഡ്രോമില്‍ ലാന്റ് ചെയ്യാന്‍ പോലും കഴിഞ്ഞില്ല. അനിയന്ത്രിതമായ ടൂറിസം വികസനവും കയ്യേറ്റവും മൂലം ആവാസവ്യവസ്ഥ തകരുകയും മത്സ്യസമ്പത്ത് നശിക്കുകയും ചെയ്ത വേമ്പനാട് കായല്‍ സംരക്ഷിക്കുന്നതിനായി വിവിധ സംഘടനകള്‍ പ്രചാരണ പ്രവര്‍ത്തനങ്ങളും പ്രക്ഷോഭങ്ങളുമായി സജീവമായി രംഗത്ത് വരുന്ന സാഹചര്യത്തിലാണ് ഇതിനെ അട്ടിമറിക്കാന്‍ സിപിഎം എംഎല്‍എമാരും സിപിഐ ജില്ലാ സെക്രട്ടറിയടക്കമുള്ളവരും രംഗത്തെത്തിയിരിക്കുന്നത്.
തീരദേശ പരിപാലന നിയമം ലംഘിച്ച് വേമ്പനാട് കായലോരത്ത് പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളെ സംരക്ഷിക്കണമെന്ന നിലപാട് എംഎല്‍എമാര്‍ സ്വീകരിച്ചത് പാവപ്പെട്ട മത്സ്യത്തൊഴിലാളികളെയും പരിസ്ഥിതി സ്നേഹികളെയും നാടിനെയും ഒറ്റുകൊടുക്കുന്നതിന് തുല്യമാണെന്ന് ആക്ഷേപമുയര്‍ന്നുകഴിഞ്ഞു. സ്വന്തം അണികളോട് പോലും പാര്‍ട്ടി നിലപാടുകളിലെ വൈരുധ്യത്തെ കുറിച്ച് വിശദീകരിക്കാന്‍ കഴിയാതെ കുഴങ്ങുകയാണ് സിപിഐ നേതൃത്വം.
സിപിഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയെ കൂടാതെ സിപിഐക്കാരനായ വൈക്കം എംഎല്‍എ കെ.അജിത്തും റിസോര്‍ട്ട് മാഫിയകളെ സംരക്ഷിക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് നിവേദനം നല്‍കിയവില്‍ പെടുന്നു. സിപിഎം എംഎല്‍എമാരായ ആര്.രാജേഷ് (മാവേലിക്കര), സി.കെ.സദാശിവന് (കായംകുളം), എ.എം.ആരിഫ്(അരൂര്‍), സുരേഷ്കുറുപ്പ് (ഏറ്റുമാനൂര്‍), സാജുപോള്‍, കൂടാതെ ജനതാദള്‍ എസ്, കോണ്‍ഗ്രസ്, കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം എംഎല്‍എമാരും റിസോര്‍ട്ടുകള്‍ക്കെതിരെ സുപ്രീംകോടതിക്ക് റിപ്പോര്‍ട്ട് നല്‍കരുതെന്ന് അഭ്യര്‍ഥിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്.
ശതകോടികള്‍ മുതല്‍മുടക്കിയിട്ടുള്ള കായല്‍ കയ്യേറ്റക്കാരെ സംരക്ഷിക്കാന്‍ ഇടതു എംഎല്‍എമാര്‍ വരെ രംഗത്ത് വന്നതിനെ കുറിച്ച് പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ നിലപാട് വ്യക്തമാക്കണമെന്നും ഇതിന് പിന്നിലെ ദുരൂഹത വെളിച്ചത്തു കൊണ്ടുവരണമെന്നും ആവശ്യമുയരുന്നു.
പി.ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: