പത്തനംതിട്ട: പൈതൃകഗ്രാമ കര്‍മ്മ സമിതി രക്ഷാധികാരിയും ഹൈന്ദവ നവോത്ഥാന പ്രവര്‍ത്തനങ്ങളുടെ കര്‍മ്മ തേരാളിയുമായ കുമ്മനം രാജശേഖരന് നേരെ വധഭീഷിണി . ഇന്ത്യന്‍ ലെറ്റര്‍ കാര്‍ഡില്‍ എഴുതിയ കുറുപ്പിലാണ് കുമ്മനം രാജശേഖരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. കെ.ജി.എസ് ഗ്രൂപ്പിനെതിരായി ഇനിയും പ്രവര്‍ത്തിച്ചാല്‍ നിങ്ങളെ കൊന്നുകളയും അതിനാല്‍ ഇതില്‍ നിന്ന് പിന്മാറി പൊതു ജനത്തോട് മാപ്പ് പറയണം നിങ്ങള്‍ക്ക് 10 ലക്ഷം രൂപ തരാമെന്നുമാണ് കത്തില്‍ എഴുതിയിരിക്കുന്നത്. കുറുപ്പിന് താഴയായി 9447073135 എന്ന നമ്പരും എഴുതിയിട്ടുണ്ട്. കുമ്മനം രാജശേഖരന്റെ ഫോണ്‍ നമ്പരിലെ മൂന്ന് നമ്പരുകളുടെ സ്ഥാനങ്ങള്‍ തിരിച്ചിട്ടിട്ടുള്ള നമ്പരാണ് കത്തില്‍ ഉള്കൊള്ളിച്ചിട്ടുള്ളത്. പന്തളത്ത് നിന്ന് കഴിഞ്ഞ 16 നാണ് കത്ത് പോസ്റ്റ് ചെയ്യ്തിരിക്കുന്നത്. ഇതില്‍ സ്വീകര്‍ത്താവില്‍ കുമ്മനം രാജശഖരന്‍, ആറന്മുള വിമാനത്താവള നിരോധനസമിതി, ആറന്മുള പി.ഒ. പത്തനംതിട്ട എന്ന അഡ്രസ്സാണ് എഴുതിയിരിക്കുന്നത്. 21ന് ആറന്മുള പോസ്റ്റോഫിസില്‍ സ്വീകരിച്ചതായിട്ടുള്ള സീലും കാണാം. ഇന്നലെ പൈതൃകഗ്രാമ കര്‍മ്മസമിതിയുടെ ആറന്മുള ഓഫീസ് തുറന്നപ്പോഴാണ് പ്രവര്‍ത്തകര്‍ കത്ത് കാണുന്നത്. കത്തിന്റെ ഉറവിടം കണ്ടെത്തണമെന്ന് ആവശ്യപെട്ട് പൈതൃക ഗ്രാമകര്മ്മ സമിതി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ ഡിവൈ.എസ്.പി, ജില്ലാ പോലീസ് മേധാവി, ഡിജിപി, ആഭ്യന്തര മന്ത്രി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പൈതൃകഗ്രാമമായ ആറന്മുളയിലെ തണ്ണീര്‍തടങ്ങളും തോടുകളും നികത്തി ആറന്മുളയെ ദുരന്ത ഭൂമിയാക്കിമാറ്റാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ജനകീയ സമരം ശക്തമാക്കിയത് കുമ്മനം രാജശേഖരനായിരുന്നു. സമരത്തിന്റെ ആരംഭം മുതല്‍ കുമ്മനം രാജശേഖരന് നേരെ പല തവണ വധഭീഷണികള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ 31ന് ആറന്മുളയിലെ കര്‍മ്മ സമിതി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമം ഉണ്ടാകുകയും നിരപരാധികളെ കള്ളകേസില്‍ കുടുക്കി ജയിലിലുമാക്കിയിരുന്നു. 21 ദിവസത്തിന് ശേഷം കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് പ്രവര്‍ത്തകര്‍ ജാമ്യത്തിലിറങ്ങിയത്. ഈ സാഹചര്യത്തില്‍ വധഭീഷണി കത്തിനെ നിസ്സാരമായി കാണാന്‍ കഴിയില്ല. കേരളത്തില്‍ ഹൈന്ദവ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കും മറ്റ് ജനകീയ സമര രംഗത്ത് നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങള്‍ നടത്തി കൊണ്ടിരിക്കുന്ന കുമ്മനം രാജശേഖരന് നേരെയുള്ള വധഭീഷിണിക്കെതിരെ പ്രതിഷേധം ഉയരുന്നുണ്ട്. ആറന്മുള പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: