ന്യൂദല്‍ഹി: മുന്‍ അന്താരാഷ്ട്ര കായികതാരം മാഘന് സിംഗിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ അടിയന്തിര ധനസഹായമായി നല്‍കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മാഘന് സിംഗ് നേടിയ മെഡലുകള്‍ അദ്ദേഹത്തിന്റെ കുടുംബം വില്ക്കാന് പോകുന്നുവെന്ന വാര്‍ത്തകള്‍ വന്നതോടെയാണ് ഈ ഇടപെടല്‍.
ഇന്ത്യയുടെ പറക്കും സിംഗ് എന്ന വിശേഷണമുള്ള മില്‍ഖാ സിംഗിനെ 1962ലെ ദേശീയ ഗെയിംസില്‍ പരാജയപ്പെടുത്തിയതോടെയാണ് മാഘന് സിംഗ് ദേശീയ ശ്രദ്ധ പിടിച്ചു പറ്റുന്നത്. ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണമെഡല്‍ നേടിയതടക്കം നിരവധി അഭിമാന മുഹൂര്‍ത്തങ്ങള്‍ മാഘന് സിംഗ് രാജ്യത്തിന് സമ്മാനിച്ചിരുന്നു. എന്നാല്‍ കായിക രംഗത്ത് നിന്നും വിരമിച്ചതോടെ ട്രക്ക് ഡ്രൈവറായി കുടുംബം പുലര്‍ത്തേണ്ടി വന്നു ഈ അന്താരാഷ്ട്ര താരത്തിന്. അപകടത്തില്‍ വലതുകാല്‍ നഷ്ടപ്പെട്ട മാഘന് സിംഗ് 2002ല്‍ മരിച്ചു.
മാഘന് സിംഗിന്റെ മൂന്ന് മക്കളില്‍ രണ്ടു പേര് രോഗികളാണ്. ദാരിദ്ര്യം നിമിത്തം മാഘന് സിംഗിന്റെ കുടുംബം അദ്ദേഹത്തിന് ലഭിച്ച അര്‍ജുന അവാര്‍ഡും മറ്റ് മെഡലുകളും വില്ക്കാന് ഒരുങ്ങിയപ്പോഴാണ് രാജ്യം മാഘന്സിംഗിന്റെ ദുരന്ത കഥ അറിഞ്ഞത്. മാഘന് സിംഗിന്റെ കുടുംബത്തെയും രാജ്യത്ത് അവശത അനുഭവിക്കുന്ന മറ്റ് കായിക താരങ്ങളെയും സഹായിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് മാഘന് സിംഗിന്റെ കുടുംബത്തിന് ധനസഹായം നല്കാന് പെട്രോളിയം മന്ത്രാലയം തീരുമാനിച്ചത്.
പെട്രോളിയം വകുപ്പിന് കീഴിലുള്ള സ്പോര്‍ട്സ് പ്രമോഷന് കൗണ്‍സില്‍ വഴി അഞ്ച് ലക്ഷം രൂപ മാഘന്സിംഗിന്റെ കുടുംബത്തിന് നല്‍കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലി അറിയിച്ചു. മാഘന്സിംഗിന്റെ മക്കള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന് പഞ്ചാബ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര കായിക മന്ത്രിയും അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: