സിംഗപ്പൂര്‍: എസിസി എമേര്‍ജിംഗ് ടീംസ് കപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് പാക്കിസ്ഥാനെ നേരിടും. മികച്ച ഫോമിലുള്ള ഇന്ത്യ കിരീടപ്രതീക്ഷയുമായി കളത്തിലിറങ്ങുമ്പോള്‍ പാക് പടയും ശക്തരാണ്. അതിനാല്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നവര്ക്കൊപ്പം മത്സരഗതിയും തിരിയും.
സെമിഫൈനലില്‍ മന്‍പ്രീത് ജുനൈജയുടെയും ലോകേഷ് രാഹുലിന്റെയും മികച്ച ബാറ്റിംഗാണ് തരക്കേടില്ലാത്ത സ്കോറിലെത്താന്‍ ഇന്ത്യയെ സഹായിച്ചത്. ഉന്മുക്ത് ചന്ദ് പ്രതീക്ഷക്കൊത്തുയരുന്നില്ല. മധ്യനിരയില്‍ മെനേറിയയും മികവ് പുലര്‍ത്തിയാല്‍ മാത്രമേ ഇന്നത്തെ കലാശപ്പോരാട്ടത്തില്‍ ഇന്ത്യക്ക് പ്രതീക്ഷ നിലനിര്‍ത്താനാവൂ.
അഫ്ഗാനെതിരെ ഉണ്ടായ ബാറ്റിംഗ് തകര്‍ച്ചയും തോല്‍വിയും മറക്കാനാഗ്രഹിക്കുന്ന ഇന്ത്യക്ക് ആ മത്സരം ഒരു പാഠമാണ് നല്‍കിയിരിക്കുന്നത്. അതില്‍നിന്നും വീര്യമുള്‍ക്കൊണ്ട് ഇന്ത്യ സെമിയില്‍ മികവ് പുലര്‍ത്തി. ബൗളര്‍മാരും അവസരത്തിനൊത്ത് ഉയര്‍ന്നു. അക്ഷര പട്ടേലിന്റെ തകര്‍പ്പന്‍ പ്രകടനമാണ് സെമിയില്‍ ഇന്ത്യക്ക് രക്ഷയായത്. നാല് വിക്കറ്റ് വീഴ്ത്തിയ പട്ടേല്‍ യുഎഇയെ അക്ഷരാര്‍ത്ഥത്തില്‍ തകര്‍ത്തുകളഞ്ഞു. സന്ദീപ് വാര്യരും സന്ദീപ് ശര്‍മ്മയും മികവ് പുലര്‍ത്തിയാല്‍ പാക്കിസ്ഥാനെ ചുരുങ്ങിയ സ്കോറിലൊതുക്കാന് കഴിയുമെന്നും ഇന്ത്യ വിശ്വസിക്കുന്നു. ബാബാ അപരാജിതും മികവ് പുലര്‍ത്തുന്ന ബൗളറാണ്.
മറുവശത്ത് പാക്കിസ്ഥാന് ഉയര്‍ന്ന സ്കോര്‍ നേടാന്‍ ശേഷിയുള്ള ടീമാണ്. മധ്യനിരയില്‍ ഹമദ് അസം മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. തകര്‍പ്പന്‍ തുടക്കം ലഭിച്ചാല്‍ പാക് സ്കോര്‍ ഉജ്വലമായി കുതിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഉസ്മാന് സലാഹുദ്ദീനും പൊരുതി നില്ക്കാന് ശേഷിയുള്ള താരമാണ്. ഉസ്മാന് ഖാദിറിന്റെ ബൗളിംഗും പാക്കിസ്ഥാന്റെ കരുത്താണ്. ശ്രീലങ്കയെ 23 റണ്‍സിന് തകര്‍ത്താണ് പാക് പട ഫൈനലില്‍ എത്തിയിരിക്കുന്നത്.
കിരീടനേട്ടം ലക്ഷ്യംവെച്ചുതന്നെയാണ് പാക് പടയും കളത്തിലിറങ്ങുക. അതിനാല്‍ കലാശപ്പോരാട്ടത്തിന് തീവ്രതയേറുമെന്ന് ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: