ഹൈദരാബാദ്: ആന്ധ്രാപ്രദേശിനെ വിഭജിച്ച് തെലങ്കാന രൂപീകരിക്കാനുള്ള കേന്ദ്രതീരുമാനത്തില്‍ പ്രതിഷേധിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് വൈ.എസ്.ജഗന് മോഹന്‍ റെഡ്ഡി അനിശ്ചിതകാല സമരത്തിലേക്ക്. അനധികൃത സ്വത്ത് കേസില്‍ അറസ്റ്റിലായ ജഗന് ഇപ്പോള്‍ ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലിലാണുള്ളത്. ഞായറാഴ്ച രാവിലെ മുതല്‍ ജഗന് സത്യഗ്രഹം തുടങ്ങുമെന്ന് പാര്‍ട്ടി നേതാവ് കെ.രാമകൃഷ്ണ പറഞ്ഞു. തെലങ്കാന വിഭജനത്തിനെതിരെ ജഗന്റ മാതാവും വൈഎസ്ആര്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ വൈ.എസ്. വിജയമ്മ സമരം നടത്തി വരികയായിരുന്നു. ആരോഗ്യനില പരിഗണിച്ച് സമരം അവസാനിപ്പിക്കണമെന്ന് ജഗന് ഫോണിലൂടെ അമ്മയോട് ആവശ്യപ്പെടുകയായിരുന്നു. വിജയമ്മ ഉള്‍പ്പെടെ 16 എംഎല്‍എമാര്‍ തെലങ്കാന രൂപീകരിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് നിയമസഭാഗംത്വം രാജി വച്ചിരുന്നു.
തെലങ്കാന രൂപീകരണത്തിനെതിരെ തെലുഗുദേശം പാര്‍ട്ടിയും ശക്തമായ പ്രതിഷേധം നടത്തി വരികയാണ്. തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന പാര്‍ട്ടി നേതാക്കളായ എന്‍.രാജ്കുമാരി, വൈ. ശ്രീനിവാസ റാവു, മുന്‍മന്ത്രി എസ്.അരുണ എന്നിവരെ പോലീസ് ബലമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച മുതലാണിവര്‍ സമരം തുടങ്ങിയത്. ആന്ധ്ര വിഭജനത്തിനെതിരെ സീമാന്ധ്രയില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്. കേന്ദ്രം തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ആറ് ലക്ഷത്തിലധികം സര്‍ക്കാര്‍ ജീവനക്കാരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. സീമാന്ധ്രയിലെ 13 ജില്ലകളില്‍ നിന്നുള്ള രണ്ട് ലക്ഷത്തോളം ടീച്ചര്‍മാരും സമരത്തിന് പിന്തുണ നല്കുന്നു. എപിഎസ്ആര്‍ടിസിയുടെ 12,000ത്തോളം ബസുകള്‍ തുടര്‍ച്ചയായ പന്ത്രണ്ടാം ദിവസവും നിരത്തിലിറങ്ങിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: