ശ്രീകൃഷ്ണജയന്തി അടുത്തുവരുന്നു. നാടും നഗരവും കൃഷ്ണകീര്‍ത്തനങ്ങളാല്‍ തളിര്‍ത്തുല്ലസിക്കുന്നു. കണ്ണിനും കാതിനും കരളിനും നവോന്മേഷം പകരുന്ന ശ്രീകൃഷ്ണ കഥകളും പാട്ടുകളും എങ്ങും സജീവം. ബാലഗോകുലം എന്ന കുട്ടികളുടെ മഹാപ്രസ്ഥാനത്തിന്റെ നിസ്തന്ദ്രമായ പരിശ്രമങ്ങളാണ് ഇന്ന് ശ്രീകൃഷ്ണജയന്തിയ്ക്ക് ഇത്ര സ്വീകാര്യത കിട്ടാന്‍ കാരണമെന്ന് പറഞ്ഞാല്‍ ശത്രുക്കള്‍ പോലും എതിരഭിപ്രായത്തിന് മുതിരില്ല. ഉള്‍ക്കാഴ്ചയുടെ മഹാസാഗരം ഹൃദയത്തില്‍ സൂക്ഷിക്കുകയും പ്രചണ്ഡ പ്രചാരണങ്ങളുടെ ധവളിമയിലേക്ക് ഒരിക്കലും എത്താന്‍ താല്‍പ്പര്യപ്പെടാതിരിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ മന്ത്രസമാന സ്വഭാവസംസ്കാര ശുദ്ധിയുണ്ട് ബാലഗോകുലത്തിന്റെ ഇന്നത്തെ അംഗീകാരത്തിനു പിന്നില്‍. ഒരിക്കലും പരാമര്‍ശിത വ്യക്തി അതംഗീകരിച്ചു തരില്ലെങ്കിലും വസ്തുത അതാണ്.
രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ അനുശാസനാബദ്ധമായ വഴികളിലൂടെ ത്യാഗസന്നദ്ധതയോടെ നടന്ന് സ്നേഹത്തിന്റെ പൂക്കാലത്തേക്ക് സകലരേയും കൈപിടിച്ചുകയറ്റാന്‍ മാത്രം ആഗ്രഹിക്കുന്ന ആ മഹാവ്യക്തിത്വത്തിന് ഇത്തവണത്തെ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളില്‍ പങ്കെടുക്കുമ്പോള്‍ മറ്റൊരു ആഹ്ലാദത്തിന് വകയുണ്ട്. എറണാകുളം മാധവനിവാസിലെ മുറിയിലിരുന്നുകൊണ്ട് അനുഗ്രഹസമാനമായ പെരുമാറ്റത്തിലൂടെ ബാലഗോകുലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊടും പാവും നല്കുന്ന, എം. എ സാര്‍ എന്ന് പ്രിയപ്പെട്ട വിളിയിലൂടെ തെളിയുന്ന എം.എ. കൃഷ്ണന് എന്ന പൊതു പ്രവര്ത്തകന് അഭിമാനിക്കാന്‍ കൂടിയുള്ള അവസരമാവുകയാണ് ശ്രീകൃഷ്ണജയന്തി.
സമാജം മൊത്തം ശ്രീകൃഷ്ണ സംസ്കാരത്തില്‍ ആറാടണമെന്ന എം.എ സാറിന്റെ പ്രതീക്ഷയ്ക്ക് മുളപൊട്ടുന്നത് കോണ്‍ഗ്രസ്സിന്റെ നിലപാടിലൂടെയാണ്. രാഷ്ട്രീയ-മത വേര്‍തിരിവുകള്‍ക്കപ്പുറത്താണ് ശ്രീകൃഷ്ണനെന്നും ആ പരംപുരുഷന്റെ ജയന്തി ആഘോഷിക്കാന്‍ മുന്നിട്ടിറങ്ങണമെന്നും കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നു. കെപിസിസിയുടെ ജവഹര്‍ ബാലജനവേദിയാണ് എല്ലാ ജില്ലകളിലും കൃഷ്ണജയന്തി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഈ വര്‍ഷം പരിമിതമായേ അങ്ങനെ നടത്തുന്നുള്ളൂവെങ്കിലും വരും വര്‍ഷങ്ങളില്‍ വ്യാപകമായി ആഘോഷിക്കാനാണ് തീരുമാനം. അവരുടെ തീരുമാനത്തിലെ കാതലായ ഭാഗം നോക്കുക: സംസ്കാരവും പുരാണവും ഇടകലര്‍ന്ന ഈ ആഘോഷത്തില്‍ എല്ലാ വിഭാഗങ്ങളും ഭാഗഭാക്കാകേണ്ടതാണ് എന്നു വേദിയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറി പത്മജ വേണുഗോപാല്‍ അറിയിച്ചു. (മലയാള മനോരമ, ആഗസ്റ്റ് 21) ഈയൊരു സ്ഥിതിയിലേക്ക് എല്ലാ കക്ഷികളും എത്തുമെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട്ട് ശ്രീകൃഷ്ണജയന്തി ശോഭായാത്ര സമാരംഭിക്കാന്‍ ഭഗീരഥ പ്രയത്നം ചെയ്ത എം. എ സാര്‍ പ്രതീക്ഷിച്ചിരുന്നു; പറഞ്ഞിരുന്നു. മനീഷിയുടെ ഉള്‍ക്കാഴ്ചയുള്ള ആ മഹാവ്യക്തിത്വത്തിനു മുമ്പില്‍ കാലികവട്ടത്തിന്റെ പാദനമസ്കാരം. ആ വിശുദ്ധിയും നൈര്‍മല്യവും നെഞ്ചേറ്റാന്‍ കഴിയുന്നത് തന്നെ പുണ്യം!
നീതിക്കുവേണ്ടിയുള്ള പ്രസ്ഥാനത്തിന് നാമെന്താണ് ഇടതുപക്ഷമെന്ന് പേരിടുന്നത്? എന്നാണ് ആനന്ദ് ചോദിക്കുന്നത്. ഒരു പക്ഷേ, പലരും പലകുറി ചോദിച്ചിട്ടും ഉത്തരം നേരെചൊവ്വേ കിട്ടാത്ത ഒരു ചോദ്യമാവും ഇത്. സി.ആര്. പരമേശ്വരന്റെ നിരീക്ഷണങ്ങളെ ചോദ്യം ചെയ്യുന്ന ഇടതുപക്ഷ സംസ്കാരത്തെ മുന്‍നിര്‍ത്തിയുള്ള ആനന്ദിന്റെ ആറു പേജ് രചന മാതൃഭൂമി ആഴ്ചപ്പതി (ആഗസ്ത് 25)പ്പില്‍. ഒരു ഭാഗം വായിച്ചാലും: മതങ്ങളെയും പ്രവാചകന്മാരെയും അനുസ്മരിക്കുന്നവിധം ഇത്രമാത്രം ശരി, ഇത് എല്ലാ കാലത്തേക്കും ശരി എന്ന വിധത്തിലുള്ള വിശ്വാസപ്രമാണത്തിന്റെ വിത്തുകള്‍ അദ്ദേഹം തന്നെ അതില്‍ നട്ടിരുന്നു. അതാകട്ടെ, ശാസ്ത്രീയമോ ഗണിതപരമോ ആയിരുന്നില്ലതാനും. പ്രായോഗികമായി പരീക്ഷിക്കപ്പെട്ടപ്പോള്‍ ആ ‘ശരി’കളുടെ വക്താക്കള്‍ പുരോഹിതന്മാരെ പോലെ പെരുമാറി (കുറച്ച് പ്രഭുക്കള്‍ക്ക് റഷ്യയെ ഭരിക്കാന്‍ കഴിയുമായിരുന്നുവെങ്കില്‍ കുറച്ച് കമ്മ്യൂണിസ്റ്റുകള്‍ക്കും അത് സാധിക്കുമെന്ന് ലെനിന്). വിപ്ലവം അത് നടന്ന ഇടത്തൊക്കെ ജനങ്ങള്‍ക്ക് പ്രദാനം ചെയ്തത് കഠിനപ്രയത്നത്തിനും ത്യാഗങ്ങള്‍ക്കും, എന്തിന്, അടിമവേലയ്ക്കും വേണ്ടിയുള്ള നിതാന്തമായ ആഹ്വാനങ്ങളാണ്. പ്രവാചകന്മാരെപ്പോലെ പീഡകളും അനീതിയും സഹ്യമാക്കാനുള്ള വിശ്വാസത്തിന്റെ ഉപാധികള്‍. അതെ, ആ ഉപാധികളുടെ വെളിമ്പറമ്പുകളിലേക്ക് അണികളെ ആട്ടിത്തെളിച്ച് വിടുമ്പോള്‍ കിട്ടാനുള്ളത് സ്വര്‍ഗം എന്ന കാമനയാണ്. കൈവിലങ്ങുകള്‍ പാര്‍ട്ടിയുടെ അവകാശമാണ്. ജില്ലാ ഉപരോധമായാലും സെക്രട്ടറിയേറ്റ് ഉപരോധമായാലും ഒന്നു തന്നെ. ആനന്ദല്ല ആരു പറഞ്ഞാലും പാര്‍ട്ടി ശരിയാണ് ശരി. അതിനപ്പുറത്തേക്കുള്ള ശരികളെ മറയ്ക്കാന്‍ കഴിയുന്നതാണ് പാര്‍ട്ടിയുടെ കഴിവ്.
ഒടുവില്‍ ഡാര്‍ളി തോമസ് തോറ്റു. മണല്‍ മാഫിയക്കെതിരെ പിടിച്ചു നിന്ന അവരുടെ വീടു നിന്ന സ്ഥലവും ഒടുവില്‍ ആര്‍ത്തലച്ചുവന്ന നെയ്യാര്‍ വിഴുങ്ങി. ആ മണ്ണും ഒലിച്ചുപോയി; ഡാര്‍ളി തോല്‍ക്കുകയാണ്! എന്ന ലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍. ചുറ്റും കരയിടിച്ചുള്ള മണലൂറ്റിനെതിരെ നെഞ്ചുറപ്പോടെ നിന്ന അവരെ നെയ്യാര്‍ തന്നെയാണ് പരാജയപ്പെടുത്തിയത്. മണലെടുത്ത് കയമായിപ്പോയ ഒരിടത്ത് സ്വന്തം മണ്ണ് നെഞ്ചോട് ചേര്‍ത്ത് അവര്‍ പൊട്ടിക്കരയുന്നത് നാലു ലക്കം മുമ്പ് ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്നു. ‘ഇനി ഈ മണ്ണുകൂടി അവര്‍ക്കു കൊണ്ടുപോകണം’ എന്ന കുറിപ്പിനുശേഷം കഷ്ടി ഒരു മാസം കഴിഞ്ഞപ്പോള്‍ അതു സംഭവിച്ചു. ഒരുപാടു ഡാര്‍ളിമാര്‍ക്ക് ഇത്തരം അനുഭവം വരുമ്പോഴും ഭരണകൂടവും ഒത്താശക്കാരും മണല്‍ മാഫിയയും സസുഖം വാഴുന്നു.
ലോകത്തിലെ സകല അമ്മമാര്‍ക്കും (അച്ഛന്മാര്ക്ക് മുന്‍കൂര്‍ ജാമ്യം നല്കുന്നു) അവരുടെ മക്കള്‍ എവിടെയായാലും തങ്ങളുടെ നെഞ്ചില്‍ ചാഞ്ഞുറങ്ങുന്നതായാണ് അനുഭവം. ആ അനുഭവത്തിന്റെ സുഖാലസ്യമാണ് ഒരു പക്ഷേ, അവരെ മുന്നോട്ടു നയിക്കുന്നതും. ജൈവശാസ്ത്രപരമായ ഇടപെടലിനപ്പുറം ചില അച്ഛന്മാര് അമ്മയുടെ സ്നേഹസങ്കല്‍പ്പത്തിലേക്ക് വരുമെങ്കിലും ബഹുഭൂരിപക്ഷവും അങ്ങനെയല്ല. ഏത് വൃദ്ധാശ്രമത്തിന്റെ അറിയാക്കോണിലാണ് അമ്മ ചുരുണ്ടുകൂടി കിടക്കുന്നതെന്ന് അറിയാത്ത മക്കള്‍ കൂടിയുള്ള നാടാണിത്.
എവിടെ നീ പോയാലുമെന്റെയുണ്ണീ
നെഞ്ചില്‍ നീ ചാഞ്ഞുകിടക്കയല്ലേ
ഒരു മാത്ര ഞാനങ്ങോര്‍ത്തുപോയാല്‍
ഉള്ളം നിറഞ്ഞുതുളുമ്പുമല്ലോ
എന്ന അമ്മമാരുടെ ആശ്വാസം ആരുടെ കണ്ണാണ് നിറയ്ക്കാത്തത്. അത്തരമൊരമ്മയുടെ ശരീരം മക്കളും നാട്ടുകാരുമറിയാതെ 45 ദിവസം മുറിക്കകത്ത് പുഴുവരിച്ചുകിടന്നു എന്നറിയുമ്പോള്‍ നാം ലജ്ജിക്കണോ, സ്വയം കുറ്റപ്പെടുത്തണോ? തലതല്ലിക്കരയണോ. ചെട്ടിക്കുളങ്ങര കൈത തെക്ക് അളകാപുരിയില്‍ പരേതനായ ജനാര്ദ്ദനന് നായരുടെ ഭാര്യ സുമതി നായര്‍ എന്ന 71 കാരിക്കാണ് ഈ ദുര്‍വിധിയുണ്ടായത്. രണ്ട് മക്കള്‍. ഒരാള്‍ ഡോക്ടര്‍, മരുമകനും ഡോക്ടര്‍. പണം വേണ്ടത്ര; ബംഗ്ലാവ്…. എല്ലാം സമൃദ്ധം. പക്ഷേ, സ്നേഹം കിട്ടാതെ മക്കളുടെ പരിചരണമില്ലാതെ ഒടുവില്‍ ആ അമ്മ മരിച്ചു. ജഡം പുഴു തിന്ന് അസ്ഥി മാത്രമായി. അപ്പോഴും ഇരുകൈയും നെഞ്ചില്‍ ചേര്‍ത്തു വെച്ചിരുന്നു. ഒരു പക്ഷേ, മക്കളെ താരാട്ടുപാടി നെഞ്ചിലുറക്കിയത് ഓര്‍ത്തു ചെയ്തതാവാം. സ്നേഹം വറ്റിയ കോണ്‍ക്രീറ്റു വീടുകളില്‍ ഇനിയെത്രയെത്ര സുമതിമാര്‍ ഇങ്ങനെ ഹതാശരായി മരിക്കും. ദൈവത്തിന്റെ സ്വന്തം നാടിന് സ്വസ്തി!
തൊട്ടുകൂട്ടാന്‍
എന്റെ കൈയിലെയോടത്തില്‍
എണ്ണനിന്നു തുളുമ്പവേ
എണ്ണവറ്റിക്കെടാന്‍ പാടി-
ല്ലൊരു കൈത്തിരി നാളവും!
പ്രഭാവര്‍മ്മ
കവിത: പാഠം
കലാകൗമുദി (ആഗസ്ത് 25)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: