ഇത്തവണ ഭാരതം അറുപത്തിയേഴാം സ്വാതന്ത്ര്യദിനമാഘോഷിക്കുമ്പോള്‍ കാശ്മീരിലെ കിസ്ത്വാര്‍ ജില്ലയില്‍ ഹിന്ദുക്കള്‍ക്കെതിരെ കലാപം നടക്കുകയായിരുന്നു. അസമിലെയും ത്രിപുരയിലെയും ചില സ്ഥലങ്ങളിലെ വേറിടല്‍ വാദി ഭീകരന്മാര് ഭാരതവിരുദ്ധ പ്രകടനങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. കേരളത്തിലും ഫ്രീഡം പരേഡ് എന്ന പേരില്‍ പാക്കിസ്ഥാന് സൈന്യത്തിന്റെതുപോലുള്ള യൂണിഫോം ധരിച്ച ചില തീവ്രവാദി പ്രസ്ഥാനങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് റൂട്ട് മാര്‍ച്ചുകള്‍ നടത്തിയിരുന്നത് നാമോര്‍ക്കുന്നുണ്ടാവും. ദേശീയബോധത്തെ തുരങ്കം വെക്കുന്നതരത്തിലുള്ള പ്രഭാഷണങ്ങള്‍ കൊണ്ടു മുഖരിതമായ സമ്മേളനങ്ങളും നടക്കാറുണ്ടായിരുന്നു.
ഇത്തവണ കിസ്ത്വാറില്‍ നടന്ന കലാപങ്ങള്‍ക്ക് പിന്നിലെ ദേശദ്രോഹ ഗൂഢാലോചനയെ ശരിക്കും വിലയിരുത്തുന്നതില്‍ കേന്ദ്ര സര്‍ക്കാരും കോണ്‍ഗ്രസും ഉപേക്ഷ കാണിച്ചു. കിസ്ത്വാറിലെ എംഎല്‍എയും നാഷണല്‍ കോണ്‍ഫറന്‍സ് ആഭ്യന്തര മന്ത്രിയുമായിരുന്ന സജ്ജാര്‍ അഹമ്മദ് കിച്ലുവിന് കലാപത്തില്‍ പരോക്ഷമായ പങ്കുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് സ്ഥാനമൊഴിയേണ്ടിവന്നു. റംസാന് വ്രതം അവസാനിച്ച ദിവസം പ്രാര്‍ത്ഥന കഴിഞ്ഞ് പുറത്തുവന്ന മുസ്ലിം ആള്‍ക്കൂട്ടമാണ് അക്രമത്തിന് പുറപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആ സമയത്ത് മന്ത്രി കിച്ച്ലു സര്‍ക്കാര്‍ മന്ദിരത്തിലുണ്ടായിരുന്നു.
അദ്ദേഹത്തിനകമ്പടി സേവിക്കാന്‍ മുന്നൂറ് രക്ഷാഭടന്മാരുണ്ടായിരുന്നു. കലാപം വ്യാപിച്ച് ഏതാനും കച്ചവടസ്ഥാപനങ്ങള്‍ അഗ്നിക്കിരയാകുകയും ഹിന്ദുക്കള്‍ കൊല്ലപ്പെടുകയും ചെയ്യുമ്പോഴും പോലീസിനെ അയക്കാന്‍ ആഭ്യന്തര മന്ത്രി തയ്യാറായില്ല. നഗരത്തിലെ സൈന്യഘടകവും അധികൃതരില്‍നിന്ന് നിര്‍ദ്ദേശം കിട്ടാത്തതിനാല്‍ നോക്കിനിന്നതേയുള്ളൂ. കലാപ മേഖലയില്‍ സ്വയമേവ ചെന്ന് നിയന്ത്രണ നടപടികള്‍ എടുക്കാന്‍ സൈന്യത്തിനനുമതി നല്കുന്ന വകുപ്പുകള്‍ പിന്‍വലിക്കപ്പെട്ടത് വിനയായി. സായുധസേനയെ തന്നെ കാശ്മീരില്‍ നിന്ന് പിന്‍വലിക്കണമെന്നാണ് ഒമര്‍ അബ്ദുള്ള സര്‍ക്കാരിന്റെ ആവശ്യം.
കിസ്ത്വാര്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ നേരിട്ട് മനസ്സിലാക്കാനായി എത്തിയ രാജ്യസഭാ പ്രതിപക്ഷ നേതാവിന് ജമ്മു വിമാനത്താവളത്തില്‍ വെച്ച് നിരോധന ഉത്തരവ് നല്കപ്പെട്ടു. 1953 ല്‍ ശ്യാമപ്രസാദ് മുഖര്‍ജിയെ സംസ്ഥാനത്ത് കടക്കാന്‍ അനുവദിക്കാതിരുന്നതിന് സമാനമായ അവസ്ഥയായിരുന്നു അത്. ആഭ്യന്തര വകുപ്പ് മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ സഭയില്‍ അസുഖം മൂലം വരാത്തതിനാല്‍ സര്‍ക്കാരിന് വേണ്ടി പ്രസ്താവന നടത്തിയ മന്ത്രി പി.ചിദംബരമാകട്ടെ സംഭവത്തെ പ്രാദേശിക സ്വഭാവമുള്ളതായി ലഘൂകരിക്കുകയും ഏതാണ്ട് അവഗണിക്കുകയുമാണ് ചെയ്തത്. കിസ്ത്വാര്‍ കലാപം മൂലം അമര്‍നാഥ് തീര്‍ത്ഥയാത്ര ഏതാനും ദിവസം നിര്‍ത്തിവെക്കേണ്ടതായി വന്നു.
ഈ മാസം തുടക്കത്തില്‍ പാക് സൈന്യം നിയന്ത്രണരേഖ കടന്ന് നമ്മുടെ അഞ്ച് സൈനികരെ വധിച്ച സംഭവത്തിലും സര്‍ക്കാരിന്റെ വിശദീകരണം ആദ്യം അസന്ദിഗ്ധമായിരുന്നില്ല. അതിന്റെ പേരില്‍ രാജ്യരക്ഷാ മന്ത്രി എ.കെ.ആന്റണിക്ക് തന്റെ ആദ്യ പ്രസ്താവന തിരുത്തേണ്ടി വന്നു. പാക്കിസ്ഥാന് ഭടന്മാരാണ് വെടിവെപ്പ് നടത്തിയതെന്നുപോലും ആദ്യ പ്രസ്താവനയില്‍ ഉണ്ടായിരുന്നില്ല. മുമ്പ് ഒരു ഭാരത ജവാന്റെ തലവെട്ടിയ ശവശരീരം കൈമാറിയ സംഭവമുണ്ടായല്ലൊ.
അതിര്‍ത്തിയിലെ പാക് അക്രമം ഇപ്പോഴും തുടരുകയാണ്. പാക്കിസ്ഥാനിലെ ഭരണമാറ്റത്തിനുശേഷം ഇരുരാജ്യങ്ങള്ക്കിടക്കു ബന്ധം മെച്ചപ്പെടുത്താനായി പ്രധാനമന്ത്രിമാര്‍ ഡോ.മന്‍മോഹന്‍സിംഗും നവാസ് ഷെരീഫും ഐക്യരാഷ്ട്രസഭാ സമ്മേളനത്തിന്റെ പാര്‍ശ്വവേദികളില്‍ സംഭാഷണം നടത്തുമെന്ന് പ്രഖ്യാപിക്കപ്പെട്ടിരുന്നു. സംഭാഷണങ്ങള്‍ ഇനി നടത്തരുതെന്ന് പ്രതിപക്ഷ കക്ഷികളും മറ്റനേകം അഭിജ്ഞ നേതാക്കളും ശക്തമായി അഭിപ്രായപ്പെട്ടിട്ടും മന്‍മോഹന്‍സിംഗ് മനസ്സ് തുറന്നിട്ടില്ല.
കിസ്ത്വാര്‍ ജില്ല കശ്മീര്‍ താഴ്വരക്ക് പുറത്ത് ജമ്മു മേഖലയിലാണ്. പഴയ ഡോഡ ജില്ലയെ വിഭജിച്ചാണത് രൂപീകരിക്കപ്പെട്ടത്. ഹിന്ദുക്കളും മുസ്ലിങ്ങളും ഏതാണ്ട് തുല്യമായിരുന്നു 1950 കളില്‍. മുസ്ലിങ്ങള്‍ അല്‍പ്പം കൂടുതലായിരുന്നുവെന്നേയുളളൂ. അവിടെ സാമുദായിക സ്പര്‍ദ്ധ തീരെ ഉണ്ടായിരുന്നില്ല. സംസ്ഥാനം ഭാരതത്തില്‍ ലയിച്ചതിനോട് തികച്ചും യോജിച്ച ജനതയായിരുന്നു മിക്കവാറും സൂഫി പാരമ്പര്യം അനുഷ്ഠിച്ചുവന്ന അവര്‍. 1990 കളുടെ തുടക്കത്തില്‍ പാക് പ്രേരിത മുസ്ലിം മതമൗലിക തീവ്രവാദം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി കാശ്മീര്‍ താഴ്വരയില് നിന്ന് മുസ്ലിങ്ങള്‍ കൂട്ടമായി കിസ്ത്വറില് വന്നു താമസം തുടങ്ങി.
1992 ല്‍ 17 പ്രമുഖ ഹിന്ദുക്കളെ തെരഞ്ഞു പിടിച്ച് കൊല ചെയ്തതായിരുന്നു ആദ്യത്തെ ഭീകര സംഭവം. അത് ഹിന്ദുക്കള്‍ക്കിടയില്‍ പരിഭ്രാന്തി പരത്തുകയും സനാതന ധര്‍മശാല എന്ന സ്ഥാപനം ഉണ്ടാക്കുകയും ചെയ്തു. കക്ഷി താല്പ്പര്യങ്ങള്ക്കുപരി ഹിന്ദുക്കളുടെ പൊതുതാല്‍പ്പര്യ സംരക്ഷണത്തിനായി അവര്‍ പ്രവര്‍ത്തിക്കുന്നു.
ജമ്മുകാശ്മീര്‍ സംസ്ഥാനം പൊട്ടിത്തെറിയുടെ വക്കത്താണ് എന്ന പ്രതീതി സൃഷ്ടിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിച്ചുവരികയാണല്ലൊ. വാസ്തവത്തില്‍ വിഘടന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തിന്റെ വിസ്തൃതിയുടെ 20 ശതമാനവും ജനസംഖ്യയുടെ 30 ശതമാനവും വരുന്ന കാശ്മീര്‍ താഴ്വരയില് ഒതുങ്ങുന്നത്രയേയുള്ളൂ. ജമ്മു മേഖലയും ലഡാക്കും അതില്‍നിന്ന് മുക്തമാണ്. പാക്കിസ്ഥാന് അന്യായമായി അതിക്രമിച്ചു കൈവശം വെച്ചിരിക്കുന്ന ഗില്‍ഗിത്, ബാള്ടിസ്ഥാന്, മുസഫറാബാദ്, മിര്‍പൂര്‍, ഹൂണ്സാ തുടങ്ങിയ മേഖല ഭരണഘടന പ്രകാരം ഭാരതത്തിന്റെ ഭാഗമാണ്. 2009 ല്‍ പാക്കിസ്ഥാന് സുപ്രീംകോടതി നല്കിയ വിധിയില്‍ ആ ഭാഗം പാക്കിസ്ഥാന്റെ ഭാഗമല്ലെന്നും പാക് സുപ്രീം കോടതിക്ക് അവിടത്തെ കാര്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. പാക്കിസ്ഥാന് ആ ഭാഗത്ത് ഒരു അധികൃതഭരണ കൗണ്‍സില്‍ ഉണ്ടാക്കുകയും പാക് പ്രധാനമന്ത്രി അതിന്റെ അധ്യക്ഷനാകുകയും ചെയ്തതിനെയും സുപ്രീംകോടതി നിരാകരിച്ചിരുന്നു.
ഭാരതത്തിലെ ഇതര സംസ്ഥാനങ്ങള്‍ക്കില്ലാത്ത പല അവകാശങ്ങളും ജമ്മുകാശ്മീര്‍ സംസ്ഥാനത്തിന് നല്‍കുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ ശ്രമിച്ചുകൊണ്ടിരുന്നത്. ഭരണഘടനയ്ക്ക് 370-ാം വകുപ്പ് സൃഷ്ടിച്ചതുതന്നെ അത് താല്‍ക്കാലികമാണെന്നും എത്രയും വേഗം പിന്‍വലിക്കപ്പെടുമെന്നുമുള്ള ഉറപ്പോടുകൂടിയാണ്. എന്നാല്‍ ആ വകുപ്പിനെ സുസ്ഥിരമാക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടന്നുവരുന്നത്.
കാശ്മീര്‍ താഴ്വര മാത്രമാണ് വിഘടനത്തിനായി മുറവിളി കൂട്ടുന്നത്. 1990 മുതല്‍ ആരംഭിച്ച ഹിന്ദു നശീകരണ പ്രക്രിയയുടെ ഭാഗമായി ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള അവിടത്തെ ഹിന്ദുക്കളെ ഏതാണ്ട് പൂര്‍ണമായും ഓടിച്ചുവിട്ടു. സ്വന്തം ഭൂമിയില്‍നിന്ന് അഭയാര്‍ത്ഥികളായി അവര്‍ക്ക് ജമ്മുവിലും ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിലും കഴിയേണ്ടിവരുന്നു. അവരെ പുനരധിവസിപ്പിക്കാനും അന്തസ്സോടെ ജീവിതയാപനം ചെയ്യാനുമുള്ള അവസ്ഥകള്‍ സൃഷ്ടിക്കാന്‍ (കേന്ദ്രസര്‍ക്കാരടക്കം) ഒന്നും ചെയ്യുന്നില്ല.
വിഘടനവാദികള്‍ അടിക്കടി ബന്ദുകളും ഹര്‍ത്താലുകളും നടത്തുമ്പോള്‍ കര്‍ശന നടപടികളെടുക്കാന്‍ സുരക്ഷാ ഭടന്മാര്ക്കനുമതി നല്‍കാറില്ല. താഴ്വരയിലെ മുസ്ലിങ്ങള്‍ മാത്രമാണ് ഭീകരപ്രവര്‍ത്തനവും സ്വാതന്ത്ര്യ പ്രക്ഷോഭവും നടത്തുന്നത്. ജമ്മു-ലഡാക്ക് മേഖലയില്‍ അതിന് യാതൊരു പിന്തുണയുമില്ല. അവര്‍ ഭാരതത്തിന്റെ ഭാഗമാകാനാണാഗ്രഹിക്കുന്നത്.
ജമ്മുകാശ്മീര്‍ പ്രശ്നത്തിനു രാഷ്ട്രീയ പരിഹാരം കാണാനായി കേന്ദ്രം നിയോഗിച്ച എംപിമാരടക്കമുള്ള സര്‍വകക്ഷി സംഘം 2010 ല്‍ സംസ്ഥാനത്ത് പര്യടനം നടത്തി. അവരുടെ നിര്‍ദ്ദേശപ്രകാരം ഒരു മൂന്നംഗ പത്രപ്രവര്‍ത്തക സമിതിയെ നിയോഗിച്ച് സംസ്ഥാനത്തെ വിവിധ വിഭാഗക്കാരുമായി സംവാദം തുടരാന്‍ നിര്‍ദ്ദേശിച്ചു. അവര്‍ 11 മാസമെടുത്തു തയ്യാറാക്കിയ റിപ്പോര്‍ട്ട് തികച്ചും രാജ്യദ്രോഹത്തിന് പ്രേരണ നല്‍കുന്നതായിരുന്നു. ഐഎസ്ഐ പോറ്റുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗുലാം മുഹമ്മദ് ഫയിയുടെ ക്ഷണം സ്വീകരിച്ച് സമിതിയിലെ രണ്ടുപേര്‍ അമേരിക്ക സന്ദര്‍ശിച്ചുവത്രെ.
ആ റിപ്പോര്‍ട്ടനുസരിച്ച് നടപടിയെടുത്താല്‍ സ്ഥിതിഗതികള്‍ 60 വര്‍ഷം പിന്നോട്ടുപോയി 1953 ലെ അവസ്ഥയിലെത്തും. ഗവര്‍ണര്‍, മുഖ്യമന്ത്രി എന്നീ പദവികള്‍ക്ക് സദര്‍ എറിയാസത്, സദര്‍ എ അസം എന്നാവും പേര്.
ഈ സ്ഥിതിക്കെതിരായി സമരം ചെയ്തായിരുന്നു ഡോ.ശ്യാമപ്രസാദ് മുഖര്‍ജി രക്തസാക്ഷിയായത്. ഗവര്‍ണറെ നിയമിക്കാനുള്ള പാനല്‍ സംസ്ഥാന സര്‍ക്കാര്‍ രാഷ്ട്രപതിക്കു നല്‍കണം. അതില്‍നിന്നൊരാളെ രാഷ്ട്രപതി നിയമിക്കണം. അതായത് ഭരണഘടനയനുസരിച്ച് രാഷ്ട്രപതിയുടെ പ്രതിനിധിയാണ് ഗവര്‍ണര്‍ എന്ന സങ്കല്‍പ്പനം അട്ടിമറിക്കപ്പെട്ടു.
സംസ്ഥാനത്തെ ബാധിക്കുന്ന ഒരു നിയമനിര്‍മാണത്തിനും പാര്ലമെന്റിനധികാരമുണ്ടാകാന് പാടില്ല. പാര്‍ലമെന്റിന്റെ പരമാധികാരത്തെ ഇത് നിഷേധിക്കുന്നു.
ജമ്മുകാശ്മീര്‍ സംസ്ഥാനത്തെ ഭാരതത്തിന്റെ അവിഭാജ്യഘടകമായല്ല, മധ്യേഷ്യക്കും ഭാരതത്തിനുമിടയിലുള്ള പാലമായിട്ടാണ് റിപ്പോര്‍ട്ട് പരാമര്‍ശിക്കുന്നത്.
സംസ്ഥാനം ഭാരതത്തില്‍ വിലയിച്ച 1948 ല്‍ രാജാവ് ഉണ്ടാക്കിയ കരാറിന്റെ നിഷേധമാവും റിപ്പോര്‍ട്ട് അംഗീകരിച്ചാല്‍. റിപ്പോര്‍ട്ട് അംഗീകരിപ്പിക്കാനുള്ള പ്രഛന്ന പരിശ്രമമാണ് മുഖ്യമന്ത്രി ഒമര്‍ അബ്ദുളളയും അയാളുടെ പിതാവ് ഫറൂക്ക് അബ്ദുള്ളയും നാഷണല്‍ കോണ്‍ഫറന്‍സും പിഡിപിയും സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വവും ചെയ്തുകൊണ്ടിരിക്കുന്നത്. കേന്ദ്രത്തിലെ കോണ്‍ഗ്രസ് നേതൃത്വവും അതുതന്നെ ചെയ്യുന്നു. കിസ്ത്വാറില്‍ ഈ മാസമാദ്യം നടന്ന കലാപത്തിനെപ്പറ്റിയുള്ള കോണ്‍ഗ്രസ് എംപിമാരുടേയും മന്ത്രിമാരുടേയും അഭിപ്രായപ്രകടനങ്ങളും അതുതന്നെയാണ് വ്യക്തമാക്കുന്നത്. കാശ്മീര്‍ താഴ്വരയില് ഒതുങ്ങിനിന്ന വിഘടനവാദി കലാപങ്ങളെ അതിന് പുറത്തേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമം തന്നെയാണത്.
പി. നാരയണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: