അദ്ധ്യായം-7
മുറ്റത്തെ ചെടികളെ ഞാന്‍ നനച്ചുകൊണ്ടിരിക്കെയാണ് കുട്ടികള്‍ കടന്നുവന്നത്.
“ന്‍ഘാ! അമ്മാവന്‍ പൂന്തോട്ട പരിപാലനത്തിലാണല്ലോ. ഇത്രയും ചെടികളുണ്ടോ ഇവിടെ? ഞങ്ങള്‍ ശ്രദ്ധിച്ചില്ല കേട്ടോ” പ്രസാദ് പറഞ്ഞു.
“ഞങ്ങള്‍ എന്നു പറയേണ്ട. ചേട്ടന്‍ ശ്രദ്ധിച്ചിരിക്കില്ല. ഞാന്‍ ശ്രദ്ധിച്ചു” അമൃത ചെറിയ ഒരു പിണക്കത്തോടെ തിരുത്തി.
“പിണങ്ങണ്ട. ഇനി രണ്ടുപേരും ശ്രദ്ധിച്ചോളൂ. കുളിയും പ്രാതലും കഴിഞ്ഞു എല്ലാവരും നല്ല ഉത്സാഹത്തിലാണ്. നിങ്ങളെ കണ്ടപ്പോള്‍ ഈ പൂക്കള്‍ പുഞ്ചിരിക്കുന്നതു കണ്ടില്ലേ?”
“പൂക്കള്‍ ഞങ്ങളോട് പുഞ്ചിരിക്കുന്നുവെന്നോ? എങ്കില്‍ ഞങ്ങള്‍ അവര്‍ക്കും ഒരു പുഞ്ചിരി സമ്മാനിക്കട്ടെ.” അടുത്തുള്ള ഒരു റോസാപ്പൂവിനെ തലോടിക്കൊണ്ട് അമൃത ചിരിച്ചു.
“അമ്മാവന്‍ കവിത പറയുകയാണമ്മൂ. ഇനി ഉടനെ ചങ്ങമ്പുഴയിലേക്ക് കടക്കും, കണ്ടോളൂ.”
പ്രസാദ് പറഞ്ഞത് വളരെ ശരിയാണ്. വരൂ, നമുക്ക് അവിടെ ഇരിക്കാം.
നിങ്ങള്‍ക്കറിയാമോ, ആരാമത്തിന്റെ രോമാഞ്ചം എന്നാണ് ചങ്ങമ്പുഴ പൂവുകളെ ഭാവന ചെയ്തിരിക്കുന്നത്. പൂവുകളുടെ പുഞ്ചിരി എന്നതുപോലെ കരച്ചിലും നെടുവീര്‍പ്പുകളുമെല്ലാം അദ്ദേഹം കവിതയില്‍ ആവിഷ്ക്കരിച്ചിട്ടുണ്ട്. ചങ്ങമ്പുഴയുടെ ആദ്യപുസ്തകമായ ‘ബാഷ്പാഞ്ജലി’യിലെ ആദ്യ കവിതയുടെ പേര് ‘ആ പൂമാല’ എന്നാണ്. അതിന്റെ തുടക്കം ഒന്നു കേട്ടോളൂ.
ആരു വാങ്ങുമിന്നാരുവാങ്ങു, മീ-
യാരാമത്തിന്റെ രോമാഞ്ചം?
അപ്രമേയ വിലാസലോലയാം
സുപ്രഭാതത്തില്‍ സുസ്മിതം
പൂര്‍വദിങ്മുഖത്തിങ്കലൊക്കെയും
പൂവിതളൊളി പൂശുമ്പോള്‍;
നിദ്രയെന്നോടു യാത്രയും ചൊല്ലി
നിര്‍ദ്ദയം വിട്ടു പോകയാല്‍,
മന്ദചേഷ്ടനായ് നിന്നിരുന്നു, ഞാന്‍
മന്ദിരാങ്കണ വീഥിയില്‍.
എത്തിയെന്‍ കാതിലപ്പൊഴുതൊരു
മുഗ്‌ദ്ധ സംഗീതകന്ദളം…..
ആരു വാങ്ങുമിന്നാരുവാങ്ങു മീ-
യാരാമത്തിന്റെ രോമാഞ്ചം?
“ഹായ്! നല്ല രസായിട്ടുണ്ടമ്മാവാ! തീര്‍ന്നില്ലല്ലോ. എനിക്കിതു പഠിപ്പിച്ചുതരണേ. പദ്യം ചൊല്ലല്‍ മത്സരത്തിന് പറ്റും. അമ്മാവന്റെ ചൊല്ലലും അസ്സലായിട്ടുണ്ട്.” അമൃത പറഞ്ഞു.
തീര്‍ന്നിട്ടില്ല. എനിക്ക് നന്നായി ചൊല്ലാന്‍ കഴിയുന്നത് ചങ്ങമ്പുഴ അത്ര ഹൃദയസ്പര്‍ശിയായി എഴുതിയതുകൊണ്ടുകൂടിയല്ലേ? 130 വരികളുള്ള ആ കവിത എറണാകുളം എസ്‌ആര്‍വി ഹൈസ്ക്കൂളില്‍ പഠിക്കുമ്പോഴാണ് അദ്ദേഹം എഴുതിയത്. ധാരാളം കവിതകള്‍ അക്കാലത്തെഴുതുകയും ചെയ്തു.
സ്കൂള്‍ ഫൈനല്‍ പരീക്ഷ എഴുതിയപ്പോള്‍ തോറ്റുപോയെങ്കിലും ചങ്ങമ്പുഴ കുലുങ്ങിയില്ല. സാഹിത്യരംഗത്ത് നേടിയ പ്രശസ്തി അഭിമാനാര്‍ഹമായിരുന്നു. അതൊന്നു രേഖപ്പെടുത്തണം, ഒരു കവിതാ പുസ്തകം പ്രസിദ്ധീകരിക്കണം എന്ന ചിന്ത ചങ്ങമ്പുഴയില്‍ ശക്തമായി.
ആരാണ് സഹായിക്കുക? ‘മലയാള രാജ്യം’ വാരികയിലാണ് പല കവിതകളും വെളിച്ചം കണ്ടിട്ടുള്ളത്. അതിന്റെ പത്രാധിപരായ ഇ.വി.കൃഷ്ണപിള്ളയില്‍നിന്ന് ധാരാളം അനുമോദന കത്തുകള്‍ ലഭിച്ചിട്ടുണ്ട്. അതിനാല്‍ സഹായാഭ്യര്‍ത്ഥനയുമായി ചങ്ങമ്പുഴ അദ്ദേഹത്തെ സമീപിച്ചു. അത് ഫലിച്ചു. ഇ.വി.കൃഷ്ണപിള്ള മനോഹരമായ ഒരു അവതാരികയോടെ തിരുവനന്തപുരത്തെ ബി.വി.ബുക്ക് ഡിപ്പോക്കാര്‍ക്ക് അത് നല്‍കി. അങ്ങനെ 1935 ന്റെ ആരംഭത്തില്‍ തന്നെ ചങ്ങമ്പുഴയുടെ ആദ്യ കവിതാ ഗ്രന്ഥമായ “ബാഷ്പാഞ്ജലി” പുറത്തുവന്നു. അതേ വര്‍ഷത്തില്‍ “ആരാധകന്‍” “ഹേമന്ത ചന്ദ്രിക” എന്നീ പുസ്തകങ്ങള്‍ കൂടി പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി.
സഹൃദയലോകം വലിയ സ്വീകരണമാണ് ചങ്ങമ്പുഴയുടെ പുസ്തകങ്ങള്‍ക്ക് നല്‍കിയത്. മാത്രമല്ല, ‘മോഹിനി’ എന്ന ഒരു കവിതയെച്ചൊല്ലി വിവാദങ്ങളും കൊഴുത്തു. പ്രശസ്ത ഹാസ്യസാഹിത്യകാരനായ സഞ്ജയന്‍ അതിനെ കണക്കറ്റു കളിയാക്കിക്കൊണ്ട് ‘മോഹിതന്‍’ എന്ന കവിതയും “കോരപ്പുഴയുടെ കവിതാ രീതി” എന്ന ലേഖനവും കൂടി എഴുതിയപ്പോള്‍ ചങ്ങമ്പുഴയുടെ പ്രശസ്തി വര്‍ധിക്കുകയായിരുന്നു.
ഇതിനിടയില്‍ രണ്ടാമതും സ്കൂള്‍ ഫൈനല്‍ പരീക്ഷയെഴുതാന്‍ ചങ്ങമ്പുഴ തയ്യാറായി. മനസ്സിരുത്തി വാശിയോടെ പഠിച്ചു. വിജയിക്കുകയും ചെയ്തു. പക്ഷേ, ഈ പഠിത്തം പോരാ എന്ന് ചങ്ങമ്പുഴയ്‌ക്ക് തോന്നി. തന്റെ കൂട്ടുകാരില്‍ പലരും കോളേജില്‍ പഠിക്കുന്നു. നേരത്തെയുള്ള സഹപാഠികളാകട്ടെ, പഠനം പൂര്‍ത്തിയാക്കി നല്ല ജോലികള്‍ നേടിക്കഴിഞ്ഞു. താന്‍ ഇങ്ങനെ മതിയോ?
സ്കൂള്‍ ഫൈനലുകാരന് നല്ല ജോലിയൊന്നും കിട്ടില്ല. ശുപാര്‍ശ ചെയ്യാന്‍ ആളുമില്ല. കോളേജില്‍ പഠിക്കണമെങ്കില്‍ പണം വേണം. കവിതയിലൂടെ അല്‍പ്പം വരുമാനമുണ്ട്. അതൊന്നും മതിയാവില്ല. എന്തായാലും മുന്നോട്ട് പോവുക തന്നെ എന്ന നിശ്ചയത്തോടെ 1936 ല്‍ ചങ്ങമ്പുഴ എറണാകുളം മഹാരാജാസ് കോളേജില്‍ ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ത്ഥിയായി ചേര്‍ന്നു. ഇപ്പോഴത്തെ പ്ലസ് വണ്‍, പ്ലസ് ടുവിന് ഏതാണ്ടു സമമെന്നു പറയാം. ഇന്റര്‍മീഡിയറ്റിനാണ് മികവ് കൂടുതല്‍.
പഠിത്തത്തിനും കവിതയെഴുത്തിനുമൊപ്പം വിപുലമായ വായനയിലും ചങ്ങമ്പുഴ ഇക്കാലത്ത് മുഴുകി. അക്കൂട്ടത്തില്‍ ധാരാളം ഇംഗ്ലീഷ് പുസ്തകങ്ങള്‍ ഉള്‍പ്പെട്ടിരുന്നു. നല്ല കവിതകള്‍ വായിച്ചാല്‍ ആ പുസ്തകത്തിന്റെ മാര്‍ജ്ജിനിലും മറ്റുമായി മലയാളാ ഭാഷാന്തരം കുറിച്ചിടുന്ന സ്വഭാവം ചങ്ങമ്പുഴയ്‌ക്ക് ഉണ്ടായിരുന്നു. ഇംഗ്ലീഷ് അധ്യാപകനായിരുന്ന എല്‍.വി.രാമസ്വാമി അയ്യരുടെ ശ്രദ്ധ അതില്‍ പതിയുകയും, ചങ്ങമ്പുഴയുടെ കഴിവുകള്‍ അറിഞ്ഞ് ഉചിതമായ നിര്‍ദ്ദേശങ്ങള്‍ നല്‍കി അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
അതിനിടയ്‌ക്കാണ് സാഹിത്യലോകത്തെ ഞെട്ടിച്ച ഒരു ആത്മഹത്യാ വാര്‍ത്ത ഉണ്ടായത്. 1936 ജൂലൈയില്‍ ഇടപ്പള്ളി രാഘവന്‍ പിള്ള എന്ന യുവ കവി ആത്മഹത്യ ചെയ്തു. പ്രണയ നൈരാശ്യമായിരുന്നു കാരണം.
ഇടപ്പള്ളി കൃഷ്ണ വിലാസം മിഡില്‍ സ്കൂളില്‍ ചങ്ങമ്പുഴയുടെ ഉയര്‍ന്ന ക്ലാസിലും, പിന്നീട് ഒരേ ക്ലാസിലും പഠിച്ചിരുന്ന ആളാണ് രാഘവന്‍ പിള്ള. കവിതയെഴുത്തിന്റെ പേരില്‍ ആദ്യകാലത്ത് അസൂയയും ശത്രുതയും പിണക്കവുമൊക്കെ ഉണ്ടായെങ്കിലും അവര്‍ ക്രമേണ അടുത്ത സുഹൃത്തുക്കളായി മാറി.
പരസ്പ്പരം ആദരിക്കാനും ഒരുമിച്ചു പ്രവര്‍ത്തിക്കാനും ഹൃദയം തുറന്നു. ദുഃഖങ്ങള്‍ പങ്കുവെയ്‌ക്കാനും വരെ തയ്യാറായി. അങ്ങനെ, പിണങ്ങിയും ഇണങ്ങിയും ശക്തിപ്പെട്ട ആ സൗഹൃദം ഒരു പ്രണയദൗര്‍ബല്യത്താല്‍ പിടഞ്ഞുമരിച്ചതിന്റെ ദുഃഖം ചങ്ങമ്പുഴയില്‍ വലിയ പ്രകമ്പനമാണ് ഉണ്ടാക്കിയത്.
താന്‍ ആത്മഹത്യ ചെയ്യാന്‍ പോകയാണ് എന്ന സൂചനയോടെ രാഘവന്‍ പിള്ള രണ്ടു കവിതകള്‍ എഴുതിയിരുന്നു. “മണിനാദം” എന്നും “നാളത്തെ പ്രഭാതം” എന്നും പേരുള്ള ആ കവിതകള്‍ ‘മാതൃഭൂമി’യിലും ‘മലയാളരാജ്യ’ത്തിലുമായി പ്രസിദ്ധീകരിച്ചുവന്നു. തൊട്ടുപിന്നാലെയാണ് ആത്മഹത്യാവാര്‍ത്തയും വരുന്നത്.
അതില്‍ മനംനൊന്ത് ചങ്ങമ്പുഴ ഒരു കവിത എഴുതുകയുണ്ടായി. “തകര്‍ന്ന മുരളി” എന്നാണ് പേര്. ഒരു അനുശോചനക്കുറിപ്പോടെ അതും ‘മാതൃഭൂമി’യില്‍ പ്രസിദ്ധീകരിക്കപ്പെട്ടു. അതിന്റെ തുടക്കം ഇങ്ങനെയാണ്.
“നീലക്കുയിലേ, നിരാശയില്‍ നിന്‍
നീറും മനസ്സുമായ് നീ മറഞ്ഞു
കേള്‍ക്കുകയില്ലിനിമേലില്‍ നിന്റെ
നേര്‍ത്തുനേര്‍ത്തുള്ള കളകളങ്ങള്‍.
ഇന്നോളമീമലര്‍ത്തോപ്പില്‍ നമ്മള്‍
ഒന്നിച്ചു ചേര്‍ന്നു പറന്നു പാടി.
ഇന്നേവമെന്നെത്തനിച്ചു വിട്ടി-
ട്ടെങ്ങുനീ,യയ്യോ പറന്നൊളിച്ചു?”
“അപ്പോള്‍ അമ്മാവാ, സുഹൃത്തിന്റെ മരണത്തില്‍ അനുശോചിച്ചു ചങ്ങമ്പുഴ എഴുതിയ കാവ്യം “രമണന്‍” എന്നാണല്ലോ കേട്ടിട്ടുള്ളത്?” പ്രസാദ് സംശയം പ്രകടിപ്പിച്ചു.
“കേട്ടിട്ടുണ്ട് അല്ലേ? ശരിയാണ്. ‘തകര്‍ന്ന മുരളി’ പെട്ടെന്നെഴുതിയ ഒരു അനുശോചന കവിത മാത്രമേ ആകുന്നുള്ളൂ. ‘രമണന്‍’ കുറച്ചുകൂടി വലിയ കാവ്യമാണ്; ഒരു പുസ്തകം തന്നെയാണ്. ആ വ്യത്യാസവും രമണന്റെ കഥയും നാളെ പറയാം. പോരേ?”
കുട്ടികള്‍ തലകുലുക്കി സമ്മതിച്ചു.
(തുടരും)
പി.ഐ.ശങ്കരനാരായണന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക