“ദേ ഇന്ന് പുന്നാരമോന് കാണിച്ചു വച്ചിരിക്കുന്നത് കണ്ടില്ലേ?”
ഓഫീസില്‍ നിന്ന് വന്ന് കയറിയ പാടെ ഡേവിസിനോട് ജിന്‍സി പറഞ്ഞു.
“ഇന്ന് എന്തായിരുന്നു അവന്റെ നമ്പര്‍?” ചിരിച്ചുകൊണ്ടാണ് ഡേവിസ് ചോദിച്ചത്.
ടിവി സ്റ്റാന്റിലേക്ക് ജിന്‍സി കൈ ചൂണ്ടി “നോക്ക്!”
സ്റ്റാന്റില്‍ ടിവി ഉണ്ടായിരുന്നില്ല. അത് നിലത്ത് വീണ് ചിതറിയിരിക്കുന്നു. ടിവിയ്ക്കകത്തെ കൊച്ച് കൊച്ച് ഇലക്ട്രോണിക് ഭാഗങ്ങള്‍ ഏതോ സൈന്യത്തിന്റെ ആക്രമണത്തിനിരയായതുപോലെ ചത്ത് മലര്‍ന്ന് കിടക്കുന്നു.
ഒരു മാസം മുമ്പാണ് വലിയ വിലയുള്ള പുതിയ മോഡല്‍ ടിവി തവണ വ്യവസ്ഥയില്‍ വാങ്ങിയത്.
ഭര്‍ത്താവിന്റെ വെളുത്ത് സുന്ദരമായ മുഖം പൊടുന്നനെ ഒന്ന് മങ്ങിയതും പെട്ടെന്ന് തന്നെ അയാളത് നിയന്ത്രിച്ചതും ജിന്‍സി ശ്രദ്ധിച്ചു.
“സാരമില്ല. അവന് കുഞ്ഞല്ലേ?”
“കുട്ടികളെ ശാസിച്ചും ശിക്ഷിച്ചും വളര്‍ത്തണമെന്ന് എന്റെമ്മച്ചി എപ്പോഴും പറയുമായിരുന്നു.”
“മതി മതി. നീയും നിന്റെ അമ്മച്ചിയും. അമ്മച്ചി സ്കൂളിന്റെ പടി കണ്ടിട്ടില്ലാത്തതിന്റെ കൊഴപ്പമാ.”
അയാള്‍ക്ക് മകനോടുള്ള വാത്സല്യത്തിന്റെ തീവ്രത ജിന്‍സിക്ക് നന്നായിട്ടറിയാം. അതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്നതും അവള് തന്നെയാണ്. പക്ഷേ അവന്റെ നശീകരണ പ്രവര്‍ത്തികള്‍ അയാള്‍ കാണുന്നത് മറ്റൊരു വിധത്തിലാണ്. അതിലവള്‍ക്ക് ചെറിയൊരു ആശങ്കയില്ലാതില്ല.
“നമ്മുടെ മോന് അതിബുദ്ധിമാനാണ് ജിന്‍സി. ഇത്ര ചെറുപ്പത്തിലെ തന്നെ അവന് ഒരുപാട് ക്രിയേറ്റീവ് ഐഡിയാസ് ഉണ്ട്. അതാണ് ഈ രൂപത്തില്‍ അവന് പ്രകടിപ്പിക്കുന്നത്. വിദഗ്ദ്ധര്‍ പറയുന്നത് നമ്മള് ഒരു കാരണവശാലും ഇത്തരം കുട്ടികളെ തടസ്സപ്പെടുത്തരുതെന്നാണ്. എന്റെ ഓഫീസിലെ ജേക്കബ് മാത്യു എം.എ. സൈക്കോളജിയാ. അവനും ഇതുതന്നെ പറഞ്ഞു. ഈ പ്രായത്തില്‍ കുട്ടികളുടെ ക്രിയേറ്റീവ് എനര്‍ജി തളര്‍ത്തിക്കളഞ്ഞാല്‍ അത് എന്നെന്നേയ്ക്കുമായി നഷ്ടമാകും”
ജിന്‍സിക്ക് മറുപടിയൊന്നും ഇല്ലായിരുന്നു.
തല്ലിപ്പൊട്ടിച്ച ടിവിയില്‍ നിന്നെടുത്ത ഒരു കപ്പാസിറ്ററുമായി അടുത്ത മുറിയില്‍ കളിച്ചു കൊണ്ടിരുന്ന മകനെ വാരിയെടുത്ത് കുറേ നേരം ലാളിച്ചതിനുശേഷമാണ് പതിവുപോലെ അയാള്‍ ചായ കുടിക്കാനിരുന്നത്.
“എഞ്ചിനീയറിംഗ് വിഷയങ്ങളില്‍ ഇവന് ഷൈന്‍ ചെയ്യുമെന്നാ എനിക്ക് തോന്നുന്നത്.”
“ഉം….കഴിഞ്ഞയാഴ്ചയാണ് അവന് ഫ്രിഡ്ജ് കേടു വരുത്തിയത്.”
“അതാണ് ഞാന്‍ പറഞ്ഞത്. ഇതുപോലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങളോടാണ് അവന് താല്പര്യമെന്ന്. ഒരിക്കല്‍ സ്വിച്ച് ബോര്‍ഡ് കുത്തിപ്പൊളിച്ചപ്പോഴും ഞാനത് സംശയിച്ചതാ….”
“അന്നു പുണ്യാളന് കാത്തു. അല്ലായിരുന്നുവെങ്കില്‍….” ജിന്‍സി നെഞ്ചില്‍ കൈ വെച്ചു.
“അവന് എഞ്ചിനീയര്‍ ആകുമെന്ന് എനിക്കുറപ്പാ. അല്ലെങ്കില്‍ സയന്റിസ്റ്റ്.”
“എല്‍കെജിയില്‍ പോലും ചേര്‍ത്തിട്ടില്ലാത്ത മകനെക്കുറിച്ച് ഇത്രയേറെ സ്വപ്നങ്ങള്‍ വേണോ?”
“സ്വപ്നങ്ങള്‍ വേണം. അതില്ലാത്തതാ നിങ്ങളുടെയൊക്കെ കൊഴപ്പം. എന്റെ മാതാപിതാക്കള്‍ക്ക് എന്നെക്കുറിച്ച് സ്വപ്നങ്ങളുണ്ടായിരുന്നുവെങ്കില്‍ ഞാനിങ്ങനെയാകുമായിരുന്നോ?”
“നിങ്ങള്‍ക്ക് എന്ത് പറ്റിയെന്നാ പറയുന്നത്? വിദ്യാഭ്യാസമില്ല? നല്ലൊന്നാന്തരം സര്‍ക്കാര്‍ ജോലിയില്ലേ?”
നിനക്കൊരു മണ്ണാങ്കട്ടയും അറിയില്ല. ഒരു എല്‍ഡി ക്ലാര്‍ക്കിന്റെ പണിയെന്ന് വെച്ചാല്‍ എന്താകാര്യം…..? റിട്ടയേഡാകുമ്പോഴേക്കും കൂടിയാല്‍ ഒരു സീനിയര്‍ സൂപ്രണ്ട്. അതിലപ്പുറം ഒന്നുമാകാന്‍ പോകുന്നില്ല.”
“നമുക്കതൊക്കെ മതീന്നേ. അപ്പച്ചനും അമ്മച്ചിയും ഒരുപാട് കഷ്ടപ്പെട്ടാണ് എന്നെ പഠിപ്പിച്ചതെന്ന് ചേട്ടന് തന്നെ എത്ര തവണ പറഞ്ഞിരിക്കുന്നു.”
ആലോചനയോടെ അയാള്‍ പറഞ്ഞു:
“ന്‍ഘാ…… അതും ശരിയാ….എന്നാലും കുട്ടികളെക്കുറിച്ച് സ്വപ്നങ്ങള്‍ വേണമെന്ന് തന്നെ ഞാന്‍ പറയും. ഈ എന്‍ട്രന്‍സ് കോച്ചിങ്ങൊക്കെ പ്ലസ്ടു കഴിഞ്ഞ് തുടങ്ങിയാല്‍ പോരാ. യുപി ക്ലാസില്‍ വെച്ചെങ്കിലും തുടങ്ങണം. നമ്മുടെ സിസ്റ്റമൊന്നും ശരിയല്ലെന്നേ”
ഡേവിസ് കൈകഴുകാന്‍ എഴുന്നേറ്റു. വാഷ്ബേസിന് സമീപം ചെന്ന് അയാള്‍ ഞെട്ടലോടെ പിന്നോട്ടു ചാടി.
“ജിന്‍സി എന്താണിത്?” വെപ്രാളത്തോടെ അവള് ഭര്‍ത്താവിന്റെ കണ്ണുകളെ പിന്തുടര്ന്നു.
അറപ്പോടെ അവളും മുഖം തിരിച്ചു.
കുറെ പല്ലികളെ കല്ലുകൊണ്ട് ഇടിച്ചുടച്ച് ചമ്മന്തിപരുവമാക്കി വെച്ചിരിക്കുന്നു! ചോരയും മാംസവും തലയും വാലുമൊക്കെ ചിന്നിച്ചിതറി കിടക്കുന്നു.
ജിന്‍സി വാഷ്ബേസിനിലേക്ക് രണ്ടുമൂന്നു തവണ ഓക്കാനിച്ചു. ഒരല്‍പ്പം ആശ്വാസം കിട്ടിയപ്പോള്‍ അവള് സ്വയം ചോദിച്ചു പോയി.
“ഇവനിത്രയും പല്ലികളെ എവിടുന്നു പിടിച്ചു?”
ഭാവിയില്‍ മകനെ മെഡിക്കല്‍ കോളേജില്‍ ചേര്‍ക്കേണ്ടതിനെ കുറിച്ച് ഡേവിസ് എന്തെങ്കിലും പറയുമെന്ന് അവര്‍ കരുതിയെങ്കിലും ഇത്രമാത്രം പറഞ്ഞു:
“ഇതൊക്കെയൊന്ന് തൂത്ത് തൊടച്ച് വൃത്തിയാക്കിയിട്…..”
രാത്രി വളരെ വൈകി ഉറങ്ങുന്ന ശീലമാണ് കുട്ടിയുടേത്. വളരെ പണിപ്പെട്ട് അവനെ ഉറക്കിയതിനുശേഷം പന്ത്രണ്ട് മണിയോടെയാണ് ജിന്‍സി അത്താഴം എടുത്തു വെച്ചത്.
“തോമസ് ആല്‍വാ എഡിസണ് ദിവസം മൂന്നു മണിക്കൂര്‍ മാത്രമാണ് ഉറങ്ങാറുണ്ടായിരുന്നത്. ഞാന്‍ വായിച്ചിട്ടുണ്ട്.” അത്താഴത്തിന് മുമ്പിലിരുന്ന് കോട്ടുവായിട്ട് കൊണ്ട് ഡേവിസ് പറഞ്ഞു.
പിറ്റേന്ന് ഓഫീസിലേക്കിറങ്ങുമ്പോള്‍ കുട്ടി നീളത്തിലുള്ള കുറെ പ്ലാസ്റ്റിക് കയറുകള്‍ കൊണ്ട് ചില ‘വിദ്യ’കളൊക്കെ ഒപ്പിക്കുന്നത് ഡേവിസ് കണ്ടു. കുറച്ചുനേരം കൗതുകത്തോടെ അയാളത് നോക്കിനിന്നു.
“ആ പണിക്കാരിട്ടിട്ടു പോയ കയറാണ് അവന്റെ പുതിയ ഹരം. ഏതു സമയവും അതും വലിച്ചുകൊണ്ട് നടക്കുന്നതു കാണാം.”
വാത്സല്യത്തോടെ കുട്ടിയെ നോക്കി ചിരിച്ചുകൊണ്ട് അയാള്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു.
മകനെ ചേര്‍ക്കാന്‍ പറ്റിയ മികച്ച സ്കൂളുകള്‍ തേടി കുറെ ദിവസം ഡേവിസ് അലഞ്ഞു നടന്നു. നഗരത്തിലെ നിരവധി വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ചു. ഓരോ വിദ്യാലയത്തിലേയും അധ്യാപന രീതികളും കഴിഞ്ഞകാല നേട്ടങ്ങളും വിശദമായി പഠിച്ചു. സഹപ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ ചോദിച്ചറിഞ്ഞു. ഒടുവില്‍ എംഎല്‍എയുടെ ശുപാര്‍ശ കത്തുമായി ചെന്ന് പ്രശസ്തമായ വിദ്യാലയത്തില്‍ പ്രവേശനം ഉറപ്പിച്ചു കഴിഞ്ഞപ്പോള്‍ മാത്രമാണ് അയാള്‍ക്ക് ശ്വാസം നേരെ വീണത്.
“രക്ഷപ്പെട്ടു” അയാള്‍ ജിന്‍സിയോട് പറഞ്ഞു.
“ഈ സ്കൂളില്‍ പഠിച്ച ഒരുപാട് പേര് ഡോക്ടേഴ്സും എഞ്ചിനീയേഴ്സുമായിട്ടുണ്ട്. ഇപ്പോഴത്തെ ജില്ലാ കളക്ടര്‍ പഠിച്ചത് ഇവിടെയാ. അഡ്മിഷന് കിട്ടാന്‍ ഞാന്‍ പെട്ടപാട്!” ജിന്‍സിക്ക് അയാളുടെ ആവേശത്തില്‍ പങ്കു ചേരാനായില്ല.
“അവനെ നമ്മുടെ പള്ളി സ്കൂളില്‍ ചേര്‍ത്താല്‍ മതിയായിരുന്നു. കഴിഞ്ഞ ദിവസം വികാരിയച്ചന് ഇതിലേ പോയപ്പോള്‍ അവന്റെ കാര്യം ചോദിക്കേം ചെയ്തിരുന്നു. ഇത്രയും വലിയ ഫീസുകൊടുത്ത്…”
“മതി മതി. നീയും നിന്റൊരു പള്ളി സ്കൂളും.” അയാള്‍ ദേഷ്യത്തോടെ എഴുന്നേറ്റു പോയി.
ഞായറാഴ്ച പതിവുള്ള ഉച്ചയുറക്കത്തില്‍ ഡേവിസ് ചില ദുഃസ്വപ്നങ്ങള്‍ കണ്ടു.
തലയറുത്തു വാലറ്റു ചോരയൊലിക്കുന്ന എണ്ണമറ്റ പല്ലികള്‍ തന്റെ ശരീരത്തില്‍ ഇഴഞ്ഞു നടക്കുന്നതായിരുന്നു അതിലൊന്ന്.
ആരോ കഴുത്തില്‍ അമര്‍ത്തിപ്പിടിച്ച് ശ്വാസം മുട്ടിക്കുന്നതുപോലെ തോന്നിയപ്പോള്‍ ഉറക്കത്തില്‍നിന്ന് അയാള്‍ ഞെട്ടിയുണര്‍ന്നു.
കഴുത്തില്‍ കൈ തടവിയപ്പോള്‍ പ്ലാസ്റ്റിക്ക് കയറിന്റെ അമര്‍ത്തി ചുറ്റിയ വലയങ്ങളാണ് കൈയില്‍ തടഞ്ഞത്! താന്‍ ഇപ്പോഴും സ്വപ്നം കാണുകയാണോയെന്ന് ഒരു നിമിഷം അയാള്‍ ശങ്കിച്ചു. പക്ഷേ പ്രാണവായുവിന് വേണ്ടിയുള്ള ശ്വാസകോശങ്ങളുടെ സമ്മര്‍ദ്ദം യാഥാര്‍ത്ഥ്യം എന്തെന്ന് അയാളെ ബോധ്യപ്പെടുത്തി.
കഴുത്തില്‍ കൂടുതലായി മുറുകി വരുന്ന പ്ലാസ്റ്റിക് കയറിന്റെ ഒരറ്റത്ത് മകന് കളിച്ചുകൊണ്ടിരിക്കുന്നത് കാഴ്ച മങ്ങിക്കൊണ്ടിരുന്ന കണ്ണുകളിലൂടെ ഡേവിസ് കണ്ടു.
കയറിന്റെ ഒരറ്റം അവന് സ്റ്റെയര്‍കേസിന്റെ കൈവരിയില്‍ വലിച്ചു മുറുക്കുകയാണ്.
നെഞ്ചകം പൊട്ടി പിളരുന്ന പ്രാണവേദനയോടെ കൈകാലിട്ടടിച്ച് അയാള്‍ അലറി വിളിച്ചു.
“മോനെ കെട്ടഴിക്കടാ…..”
പക്ഷേ ശബ്ദതരംഗങ്ങള്‍ സ്വനപേടകത്തില്‍ കുടുങ്ങിക്കിടന്നതല്ലാതെ ഒരുമാത്ര പോലും പുറത്ത് വന്നില്ല…..
അവസാന ശ്വാസത്തിനുവേണ്ടിയുള്ള അയാളുടെ പരാക്രമങ്ങളൊന്നും അവന് കണ്ടില്ല.
കുട്ടി കളി തുടരുകയാണ്…..
മുപ്പത്തിനാല് വര്‍ഷത്തെ ഈ ലോകജീവിതത്തില്‍ താന്‍ കാണുന്ന അവസാന ദൃശ്യമാണതെന്ന് ഡേവിസ് അപ്പോഴേക്കും തിരിച്ചറിഞ്ഞിരുന്നു.
പോള്‍ തോമസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: