അഞ്ചല്‍: പ്രകൃതി ആരാധനാകേന്ദ്രങ്ങളായി ഹിന്ദുക്കള്‍ ആരാധിച്ചുവരുന്ന ആദ്ധ്യാത്മിക ഇടങ്ങളില്‍ നിന്ന് ഹിന്ദുവിനെ വിരട്ടി ഓടിക്കാന്‍ ശ്രമം നടക്കുന്നതായി ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബ്രഹ്മചാരി ഭാര്‍ഗവറാം പറഞ്ഞു.
ഐതിഹ്യപ്രാധാന്യമേറിയ ചെറിയവെളിനല്ലൂര്‍ ആയിരവില്ലിപ്പാറ കൈയ്യേറി തീയിട്ടുനശിപ്പിച്ചതും നാഗദൈവങ്ങളുടെ വിഗ്രഹങ്ങള്‍ നശിപ്പിച്ചതിനും പുറമെ ജഡായുപ്പാറയിലെ ശ്രീരാമക്ഷേത്രം തകര്‍ത്തതും ഇതിനുള്ള പടയൊരുക്കമാണെന്ന് ഭാര്‍ഗവറാം പറഞ്ഞു.
കപടപരിസ്ഥിതി വാദവും കടുവാസങ്കേതവും പറഞ്ഞ് ശബരിമലയിലും ഇതേ വിദ്വാന്മാര്‍ പഠിച്ച പണി പലതും നോക്കുന്നു. എന്നാല്‍ പ്രകൃതിയിലെ സര്‍വതിനേയും ഈശ്വരാംശമായി കാണുന്ന ഹിന്ദു സംസ്കാരം മഹാനദികളെയും മലകളെയും ഈശ്വരന്റെ വാസസ്ഥാനമായി കാണുന്നു. വനവും മലയും നദിയും ഇല്ലാതെ എങ്ങനെ ഭൂമിക്ക് നിലനില്‍ക്കാന്‍ കഴിയും. പ്രകൃതിയെ സൗഹൃദഭാവത്തിന്റെ ഒരു പടികൂടിക്കടന്ന് ആരാധനാ മനോഭാവത്തോടെ സമീപിച്ചവരായിരുന്നു നമ്മുടെ പൂര്‍വപിതാമഹന്മാരെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ലോകത്തിലെ ജൈവ വൈവിധ്യത്തിന്റെ വലിയപങ്കും കേരളം ഉള്‍പ്പെടുന്ന പശ്ചിമഘട്ടത്തിലാണ്.
പ്രകൃതിയെ സംരക്ഷിച്ചാല്‍ അത് നമ്മളെയും സംരക്ഷിക്കുമെന്ന ബോധത്തിന്റെ അടിസ്ഥാനത്തില്‍, സര്‍വചരാചരങ്ങളും പരസ്പരപൂരകങ്ങളായി നിലകൊള്ളുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഹൈന്ദവ ആരാധനാകേന്ദ്രങ്ങള്‍ വികസനത്തിന്റെ മുഖംമൂടിയണിഞ്ഞ് തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ജനകീയ പ്രക്ഷോഭം ഉയര്‍ത്തിയെടുക്കാന്‍ ഹിന്ദുഐക്യവേദി മുന്നിലുണ്ടാകുമെന്നും ഭാര്‍ഗവറാം പറഞ്ഞു.
ആറന്മുളയിലും ശാസ്താംകോട്ടയിലുമടക്കം എല്ലാ പൈതൃകസ്ഥാനങ്ങളിലും ഇപ്പോള്‍ ജനങ്ങല്‍ സംരക്ഷണത്തിനും നിലനില്‍പിനുമായുള്ള പോരാട്ടത്തിലാണ്. ഈ ബഹുജനസമരങ്ങളിലെല്ലാം എതിര്‍ഭാഗത്ത് നില്‍ക്കുന്നത് മുഖ്യധാരാരാഷ്‌ട്രീയപാര്‍ട്ടികളും സര്‍ക്കാരുമാണ്. ജനദ്രോഹം സ്വഭാവമാക്കിയ ജനപ്രതിനിധികളാണ് ഇപ്പോള്‍ ജനാധിപത്യത്തിന്റെ സംഭാവനകള്‍ എന്നത് പൊതു സമൂഹം ജാഗ്ഗതയോടെ കാണേണ്ടതാണെന്ന് ഹിന്ദുഐക്യവേദി ദനറല്‍സെക്രട്ടറി ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: