വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ എച്ച്പിസിഎല്‍ റിഫൈനറിയില്‍ തീപിടിത്തത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. രണ്ടു പേര് സംഭവസ്ഥലത്ത് വച്ചും രണ്ടു പേര് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴുമാണ് മരിച്ചത്. 50 പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ പറഞ്ഞു. ഇതില്‍ 25 പേരുടെ നില അതീവ ഗുരുതരമാണ്.
വൈകിട്ട് അഞ്ചുമണി ഷിഫ്റ്റില്‍ ജോലിയില്‍ പ്രവേശിക്കാന്‍ വന്നവരാണ് മരിച്ചവര്‍. ഷിഫ്റ്റ് കഴിഞ്ഞിറങ്ങിയവരും മരിച്ചവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു. പൊള്ളലേറ്റാണ് എല്ലാവരും മരിച്ചത്. രക്ഷപ്പെടാനുള്ള ഓട്ടത്തിനിടെ എണ്ണ കത്തിയുണ്ടായ കാര്‍ബണ്‍ മോണോകൈ്സഡ് അടങ്ങിയ പുക ശ്വസിച്ചാണ് ഭൂരിഭാഗംപേരും ഗുരുതരനിലയിലായത്. പ്രദേശത്തുനിറഞ്ഞ കറുത്ത പുക രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കി.
വിശാഖപട്ടണം മല്ക്കാപുരത്തുള്ള എണ്ണ ശുദ്ധീകരണശാലയില്‍ വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. അപകടത്തിനിടെ കാണാതായ അഞ്ച് തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിലാണ് തെരച്ചില്‍. നിരവധി അഗ്നിശമനസേന പ്രവര്‍ത്തകര്‍ തീ അണയ്ക്കുന്നതിനായി അപകടസ്ഥലത്ത് എത്തിയിരുന്നു. അപകടമുണ്ടാകാന്‍ കാരണമെന്താണെന്ന് അന്വേഷിക്കുമെന്ന് കമ്മീഷണര്‍ ബി.ശിവദാര്‍ റെഡ്ഡി പറഞ്ഞു.
നിര്‍മാണം നടന്നുകൊണ്ടിരിക്കുകയായിരുന്ന എണ്ണക്കുഴലിലെ കൂളിങ് യന്ത്രത്തിലെ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമുണ്ടായ തകരാറാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: