കൊച്ചി: ഔദ്യോഗിക ഭാഷയുടെ പുരോഗതി വിലയിരുത്താന്‍ കളക്ട്രേറ്റില്‍ തെളിവെടുപ്പിനെത്തിയ നിയമസഭ സമതിക്കുമുമ്പില്‍ എത്തിയത് ജില്ലാതല ഉദ്യോഗസ്ഥരില്‍ ന്യൂനപക്ഷം മാത്രം. കളക്ട്രേറ്റില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഓഫീസുകളിലെ ഭൂരിഭാഗം ഉദ്യോഗസ്ഥരും തങ്ങളുടെ കീഴ്ജീവനക്കാരെയാണ് യോഗത്തിനയച്ചത്. ഇതില്‍ കടുത്ത പ്രതിഷേധം അറിയിച്ച സമിതി ജില്ലയ്ക്കുമാത്രമായി ഒരിക്കല്‍ കൂടി തെളിവെടുപ്പിന് എത്തുമെന്ന് അറിയിച്ചു.
ജില്ല മെഡിക്കല്‍ ഓഫീസര്‍, കെ.എസ്.ഇ.ബി. ഡപ്യൂട്ടി ചീഫ് എഞ്ചിനിയര്‍, ആര്.ടി.ഒ., ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍, ജില്ല സപ്ലൈ ഓഫീസര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, ജില്ല സാമൂഹ്യനീതി ഓഫീസര്‍ തുടങ്ങി നിത്യവും ജനങ്ങളുമായി ബന്ധപ്പെടുന്ന വകുപ്പ് തലവന്മാര് യോഗത്തില്‍ എത്താതെ കീഴ്ജീവനക്കാരെ അയച്ചതില്‍ പാലോട് രവി എം.എല്‍.എ. അധ്യക്ഷനായ സമതി ശക്തമായി പ്രതിഷേധിച്ചു. എത്താതിരുന്നവരുടെ പ്രതിനിധികള്‍ പറഞ്ഞത് ഓഫീസര്‍ വേറെ യോഗത്തില്‍ പങ്കെടുക്കുന്നുവെന്നാണ്. ഇന്നലെ ജില്ലയില്‍ നടന്ന ഔദ്യോഗിക യോഗങ്ങള്‍ ഏതൊക്കെയാണെന്നു പരിശോധിക്കാന്‍ ജില്ല കളക്ടറോട് ആവശ്യപ്പെട്ട സമതി ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് അടിയന്തരമായി ലഭ്യമാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ജില്ല കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം ഇക്കാര്യങ്ങള്‍ ഗൗരവമായി പരിഗണിക്കുമെന്നു പറഞ്ഞ അധ്യക്ഷന്‍ പാവപ്പെട്ടവര്‍ ഇന്നും വാങ്ങുന്ന പല അപേക്ഷഫോമുകളും ഇംഗ്ലീഷിലാണെന്ന് ചൂണ്ടിക്കാട്ടി. ഏതു ഭാഷയും പഠിക്കുന്നതിന് സമതി എതിരല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം സാധാരണക്കാരനെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ മാതൃഭാഷ ഉപയോഗിക്കാത്തത് ശരിയല്ലെന്നും കോടതിയില്‍ പോലും ചോദ്യം ചെയ്യാന്‍ കഴിയാത്തവിധം മലയാളത്തിന്റെ ഉപയോഗം സര്‍ക്കാര്‍ ഓഫീസുകളില്‍ നിര്‍ബന്ധമാക്കും വിധത്തിലുള്ള നിയമഭേദഗതിക്ക് സമതി ശ്രമിക്കുകയാണെന്നും പറഞ്ഞു.
മലയാളത്തിന്റെ വളര്‍ച്ചയ്ക്കായി കഴിഞ്ഞവര്‍ഷം ജില്ലയില്‍ സ്വീകരിച്ച നടപടികള്‍ ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്പരീത് വിശദീകരിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസ്, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എന്നിവയുടെ ആഭിമുഖ്യത്തില്‍ നടത്തിയ വിവിധ പരിപാടികളും നടത്താന്‍ ലക്ഷ്യമിടുന്ന പരിപാടികളും അവതരിപ്പിച്ചു.
എന്നാല്‍ സമതി തെളിവെടുപ്പിനെ ലാഘവബുദ്ധിയോടെ സമീപിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് അഭിപ്രായപ്പെട്ട ഔദ്യോഗിക ഭാഷവകുപ്പ് സെക്രട്ടറി സുരേഷ്കുമാര്‍ ഇനിയൊരിക്കലും ഇതുണ്ടാകരുതെന്ന് താക്കീത് നല്കി. കഴിഞ്ഞവര്‍ഷം വരെ ഔദ്യോഗിക ഭാഷ പുരോഗതിയില്‍ പിന്നാക്കമായിരുന്ന ജില്ല കഴിഞ്ഞവര്‍ഷത്തോടെ സ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ബെന്നി ബഹനാന് എം.എല്‍.എ.യും പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: