പെരുമ്പാവൂര്‍: ഓണം അടുത്തതോടെ ട്രാവന്‍കൂര്‍ റയോണ്‍സിലെ അവശേഷിക്കുന്ന തൊഴിലാളികള്‍ക്ക് പതിനായിരം രൂപ അലവന്‍സ് നല്‍കണമെന്ന് മുഖ്യമന്ത്രിയോട് ശുപാര്‍ശ ചെയ്തതായി കെ.പി. ധനപാലന് എംപി അറിയിച്ചു. ട്രാവന്‍കൂര്‍ റയോണ്‍സില്‍ നിലവിലുള്ള മുഴുവന്‍ തൊഴിലാളികളെയും മുഴുവന്ആനുകൂല്യങ്ങള് നല്കി പിരിച്ചുവിടണമെന്നും മുഖ്യമന്ത്രിക്കയച്ച ഫാക്സ് സന്ദേശത്തിലൂടെ ധനപാലന് ആവശ്യപ്പെട്ടു.
2001 ല്‍ അടച്ചുപൂട്ടിയ ട്രാവന്‍കൂര്‍ റയോണ്‍സില്‍ കാന്റീന്, കരാര്‍ തൊഴിലാളികള്‍ അടക്കം 1600 പേര്‍ക്കാണ് ആനുകൂല്യങ്ങള്‍ നല്‍കേണ്ടത്. ഇവര്‍ക്കെല്ലാം നാമമാത്രമായ ആനുകൂല്യങ്ങളാണ് ഇതുവരെയും നല്‍കിയിട്ടുള്ളത്. അമ്പതോളം കുടുംബങ്ങളാണ് ഇപ്പോഴും റയോണ്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്നത്.
കിന്‍ഫ്ര ഉദ്യോഗസ്ഥനായ കൃഷ്ണകുമാര്‍ ആണ് ഇപ്പോള്‍ റയോണ്‍സിന്റെ ചുമതല വഹിക്കുന്നത്. കിന്‍ഫ്ര ഏറ്റെടുത്തശേഷം കഴിഞ്ഞ ഓണത്തിന് തൊഴിലാളികള്‍ക്ക് 5000 രൂപയുടെ അലവന്‍സ് ലഭിച്ചിരുന്നു. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധിച്ചിരിക്കുന്ന ഈ സാഹചര്യത്തിലാണ് എംപിയുടെ ശുപാര്‍ശ വന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: