ഒരു ലക്ഷം കുഞ്ഞുങ്ങളുടെ ജനനത്തിന് സാക്ഷിയും സഹായിയും ആകുകയെന്ന അപൂര്‍വ്വ ഭാഗ്യത്തിന് ഉടമയാണ് ഡോക്ടര്‍ സീതാ ഭട്ടിജ. അറുപത് വര്‍ഷമായി ആതുരസേവനരംഗത്ത് സജീവമാണ് ഈ 85കാരി. ആകര്‍ഷകമായ വസ്ത്രധാരണരീതിയും ചിരിക്കുന്ന മുഖവും തിളങ്ങുന്ന കണ്ണുകളും ഭട്ടിജയ്ക്ക് നല്‍കുന്നത് ഒരു അറുപത്തിയഞ്ചുകാരിയുടെ പ്രസരിപ്പ്. ഡോക്ടറുടെ വേഷം അഴിച്ചുവച്ച് വിശ്രമജീവിതം നയിക്കാമെന്ന ആഗ്രഹം ഇപ്പോഴും ഭട്ടിജയുടെ സ്വപ്നത്തില്‍പോലുമില്ല.
ആധ്യാത്മികമായ വിശ്വാസങ്ങള്‍ തനിക്കുണ്ടെന്നും എങ്കിലും ഇനിയും ഈ ലോകത്തിലേക്ക് ഒരു തിരിച്ചുവരവുണ്ടാകുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ഡോക്ടര്‍ പറയുന്നു. “പോകുന്നതിന് മുമ്പ് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്തുതീര്‍ക്കണം, അതും ഇന്ന് തന്നെ, നാളെകളില്‍ എനിക്ക് വിശ്വാസമില്ല, ഒരിക്കലും ഖേദിക്കാനിടവരരുത്” അവര്‍ പറയുന്നു.
ബംഗളൂരുവിലെ സെന്റ് മാര്‍ത്താ ആശുപത്രിയിലെ നീണ്ടസേവനത്തിന് ശേഷം അവിടെ ഗൈനക്കോളജി ഡിപ്പാര്‍ട്ട്മെന്റ് ആരംഭിക്കുകയും 40 വര്‍ഷം മുമ്പ് സീതാ ഭട്ടാജി സ്പെഷ്യാലിറ്റി ആശുപത്രിയായി അത് പടുത്തുയര്‍ത്തുകയും ചെയ്തു. സാമ്പത്തികസ്ഥിതി കണക്കിലെടുക്കാതെ എല്ലാവര്ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ലോകനിലവാരത്തിലുള്ള ഒരു സ്ഥാപനമായി ഇന്നത് ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. മാത്രമല്ല ലാഭേച്ഛയില്ലാതെ തന്റെ വരുമാനത്തിന്റെ അമ്പതുശതമാനവും ആതുരസേവനത്തിനായി ഡോക്ടര്‍ മേറ്റെവ്ക്കുന്നു. പണം നല്കുന്നവരെന്നൊ അല്ലാത്തവരെന്നൊ വ്യത്യാസമില്ലാതെയാണ് ചികിത്സ ലഭ്യമാക്കുന്നത്.
രാവിലെ എട്ട് മണിക്ക് തുടങ്ങി വൈകിട്ട് ആറ് മണിക്ക് തീരുന്ന ഡോക്ടറുടെ പ്രവര്‍ത്തന സമയത്തില്‍ രാവിലെ സര്‍ജറികള്‍ നടത്തുകയും അമ്പതോളം രോഗികളെ സന്ദര്‍ശിക്കുകയും ചെയ്യുന്നു. താന്‍ എല്ലായ്പ്പോഴും ആരോഗ്യവതിയാണെന്ന് ഡോക്ടര്‍ പുഞ്ചിരിയോടെ പറയുന്നു, “എന്റെ പ്രായത്തെക്കുറിച്ച് ഞാന്‍ ചിന്തിക്കാറില്ല. അങ്ങനെ ചിന്തിച്ചാല്‍ എനിക്കെവിടെയെങ്കിലും ഇരിക്കേണ്ടി വരും. പക്ഷേ വിശ്രമത്തിലോ അവധിദിനങ്ങളിലോ ഞാന്‍ വിശ്വസിക്കുന്നില്ല”. ഇത്രയും കാലത്തെ സര്‍വീസിനിടയില്‍ രണ്ടു തവണമാത്രമാണ് ഈ ഡോക്ടര്‍ അവധിയെടുത്ത് കുടുംബത്തോടൊപ്പം ചെലവഴിച്ചിട്ടുള്ളത്. അവധിദിനങ്ങള്‍ തനിക്ക് നല്‍കുന്നത് അസ്വസ്ഥതയാണെന്നും ഡോക്ടര്‍ തുറന്നു സമ്മതിക്കുന്നു.
ജോലിയില്‍ മാത്രമാണ് ഡോക്ടര്‍ക്ക് താല്‍പ്പര്യമെന്ന് കരുതേണ്ട. അതിശയിപ്പിക്കുംവിധമുള്ള സ്റ്റാമ്പ് ശേഖരവുമുണ്ട് ഡോക്ടര്‍ ഭട്ടിജയ്ക്ക്. ആഗോള സ്റ്റാമ്പ് ശേഖരണ മത്സരത്തില്‍ നിരവധി ബഹുമതികള്‍ക്ക് അര്‍ഹയുമാണ് ഡോക്ടര്‍ ഭട്ടിജ. അവരുടെ സ്റ്റാമ്പ് ശേഖരണത്തില്‍ വിരളവും വിലപിടിപ്പുള്ളവയും ഉള്‍പ്പെടുന്നു. ഇത്രമാത്രം ജീവിതം ആതുരസേവനത്തിന് സമര്‍പ്പിച്ച ഡോക്ടര്‍ കഴിഞ്ഞ 30 വര്‍ഷമായി പാവപ്പെട്ടവരും ഉപേക്ഷിക്കപ്പെട്ടവരുമായ കുട്ടികള്‍ക്ക് ഭക്ഷണവും വിദ്യാഭ്യാസവും നല്‍കുന്നുണ്ട്. ഇതിനായി സര്‍ക്കാര്‍ സഹായത്തോടെ പദ്മനാഭനഗറില്‍ ഒരു കന്നട മീഡിയം ഹൈസ്കൂളും ഡോക്ടറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരികയാണ്.
സുജ പി.ആര്
പ്രതികരിക്കാൻ ഇവിടെ എഴുതുക: