ദിക്കറിയാതെ പായുന്ന
ഒരു തീവണ്ടിയുണ്ടാകുമോ?
മരങ്ങളും മനുഷ്യരും
മുന്നോട്ടുപായുന്ന കാഴ്ചകള്‍ കാണിച്ച്
കരിമ്പാറകളെ കീറിമുറിച്ച്
നിറുത്താതെ ചൂളംവിളിച്ച്
എങ്ങോട്ടെന്നില്ലാതെയോടുന്ന
ഒരു തീവണ്ടി?
ഇനിയും പണിതിട്ടില്ലാത്ത
സ്റ്റേഷനുകള്‍ പിന്നിട്ട്
അറിയാത്ത ഇരുട്ടിലേക്ക്
ഒറ്റക്കണ്ണു തുറന്ന്
ഇരുണ്ട കാടുകളിലൂടെ വഴികണ്ടുപിടിച്ച്
പുകതുപ്പാതെ പായുന്ന
ഒരു കരിവണ്ടി?
വെള്ളച്ചാട്ടങ്ങളെ തലയിലൊളിപ്പിച്ച്
നദികള്‍ക്കു കുറുകെ
നീര്പ്പക്ഷിയെപ്പോലെ പറന്ന്
ഇനിയും കണ്ടെത്തിയിട്ടില്ലാത്ത
ഒരിടത്തേക്ക് കുതിച്ചുപായുന്ന
ഒരു മായവണ്ടി?
എങ്കില്‍ അതിലാവണം
കനിവോടെ നാടുകടത്തപ്പെടുന്നത്
എങ്ങോട്ടെന്നില്ലാതെ..
എന്തിനെന്നറിയാതെ..
രശ്മി കിട്ടപ്പ
പ്രതികരിക്കാൻ ഇവിടെ എഴുതുക: