ന്യൂദല്‍ഹി: പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ കൂടുതല്‍ ശക്തമാകുന്നു. കല്‍ക്കരി അഴിമതിക്കേസില്‍ ഫയലുകള്‍ കാണാതായ സംഭവം പ്രധാനമന്ത്രിതന്നെ സഭയില്‍ വിശദീകരിക്കുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി രാജീവ് ശുക്ല അറിയിച്ചു. വ്യക്തമായ ഭൂരിപക്ഷമില്ലാത്തതും സര്‍ക്കാര്‍ വിരുദ്ധ വികാരങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിക്കുന്നതും ഇരുസഭകളിലും കേന്ദ്രസര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സ്വപ്ന പദ്ധതിയെന്നു വിശേഷിപ്പിച്ചുകൊണ്ട് അവതരിപ്പിച്ച ഭക്ഷ്യസുരക്ഷാ ബില്ല് പാസാക്കിയെടുക്കാന്‍ യാതൊരു മാര്‍ഗ്ഗവും കാണാതെ മഴക്കാല സമ്മേളനം സപ്തംബര്‍ അഞ്ചുവരെ നീട്ടാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.
കല്‍ക്കരി അഴിമതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ മന്ത്രാലയത്തില്‍ നിന്നും കാണാതായ സംഭവമാണ് പാര്‍ലമെന്റിനെ പ്രക്ഷുബ്ധമാക്കുന്നത്. സംഭവത്തില്‍ പ്രധാനമന്ത്രി നേരിട്ട് സഭയില്‍ ഹാജരായി വിശദീകരണം നല്‍കണമെന്ന് ഇന്നലെയും പ്രതിപക്ഷം ആവശ്യപ്പെട്ടു. തുടര്‍ച്ചയായ ദിവസങ്ങളില്‍ ലോക്സഭ ഇതുമൂലം തടസ്സപ്പെടുകയാണ്. പ്രതിപക്ഷ സമ്മര്‍ദ്ദത്തിനു വഴങ്ങി, പ്രധാനമന്ത്രി വിശദീകരണം നല്‍കുമെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി രാജീവ് ശുക്ല രാജ്യസഭയില്‍ വ്യക്തമാക്കി. പ്രധാനമന്ത്രി വിശദീകരണം നല്‍കേണ്ട കാര്യമില്ലെന്നും പ്രധാനമന്ത്രിക്കല്ല ഫയലുകളുടെ സ്റ്റോര്‍ റൂം സൂക്ഷിപ്പു ചുമതലയെന്നുമായിരുന്നു നേരത്തെ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ പ്രതികരണം.
തെലങ്കാന വിഷയത്തില്‍ 11 എംപിമാരെ സസ്പെന്റ് ചെയ്യാനുള്ള ശ്രമവും പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധത്തെ തുടര്‍ന്ന് ഇന്നലെ വിഫലമായി. ഐക്യആന്ധ്രയ്ക്കുവേണ്ടിയുള്ള പ്രതിഷേധം തുടര്‍ന്ന ഏഴു കോണ്‍ഗ്രസ് എംപിമാരേയും നാലു തെലുങ്കുദേശം പാര്‍ട്ടി എംപിമാരേയും സസ്പെന്റ് ചെയ്യാനുള്ള പ്രമേയവുമായി കമല്‍നാഥാണ് രംഗത്തെത്തിയത്. എന്നാല്‍ ഇതിനെ പ്രതിപക്ഷ നേതാവ് സുഷമാ സ്വരാജ് ലോക്സഭയില്‍ ശക്തമായി എതിര്‍ത്തു. മറ്റു പ്രതിപക്ഷ കക്ഷികളും എതിര്‍പ്പുമായി രംഗത്തെത്തി. ഇതോടെ പ്രതിഷേധക്കാരെ പുറത്താക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമവും പരാജയമായി. സീമാന്ധ്ര,റായ്ലസീമ എന്നിവിടങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ ദിവസങ്ങളായി കേന്ദ്രസര്‍ക്കാരിനെതിരെ സമരത്തിലാണ്.
പാര്‍ലമെന്റ് നടപടിക്രമങ്ങള്‍ക്കു തടസ്സമുണ്ടാക്കുന്നു എന്നു പറഞ്ഞാണ് ഇവരെ സഭയ്ക്ക് പുറത്താക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചതെങ്കിലും ഭക്ഷ്യസുരക്ഷാ ബില്‍ പാസാക്കിയെടുക്കുന്നതിനുള്ള സാഹചര്യമുണ്ടാക്കാനാണ് ലക്ഷ്യമിട്ടതെന്ന് വ്യക്തം. എന്നാല്‍ കല്‍ക്കരി ഫയലുകള്‍ കാണാതായതിനെപ്പറ്റി പ്രധാനമന്ത്രി നേരിട്ടു വിശദീകരണം നല്കിയാല് പ്രതിപക്ഷ പ്രതിഷേധം കുറയുമെന്നിരിക്കെ അധികാരപ്രയോഗം നടത്താനാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നതെന്നാണ് പ്രതിപക്ഷ ആരോപണം. കല്‍ക്കരി പ്രശ്നത്തില്‍ ലോക്സഭ ഇന്നലെ രാവിലെ തന്നെ പിരിഞ്ഞെങ്കിലും രാജ്യസഭയില്‍ നടപടിക്രമങ്ങള്‍ വൈകുന്നേരം വരെ തുടര്‍ന്നു.
ആഗസ്ത് 30 നു തീരേണ്ടിയിരുന്ന പാര്‍ലമെന്റു സമ്മേളനത്തില്‍ 43 ബില്ലുകളാണ് പരിഗണനയ്ക്ക് എത്തേണ്ടിയിരുന്നത്. അതു ലക്ഷ്യം കാണാഞ്ഞതിനാല്‍ ഒരാഴ്ച കൂടി സമ്മേളനകാലാവധി നീട്ടാന്‍ തീരുമാനിക്കുകയായിരുന്നു.
എസ്.സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: