ന്യൂദല്‍ഹി: 2 ജി അഴിമതിക്കേസില്‍ എഡിഎജി ചെയര്മാന് അനില്‍ അംബാനിയെ എതിര് സാക്ഷിയായി സിബിഐ വ്യാഴാഴ്ച പ്രഖ്യാപിച്ചു. ഇന്നലെ രാവിലെ അംബാനി 2 ജി സ്പെക്ട്രം കേസ് വിചാരണ നടക്കുന്ന കോടതിയില്‍ പ്രോസിക്യൂഷന് സാക്ഷിയായി ഹാജരായിരുന്നു. ആര്എഡിഎജിയുടെ സഹായത്തിനായി കമ്പനിയുടെ നിരവധി ബോര്‍ഡ് യോഗങ്ങള്‍ താന്‍ വിളിച്ചു കൂട്ടിയിട്ടില്ലെന്നും അതിന്റെ മിനിട്സുകള്‍ താന്‍ തയ്യാറാക്കിയിട്ടില്ലെന്നും അനില്‍ കോടതിയെ അറിയിച്ചു.
സിബിഐ സാക്ഷിയായി കോടതിയിലെത്തുന്നത് ഒഴിവാക്കാന്‍ അനില്‍ അംബാനി പരമാവധി ശ്രമിച്ചെങ്കിലും സുപ്രീംകോടതി ഇടപെടല്‍ മൂലം വിജയിച്ചില്ല. ഇതാദ്യമായാണ് അനില്‍ അംബാനി സാക്ഷിയായി കോടതിയിലെത്തുന്നത്. 2005-06 കാലത്തു നടന്ന യോഗങ്ങളുടെ മിനിട്സ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ യു.യു. ലളിത് കാണിച്ചപ്പോള്‍ താന്‍ എഎഎ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഓരോ യോഗത്തെക്കുറിച്ചും തനിക്ക് ഓര്‍മയില്ലെന്നായിരുന്നു അംബാനിയുടെ മറുപടി. കേസില്‍ കോടതി അനിലിനും ടീനാ അംബാനിക്കും സമന്‍സ് അയച്ചിരുന്നു.
താന്‍ ഒരുപാട് യോഗങ്ങളില്‍ പങ്കെടുക്കാറുള്ളതിനാല് എല്ലാ ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ല. രേഖകളിലൂടെ കടന്നുപോകാറാണ് പതിവെന്നും സ്പെഷ്യല്‍ സിബിഐ ജഡ്ജി ഒ.പി. സാഹ്നിക്കു മുമ്പാകെ അദ്ദേഹം പറഞ്ഞു. ഏതൊക്കെ യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ലെന്ന ഓര്‍ക്കാന്‍ സാക്ഷിക്ക് കഴിയുന്നില്ലെങ്കിലും രേഖകള്‍ തെറ്റു പറയില്ലെന്ന് ജഡ്ജി അംബാനിയോട് പറഞ്ഞു. നിങ്ങള്‍ വ്യാജ രേഖകള്‍ ചമച്ചിട്ടില്ല. നിങ്ങളുടെ രേഖകള്‍ സത്യമായിരിക്കില്ലേയെന്നും അംബാനിയോട് ജഡ്ജി ചോദിച്ചു. ഈ ചോദ്യത്തിന് രേഖകള്‍ സത്യമാണെന്നായിരുന്നു അംബാനിയുടെ മറുപടി.
ഇക്കാര്യത്തില്‍ തനിക്ക് അല്പം വിശദീകരിക്കാനുണ്ട്. തനിക്ക് എല്ലാം ഓര്‍ത്തെടുക്കാനാകില്ല എന്നത് ഒന്നാമത്തേത്. രണ്ടാമത്തേത് യോഗത്തിന്റെ മിനിട്സ് രേഖപ്പെടുത്തുന്നത് താനല്ല. അത് തയ്യാറാക്കുന്നത് സഹായികളാണ്. താനത് ഓര്‍ക്കാറുമില്ല, തയ്യാറാക്കാറുമില്ല, അംബാനി വ്യക്തമാക്കി. തെളിവെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ ലളിത് അംബാനിയോട് ബോര്‍ഡ് യോഗങ്ങളെക്കുറിച്ച് ചോദിച്ചു. അംബാനിക്ക് നേരെയുള്ള പ്രോസിക്യൂഷന് വിചാരണ തുടരും.
അനില്‍ അംബാനിയും ഭാര്യ ടീന അംബാനിയും സാക്ഷിപ്പട്ടികയില്‍ ഇടം നേടിയത് ഇവരെ വിസ്തരിക്കുന്നതിലൂടെ 990 കോടിയിലധികം രൂപയുടെ അഴിമതിയിലേക്ക് വെളിച്ചം വീശാനുതകുന്ന തെളിവുകള്‍ ലഭിക്കുമെന്ന് സിബിഐ തിരിച്ചറിഞ്ഞതുകൊണ്ടാണ്. സ്വാന് ടെലികോമിലെ ഒരുകൂട്ടം കമ്പനികള്‍ ഇദ്ദേഹത്തിന്റെതാണ്. പ്രത്യേക കോടതി ജൂലൈ 19നാണ് സിബിഐയുടെ അഭ്യര്‍ഥന പ്രകാരം അനില്‍, ടീന എന്നിവരെക്കൂടാതെ മറ്റ് 11 പേര്‍ക്കും പ്രോസിക്യൂഷന് സാക്ഷികളായി കേസില്‍ വിധി പറയുന്നതിന് തൊട്ടു മുമ്പ് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: