അങ്കമാലി: അങ്കമാലി ബ്ലോക്കിനു കീഴിലെ ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും സംയുകതമായി ഏര്‍പ്പെടുത്തിയ കര്‍ഷക അവാര്‍ഡുകള്‍ വിതരണം ചെയ്തു. പഞ്ചായത്തിലെ കാര്‍ഷിക മേഖലയുടെ ഫലപ്രദമായ വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും യുവതലമുറയെ കാര്‍ഷിക മേഖലയിലേക്കു ആകര്‍ഷിക്കുന്നതിനും നിലവില്‍ കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പ്രോത്സാഹനം പകരുന്നതിനുമായി ഒന്‍പതു വിഭാഗങ്ങളിലായാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്.
കാര്‍ഷിക രംഗത്തെ വിവിധ വിഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എട്ട് മികച്ച കര്‍ഷകര്‍ക്കും ഒരു മികച്ച വിദ്യാര്‍ത്ഥി കര്‍ഷകനുമാണ് അവാര്‍ഡ് നല്‍കിയത്. മികച്ച നെല്ല് കര്‍ഷകനായി മുഹമ്മദലിയും, മികച്ച വാഴ കര്‍ഷകനായി പൗലോസും, മികച്ച പട്ടികജാതി കര്‍ഷകനായി കുട്ടികുട്ടപ്പനും, മികച്ച വനിത കര്‍ഷകയായി സോളി ജോസും, മികച്ച ക്ഷീര കര്‍ഷകനായി കുഞ്ഞ് മുഹമ്മദും, മികച്ച പച്ചക്കറി കര്‍ഷകനായി ഗോപിയും മികച്ച സമ്മിശ്ര കര്‍ഷകനായി വറീദും, മികച്ച യുവ കര്‍ഷകനായി ആന്റണിയും, മികച്ച വിദ്യാര്‍ത്ഥി കര്‍ഷകനായി നിയാസും തിരഞ്ഞെടുക്കപ്പെട്ടു.
അവാര്‍ഡ് ദാനത്തോടനുബന്ധിച്ച് കാലവസ്ത വ്യതിയാനം, കാര്‍ഷിക മേഖല നേരിടുന്ന വെല്ലുവിളികള്‍, ജാതി കൃഷി എന്നീ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിച്ചു. സില്ബ്ജി കാനത്തില്‍ സെമിനാറിന് നേതൃത്വം നല്കി.
രാസവളങ്ങളുടെയും കീടനാശിനികളുടെയും അടിക്കടിയുണ്ടാകുന്ന വിലക്കയറ്റവും തൊഴിലാളികളുടെ ലഭ്യതകുറവും അമിതമായ കൂലി വര്‍ദ്ധനവും ഉല്‍പ്പന്നങ്ങളുടെ വിലക്കുറവും കാര്‍ഷികവൃദ്ധി ലാഭകരമല്ലാത്ത അവസ്ഥയിലെത്തിക്കുകയും കര്‍ഷകര്‍ മറ്റ് മേഖലകള്‍ തേടി പോകേണ്ട അവസ്ഥയാണ് ഇന്ന് കേരളത്തില്‍ പൊതുവേ കാണാന്‍ കഴിയുന്നത്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകുവാനും നിലവില്‍ കാര്‍ഷിക വൃദ്ധിയിലേര്പ്പെട്ടിരിക്കുന്നവര്ക്ക് പ്രോത്സാഹനവും പ്രജോദനവും പ്രധാനം ചെയ്യുന്നതിനാണ് ഇത്തരത്തില്‍ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നതെന്ന് ശ്രീമൂലനഗരം പഞ്ചായത്ത് പ്രസിഡന്റ് കെ.സി.മാര്ട്ടിന് പറഞ്ഞു.
അവാര്‍ഡ് ദാന സമ്മേളനം അന്‍വര്‍ സാദത്ത് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ശ്രീമൂലനഗരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.സി.മാര്ട്ടിന് ചടങ്ങില്‍ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം എം.ജെ.ജോമി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമി പാപ്പച്ചന്, വികസന സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ സിജ ഹരിദാസ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് കെ.കെ. അനൂപ് തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: