പാട്ന: ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ഇരട്ടത്താപ്പ് പുറത്തായി. നിയന്ത്രണ രേഖയ്ക്കടുത്തുവച്ച് പാക്കിസ്ഥാന് സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ജവാന്മാരെ പരിഹസിച്ചതിന്റെ ബീഹാര്‍ നിയമസഭയിലെ രണ്ടംഗങ്ങള്‍ക്കെതിരെ നല്‍കിയിരുന്ന നോട്ടീസാണ് നിതീഷ് പിന്‍വലിച്ചത്. സംഭവം രാജ്യവ്യാപക പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.
ആള്ക്കാര് സൈന്യത്തില്‍ ചേരുന്നത് മരിക്കാനാണെന്ന ആക്ഷേപമാണ് ജെഡിയു നേതാക്കള്‍ ബലിദാനികളായ ജവാന്മാരെക്കുറിച്ച് ഉന്നയിച്ചത്. പാര്‍ട്ടി അധ്യക്ഷന്‍ ശരത് യാദവ് ബീഹാറിലെ മന്ത്രിയായ ഭീം സിംഗ്, എംഎല്‍എ നരേന്ദ്ര സിംഗ് എന്നിവര്‍ക്ക് ആഗസ്റ്റ് 11ന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇരുവരുടെയും പ്രസ്താവന പാര്‍ട്ടിയുടെ നയത്തിനും ആദര്‍ശത്തിനും നിയമത്തിനും എതിരാണെന്നും ശരത് യാദവ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ രണ്ടുപേരും സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചതായി യാദവ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഇന്ത്യന്‍ സൈനികരെ ആക്രമിച്ചത് ഭീകരരാണെന്നും പാക് സൈന്യത്തിന് പങ്കില്ലെന്നുമുള്ള പ്രതിരോധമന്ത്രി എ.കെ. ആന്റണിയുടെ ആദ്യ പ്രസ്താവനയെ അടിസ്ഥാനമാക്കിയാണ് താന്‍ പ്രസ്താവന നടത്തിയതെന്നാണ് നരേന്ദ്ര സിംഗ് വിശദീകരണത്തില്‍ നല്‍കിയിരിക്കുന്ന മറുപടി. എന്നാല്‍ പാക് സൈന്യത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള പ്രതിരോധമന്ത്രിയുടെ രണ്ടാമത്തെ പ്രസ്താവന തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഇതിലുണ്ടായ തന്റെ അജ്ഞതയില്‍ പശ്ചാത്തപിക്കുന്നു. ഇന്ത്യയിലെ ജനങ്ങളുടെ അഭിമാനത്തിന് മുറിവേല്‍പ്പിക്കും വിധം പ്രസ്താവന നടത്തുക വഴി പാര്‍ട്ടിയുടെ പ്രതിച്ഛായയ്ക്ക് മോശം വരുത്തിയതില്‍ താന്‍ ദുഃഖിക്കുന്നെന്നും സിംഗ് പറയുന്നു.
താന്‍ ഏതു സാഹചര്യത്തിലാണ് അങ്ങനെ പ്രസ്താവിച്ചതെന്നും പശ്ചാത്താപമുണ്ടെന്നും മറ്റൊരു കത്തില്‍ ഭീംസിംഗ് വ്യക്തമാക്കി. പൂഞ്ച് ജില്ലയിലെ നിയന്ത്രണ രേഖയില്‍ അഞ്ച് ജവാന്മാരെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദി പാക്കിസ്ഥാനാണെന്ന് തനിക്കറിയില്ലെന്നാണ് സിംഗ് വിശദീകരിക്കുന്നത്. എന്നാല്‍ പോലീസുകാരും സൈനികരും ദേശത്തിന് വേണ്ടി സ്വയം ബലിയര്‍പ്പിക്കാന്‍ നിയോഗിക്കപ്പെട്ടവരാണെന്നായിരുന്നു ഭീംസിംഗിന്റെ വിശദീകരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: