വാഷിംഗ്ടണ്‍: പാക്കിസ്ഥാനില്‍ മദ്രസയുടെ മറവില്‍ നടക്കുന്നത് ഭീകര പ്രവര്‍ത്തനങ്ങളാണെന്ന് യുഎസും ഒടുവില്‍ സമ്മതിക്കുന്നു. ലഷ്കര്‍ ഇ തൊയ്ബ, അല്‍-ഖ്വയ്ദ, താലിബാന് തുടങ്ങി മൂന്ന് ഭീകര സംഘടനകളുടെ പിന്‍ബലത്തോടെയാണ് പാക്കിസ്ഥാനിലെ പെഷവാറില്‍ സ്ഥിതിചെയ്യുന്ന ഗഞ്ച് മദ്രസ പ്രവര്‍ത്തിക്കുന്നതെന്ന് യുഎസ് ട്രഷറിയാണ് വ്യക്തമാക്കിയിരിക്കുന്നത്. ജൈമ തലീം ഉല് ഖുറാന് വല്‍ ഹദിത് മദ്രസ എന്നാണ് ഗഞ്ചിന്റെ ഔദ്യോഗിക പേര്. ഈ മദ്രസയുമായി സാമ്പത്തിക ഇടപാടുകളില്‍ നിന്നും അമേരിക്കക്കാരെ വിലക്കുന്നതിന്റെ ഭാഗമായി മദ്രസയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇത്തരത്തില്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തുന്ന ആദ്യ സെമിനാരിയാണിത്.
അല്‍ ഖ്വയ്ദയും താലിബാനും ലഷ്കറും ഭീകര പരിശീലന കേന്ദ്രമായും റിക്ക്രൂട്ടിംഗ് താവളമായും ഉപയോഗിക്കുന്നത് ഗഞ്ച് മദ്രസയാണെന്നും യുഎസ് ട്രഷറി പറയുന്നു. ഈ മൂന്ന് സംഘടനകള്‍ക്കും വേണ്ടി ഫണ്ട് ശേഖരണത്തിനായി സൗകര്യം ചെയ്യുന്നതും ഈ മദ്രസയാണ്.
മതപഠനത്തിനായി എത്തുന്ന വിദ്യാര്‍ത്ഥികളെ ഭീകര സംഘടനകള്‍ക്കുവേണ്ടി ബോംബ് നിര്‍മാതാക്കളും ചാവേറുകളുമാക്കി മാറ്റുകയാണെന്നും ട്രഷറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഫസീല്‍ എ തുല് ഷെയ്ഖ് അബു മുഹമ്മദ് അമീന് അല്‍ പെഷവാരി(ഷെയ്ഖ് അമീനുള്ള)യാണ് ഗഞ്ച് മദ്രസയുടെ തലവന്‍. ഇയാള്‍ക്ക് താലിബാനും ലഷ്കര്‍ ഇ തൊയ്ബയുമായും അടുത്ത ബന്ധമാണുള്ളത്. സെമിനാരിയ്ക്ക് വേണ്ടി നല്കുന്ന സംഭാവനകള്‍ താലിബാന് പോലുള്ള ഭീകര സംഘടനകള്‍ക്ക് കൈമാറുന്നതിന് അമീനുള്ള നിര്‍ദ്ദേശം നല്‍കിയിരുന്നതായും യുഎസ് ട്രഷറി പറയുന്നു. അഫ്ഗാനിസ്ഥാനിലെ താലിബാന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഈ തുക ഉപയോഗിക്കുന്നത്.
ഗഞ്ച് മദ്രസയില്‍ വച്ച് ഈ വര്‍ഷം ലഷ്കറിന് വേണ്ടി അമീനുള്ള കുട്ടികളെ റിക്രൂട്ട് ചെയ്തതായും 2012 ല്‍ അല്‍-ഖ്വയ്ദ പ്രവര്‍ത്തകര്‍ക്ക് മദ്രസയില്‍ താമസിക്കുന്നതിന് സൗകര്യം ചെയ്തുകൊടുത്തതായും യുഎസ് ട്രഷറി വ്യക്തമാക്കുന്നു.
ചാരിറ്റബിള്‍ സംഘടനകള്‍ക്ക് വേണ്ടി നല്കുന്ന സംഭാവനകള്‍ വിവിധ ഭീകര സംഘടനകള്‍ക്ക് നല്‍കുകയാണെന്ന് ടെററിസം ആന്റ് ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് അണ്ടര്‍ സെക്രട്ടറി ഡേവിഡ് എസ്. കൊഹെന്‍ പറയുന്നു. സഖ്യസേനയ്ക്കും സാധാരണക്കാര്‍ക്കും നേരെയാണ് ഇവര്‍ അതിക്രമണം നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: