കൊച്ചി: സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ കൂട്ടായ്മയ്ക്ക് രൂപം നല്‍കുമെന്ന് ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് പറഞ്ഞു. സ്ഥാപനങ്ങളുടെ നിലവിലുള്ള പ്രവര്‍ത്തനരീതികളും, പ്രശ്നങ്ങളും അടങ്ങുന്ന വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
കുടുംബശ്രീ ആരംഭിക്കുന്ന സ്നേഹിത ജെന്‍ഡര്‍ ഹെല്‍പ്പ് ഡെസ്ക്കിന്റെ ആലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാക്കനാട് കുന്നുംപുറം റോഡില്‍ ജില്ലാ വ്യവസായ കേന്ദ്രത്തിനടുത്താണ് സ്നേഹിത പ്രവര്‍ത്തനം ആരംഭിക്കുന്നത്. അതിക്രമങ്ങള്‍ക്കിരയാകുന്ന സ്ത്രീകള്‍ക്കും 18 വയസ്സില്‍ താഴെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹെല്‍പ്പ് ഡെസ്ക്കിന്റെ സഹായം ലഭ്യമാകും. ആക്രമണത്തിന് വിധേയരാകുന്ന സ്ത്രീകളുടെയും കുട്ടികളുടേയും പുനരധിവാസത്തിനും, ഉപജീവനത്തിനും, അതിജീവനത്തിനും ആവശ്യമായ മാനസിക പിന്തുണയും നിയമ പരിരക്ഷയും, വൈദ്യ സഹായവും വിവിധ സര്‍ക്കാര്‍ സര്‍ക്കാരേതര സ്ഥാപനങ്ങളുടെ സഹകരണത്തോടെ ലഭ്യമാക്കും.
പരിശീലന കളരികളും, ബോധവത്കരണ ക്ലാസുകളും, കൗണ്‍സിലിംഗ് സഹായവും ഈ കേന്ദ്രത്തിലൂടെ ലഭ്യമാകും. മറ്റ് സ്ഥലങ്ങളില്‍ നിന്ന് യാത്ര ചെയ്ത് വരുന്ന സ്ത്രീകള്‍ക്ക് ആവശ്യമായ സഹായങ്ങളും കേന്ദ്രത്തിലൂടെ ലഭ്യമാകും. കുടുംബശ്രീ പ്രവര്‍ത്തകരിലൂടെ സമൂഹത്തിന്റെ താഴെത്തട്ടില്‍ അതിക്രമങ്ങള്ക്കിരയാകുകയും ഒറ്റപ്പെട്ട് ജീവിക്കുകയും ചെയ്യുന്നവരെ കണ്ടെത്തി സംരക്ഷിക്കാനുള്ള സംരംഭം കൂടിയാണ് സ്നേഹിത.
പദ്ധതിയുടെ ഔദ്യാഗിക ഉദ്ഘാടനം 23ന് വൈകിട്ട് മൂന്നിന് ജില്ല പഞ്ചായത്ത് ഹാളില്‍ മന്ത്രി ഡോ.എം.കെ മുനീര്‍ നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: