ന്യൂദല്‍ഹി: ഇന്ത്യന്‍ മൊബെയില്‍ ഫോണ്‍ ഹാന്റ് സെറ്റ് വിപണിയില്‍ സാംസങ്ങിന് ആധിപത്യം. നോക്കിയയെ പിന്തള്ളിയാണ് സാംസങ്ങ് ഒന്നാമതെത്തിയത്. ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തില്‍ 14.7 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2013 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ മൊബെയില്‍ ഹാന്റ്സെറ്റ് വ്യവസായം 35,946 കോടി രൂപയുടെ വരുമാനമാണ് നേടിയത്. തൊട്ടുമുന്‍വര്‍ഷമിത് 31,330 കോടി രൂപയായിരുന്നുവെന്ന് വോയ്സ് ആന്റ് ഡാറ്റയുടെ സര്‍വെയില്‍ പറയുന്നു.
സാംസങ്ങ് ഹാന്റ് സെറ്റുകളുടെ വില നിലവാരം 1,500 നും 50,000 ത്തിനും ഇടയിലാണെന്നതും വ്യത്യസ്ത സ്ക്രീന്‍ സൈസുകളില്‍ ലഭ്യമാകുമെന്നതുമാണ് ഉപഭോക്താക്കളുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ കാരണമെന്ന് വോയ്സ് ആന്റ് ഡാറ്റ പറയുന്നു. ഉത്പന്നത്തിന്റെ ഗുണമേന്മ, പുതിയ സവിശേഷതകള്‍ എന്നിവയ്ക്ക് പുറമെയാണിത്.
വര്‍ഷങ്ങളായി നോക്കിയ നിലനിര്‍ത്തിയിരുന്ന സ്ഥാനമാണ് ഇപ്പോള്‍ സാംസങ്ങ് സ്വന്തമാക്കിയിരിക്കുന്നത്. നോക്കിയ അവതരിപ്പിച്ച സ്മാര്‍ട്ട് ഫോണുകള്‍ വിജയം കാണാതെ പോയതാണ് നോക്കിയക്ക് തിരിച്ചടിയായത്. നോക്കിയയുടെ ലാഭം 18 ശതമാനം ഇടിഞ്ഞ് 9,780 കോടിയില്‍ എത്തി. സാംസങ്ങ്, നോക്കിയ എന്നിവയ്ക്ക് പിന്നാലെ മൈക്രോമാക്സ് ഇന്‍ഫോമാറ്റിക്സ്, കാര്‍ബണ്‍ മൊബെയില്‍സ്, ആപ്പിള്‍ എന്നീ കമ്പനികളാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: