ഓവല്‍: ആഷസ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ ഭേദപ്പെട്ട നിലയില്‍. ഷെയ്ന് വാട്സന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഓസ്ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തിട്ടുണ്ട്. 104 റണ്‍സുമായി വാട്സണും എട്ട് റണ്‍സെടുത്ത് സ്റ്റീഫന്‍ സ്മിത്തുമാണ് ക്രീസില്‍. ഓസ്ട്രേലിയക്ക് വേണ്ടി ഫള്‍ക്നറും ഇംഗ്ലണ്ടിന് വേണ്ടി കെറിഗനും വോക്സും അരങ്ങേറ്റം കുറിച്ചു.
ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. എന്നാല്‍ ഇത്തവണയും മികച്ച തുടക്കം ലഭിച്ചില്ല. സ്കോര്‍ബോര്‍ഡില്‍ വെറും 11 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണറായ ഡേവിഡ് വാര്‍ണര്‍ മടങ്ങി. 6 റണ്‍സെടുത്ത വാര്‍ണറെ ആന്‍ഡേഴ്സന്റെ പന്തില്‍ മാറ്റ് പ്രയര്‍ പിടികൂടി. തുടര്‍ന്നെത്തിയ ഷെയ്ന് വാട്സണ് തുടക്കം മുതല്ക്കേ ആക്രമണാത്മക ശൈലിയാണ് സ്വീകരിച്ചത്. ഇംഗ്ലീഷ് ബൗളര്‍മാരെ വാട്സണ് കണക്കറ്റ് പ്രഹരിച്ചതോടെ സ്കോര്‍ ഏകദിനത്തിലെന്നപോലെ ഉയര്‍ന്നു. ഒടുവില്‍ സ്കോര്‍ 118-ല്‍ എത്തിയപ്പോഴാണ് റോജേഴ്സും വാട്സണും ചേര്‍ന്നുള്ള രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പിരിഞ്ഞത്. 107 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയത്. ഇതില്‍ 23 റണ്‍സ് മാത്രമായിരുന്നു റോജേഴ്സിന്റെ സംഭാവന. റോജേഴ്സിനെ സ്വാനിന്റെ പന്തില്‍ ട്രോട്ട് പിടികൂടി. തുടര്‍ന്നെത്തിയ ക്യാപ്റ്റന്‍ ക്ലാര്‍ക്കിന് ഇത്തവണ തിളങ്ങാനായില്ല. സ്കോര്‍ 144-ല്‍ എത്തിയപ്പോള്‍ 7 റണ്‍സെടുത്ത ക്ലാര്‍ക്കിനെ ആന്ഡേഴ്സണ് ബൗള്‍ഡാക്കി. അധികം വൈകാതെ വാട്സണ് സെഞ്ച്വറി പൂര്‍ത്തിയാക്കി. 114 പന്തുകളില്‍ നിന്ന് 16 ബൗണ്ടറികളും ഒരു സിക്സറുമടങ്ങുന്നതാണ് വാട്സന്റെ സെഞ്ച്വറി. ഓസ്ട്രേലിയക്ക് വേണ്ടി വാട്സണ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: