ന്യൂദല്‍ഹി: തെലങ്കാന സംസ്ഥാന രൂപീകരണത്തിലൂടെ സംഭവിച്ചത് റായലസീമ, ആന്ധ്രമേഖലകള് സോണിയ ഗാന്ധിക്കെതിരെ ശക്തമായി നിലകൊള്ളുമെന്ന് വിജയവാഡയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ലഗഡപതി രാജഗോപാല്‍. കഴിഞ്ഞയാഴ്ച തെലുങ്കു ടിവി ചാനലില്‍ നടന്ന ചര്‍ച്ചയിലാണ് രാജഗോപാല്‍ തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറഞ്ഞത്.
ഹൈദരാബാദിനെ തലസ്ഥാനമാക്കി നിലനിര്‍ത്താനാണ് തെലങ്കാനക്കാരുടെ ശ്രമം. ബാക്കിയുള്ള ആന്ധ്രാപ്രദേശിന് ഇനി പുതിയ തലസ്ഥാനം കണ്ടെത്തി നിര്‍മിച്ചെടുക്കണം. അതാകട്ടെ ഹൈദരാബാദിന് തുല്യവുമായിരിക്കണം. അതിനാല്‍ തന്നെ തെലങ്കാനയ്ക്ക് എല്ലായ്പ്പോഴും സംസ്ഥാന വിഭജനം കൊണ്ട് മേല്‍ക്കൈ ഉണ്ടായിരിക്കും. പ്രകൃതിവിഭവങ്ങള്‍, നദീജലം ഉള്‍പ്പെടെയുള്ളവ പങ്കുവയ്ക്കുന്നതില്‍ ആന്ധ്രാപ്രദേശ് കടുത്ത അവഗണന നേരിടുമെന്നുറപ്പാണ്. സാങ്കേതികമായി പറഞ്ഞാല്‍ ഒരു പുതിയ സംസ്ഥാനം രൂപീകരിച്ചു. എന്നാല്‍ അത് തെലങ്കാനയല്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
സോണിയയുടെ തീരുമാനത്തിനെതിരെ കഴിഞ്ഞ 20 ദിവസമായി റായലസീമ, ആന്ധ്ര മേഖലകളില്‍ നിന്നും ശക്തമായ എതിര്‍പ്പാണ് ഉയരുന്നത്. ഇത്രയും ദിവസങ്ങളായി ഈ പ്രദേശങ്ങള്‍ നീറിപ്പുകയുന്നു. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് വാസ്തവത്തില്‍ ദേശീയ മാധ്യമങ്ങളൊന്നും തന്നെ ശ്രദ്ധിക്കുന്നില്ല.
ഹൈദരാബാദ് തങ്ങള്‍ക്ക് മാത്രമുള്ളതാണെന്ന മുദ്രാവാക്യം ടിആര്‍എസ് ഉയര്‍ത്തിക്കഴിഞ്ഞു. അതായത് ഹൈദരാബാദിന് മേല്‍ കേന്ദ്രസര്‍ക്കാരിന് യാതൊരു നിയന്ത്രണവും ഉണ്ടായിരിക്കില്ലെന്നാണ് ഇതിന്റെ അര്‍ഥം. ക്രമസമാധാന നില കൈകാര്യം ചെയ്യുന്നത് തെലങ്കാന സര്‍ക്കാരായിരിക്കും. അതായത് പൊതുതലസ്ഥാനമായോ കേന്ദ്രഭരണ പ്രദേശമായോ ഹൈദരാബാദിനെ ഉപയോഗിക്കാന്‍ അവര്‍ സമ്മതിക്കില്ലെന്നര്ഥം. കുറച്ചു കാലത്തേക്ക് ആന്ധ്രാ സര്‍ക്കാരിന് അവരുടെ ഓഫീസ് ഹൈദരാബാദില്‍ പ്രവര്‍ത്തിപ്പിക്കാം. ഈ സന്ദേശമാണ് ടിആര്‍എസ് എല്ലായിടത്തും പ്രചരിപ്പിക്കുന്നത്. ഹൈദരാബാദിനെ കേന്ദ്രഭരണ പ്രദേശമാക്കുന്നതിനും ക്രമസമാധാന നില കേന്ദ്രം കൈകാര്യം ചെയ്യുന്നതിലും ടിആര്‍എസിനെ പോലെ എംഐഎം പാര്‍ട്ടിയും കഠിനമായി എതിര്‍ക്കുന്നു.
പത്ത് ജില്ലകള്‍ ചേര്‍ത്ത് തെലങ്കാന രൂപീകരിക്കാനുള്ള ശ്രമത്തിന് വേഗം പകരണമെന്നാവശ്യപ്പെട്ട് തെലങ്കാന ജോയിന്റ് ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചു കഴിഞ്ഞു. സീമാന്ധ്രയില്‍ നിന്നുള്ളവര്‍ക്ക് ഹൈദരാബാദില്‍ താമസിക്കാം. എന്നാല്‍ അവര്‍ക്ക് സര്‍ക്കാരുദ്യോഗം ലഭിക്കില്ലെന്ന് രാജ്യസഭയിലെ കോണ്‍ഗ്രസ് എംപി കൂടിയായ വി. ഹനുമന്ത് റാവു തിരുമലയില്‍ പ്രസ്താവിച്ചിരുന്നു. ഇത് അവിടെ വലിയ സംഘര്‍ഷത്തിന് കാരണമായി. റാവുവിന്റെ കാര്‍ ഒരു വലിയ ജനക്കൂട്ടം ആക്രമിച്ച് തകര്‍ത്തു.
സംസ്ഥാന സര്‍ക്കാരിലെ ഏതാണ്ട് നാലര ലക്ഷം ജീവനക്കാര്‍ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ അനിശ്ചിതകാല സമരത്തിലാണ്. തന്മൂലം ഇവിടെ പൊതുജനജീവിതം സ്തംഭിച്ചിരിക്കുന്ന വാസ്തവം ദേശീയ മാധ്യമങ്ങള്‍ കണ്ടഭാവം നടിച്ചിട്ടില്ല. പ്രദേശത്ത് നിന്നുള്ള എല്ലാ ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും സ്ഥാനം രാജിവയ്ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. അവസാനത്തെ ആള് രാജി വയ്ക്കും വരെ സമരം തുടരുമത്രെ. നിലവിലെ സ്ഥിതി തുടരണമെന്നാവശ്യപ്പെട്ട് വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷ വിജയമ്മ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം ആരംഭിക്കാന്‍ പോകുന്നു. പ്രതിപക്ഷ പാര്‍ട്ടികളിലെ നിരവധി എംഎല്‍എമാരും ഈ വഴി പിന്തുടരുമെന്നാണ് അറിയുന്നത്.
മുഖ്യമന്ത്രിയുടെ വസതിയില്‍ കഴിഞ്ഞയാഴ്ച ഏതാണ്ട് 60 പ്രതിനിധികള്‍ പങ്കെടുത്ത യോഗം നടന്നു. യോഗം അഞ്ച് മണിക്കൂര്‍ നീണ്ടു. ആന്റണി കമ്മറ്റിയെ 20നന്നേരില് കണ്ട് ഒരുതരത്തിലുള്ള വിഭജനവും അംഗീകരിക്കില്ലെന്ന് വ്യക്തമാക്കാനാണ് അവര്‍ തീരുമാനിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി തീരുമാനത്തിനെതിരെ മുഖ്യമന്ത്രിയുടെയും പിസിസി അധ്യക്ഷന്റെയും നേതൃത്വത്തില്‍ തയ്യാറാക്കിയ പ്രമേയവും അവര്‍ സോണിയാ ഗാന്ധിക്ക് നല്‍കും.
ആഗസ്റ്റ് 22 മുതല്‍ പണിമുടക്കുമെന്നറിയിച്ച് 30 അധ്യാപകസംഘടനകള്‍ നോട്ടീസ് നല്കി. അതോടെ കോളേജുകളും സ്കൂളുകളും നിശ്ചലമാകുമെന്ന് ഉറപ്പാണ്. കഴിഞ്ഞ 400 മണിക്കൂറായി ആന്ധ്ര എരിയുന്നത് കൂടിയതല്ലാതെ കുറഞ്ഞിട്ടില്ലെന്നതും സത്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: